ഗുരുതര വെളിപ്പെടുത്തലുകളുള്ള മെമ്മറി കാർഡാണ് നഷ്ടപ്പെട്ടെന്ന് പറയുന്നത്; വിശ്വസിക്കാനാവില്ല: നടി പ്രിയങ്ക

'എന്തിനാണ് രഹസ്യമായി സംസാരിക്കുമ്പോള്‍ ക്യാമറ എന്ന് ചോദിച്ചപ്പോള്‍ ഒരു തെളിവിന് വേണ്ടിയാണ് എന്നായിരുന്നു മറുപടി'

dot image

കൊച്ചി: സിനിമാപ്രവര്‍ത്തകരുടെ സംഘടനയായ എ.എം.എം.എയിലെ മെമ്മറി കാര്‍ഡ് വിവാദത്തില്‍ പ്രതികരണവുമായി നടി പ്രിയങ്ക. സിനിമാ മേഖലയില്‍ നിന്നുണ്ടായ ദുരനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ കുക്കു പരമേശ്വരനാണ് തന്നെ വിളിച്ചതെന്നും അവിടെ എത്തിയപ്പോള്‍ ക്യാമറ കണ്ടിരുന്നെന്നും പ്രിയങ്ക പറഞ്ഞു.

'കുക്കുവാണ് എന്നെ വിളിച്ചത്. മീ ടു പോലുളള സംഭവങ്ങള്‍ കൂടിക്കൂടി വരികയാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സ്ത്രീകള്‍ തന്നെ ശക്തമായി രംഗത്തുവരണം എന്ന് എന്നോട് പറഞ്ഞു. അങ്ങനെയാണ് അവിടെ അവര്‍ക്കൊപ്പം പോയത്. സിനിമാ മേഖലയിലെ നിരവധി സ്ത്രീകള്‍ അന്ന് എത്തിയിരുന്നു. അപ്പോഴാണ് ക്യാമറ ശ്രദ്ധയില്‍പ്പെട്ടത്. എന്തിനാണ് രഹസ്യമായി സംസാരിക്കുമ്പോള്‍ ക്യാമറ എന്ന് ചോദിച്ചപ്പോള്‍ ഒരു തെളിവിന് വേണ്ടിയാണ് എന്നായിരുന്നു മറുപടി. ആദ്യമേ ഞങ്ങളെല്ലാവരുടെയും മൊബൈല്‍ ഫോണുകള്‍ മാറ്റിവെച്ചിരുന്നു. അവിടെ ഓരോരുത്തരും പറഞ്ഞ ദുരനുഭവങ്ങള്‍ ഞങ്ങള്‍ വിശ്വസിച്ചു. എല്ലാവരും ദുരനുഭവങ്ങള്‍ തുറന്നുപറയുകയായിരുന്നു. എന്നാല്‍ ആ യോഗത്തില്‍ ഒരാള്‍ പറഞ്ഞ കാര്യം അടുത്തിടെ ലീക്കായി. അതെങ്ങനെ സംഭവിച്ചു? ആ ഹാര്‍ഡ് ഡിസ്‌ക് നമുക്ക് കിട്ടണം'- പ്രിയങ്ക പറഞ്ഞു.

തെരഞ്ഞെടുപ്പ് നടക്കുന്നത് എ.എം.എം.എയ്ക്ക് അകത്തുളള അംഗങ്ങള്‍ തമ്മിലാണ്, പുറത്തുളള ജനങ്ങള്‍ തമ്മിലല്ല. പ്രശ്‌നങ്ങള്‍ എഎംഎംഎയ്ക്കുളളില്‍ തന്നെ തീര്‍ക്കണം എന്ന നിലപാടുളളയാളാണ് താന്‍. അതുകൊണ്ടുതന്നെ എ.എം.എം.എയ്‌ക്കെതിരെ നില്‍ക്കില്ലെന്നും ശക്തമായ സംഘടനാണെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

കുക്കു പരമേശ്വരന് എ.എം.എം.എ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യതയില്ലെന്ന് നടി പൊന്നമ്മ ബാബു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഹേമ കമ്മിറ്റി രൂപീകരിക്കുന്നതിന് മുൻപ് എ.എം.എം.എയിലെ സ്ത്രീകൾ ഒരുമിച്ചുകൂടി സിനിമ മേഖലയിൽ നിന്നുണ്ടായ ദുരനുഭവങ്ങൾ പങ്കുവെച്ചിരുന്നുവെന്നും കുക്കു പരമേശ്വരനാണ് ഈ യോഗത്തിന് മുൻകൈയെടുത്തതെന്നും പൊന്നമ്മ ബാബു പറഞ്ഞിരുന്നു. യോഗം വീഡിയോയിൽ പകർത്തിയിരുന്നു. അതിന്റെ മെമ്മറി കാർഡ് കുക്കു പരമേശ്വരൻ കൈവശം വെച്ചു. ഇടവേള ബാബുവും കുക്കു പരമേശ്വരനും ചേർന്നാണ് ഈ മെമ്മറി കാർഡ് സൂക്ഷിച്ചിരിക്കുന്നത്. ഇപ്പോൾ മെമ്മറി കാർഡ് തങ്ങളുടെ കൈവശം ഇല്ലെന്നാണ് പറയുന്നത്. മെമ്മറി കാർഡ് കുക്കു പരമേശ്വരൻ ദുരുപയോഗം ചെയ്യുമോ എന്ന് ആശങ്കയുണ്ട്. കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറിയായി വന്നാൽ ഇതുവെച്ച് അംഗങ്ങളെ ഭീഷണിപ്പെടുത്താൻ സാധ്യതയുണ്ട്. മെമ്മറി കാർഡ് തിരികെ വേണമെന്നും കുക്കു പരമേശ്വരൻ തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്നും പൊന്നമ്മ ബാബു പറഞ്ഞിരുന്നു.

Content Highlights: actress priyanka about amma memory card missing controversy

dot image
To advertise here,contact us
dot image