കേരള സർവ്വകലാശാലയിലെ സിന്‍ഡിക്കേറ്റ് റൂം പൂട്ടിയത് വി സി തന്നെ; താക്കോൽ വിസിയുടെ മുറിയിൽ സൂക്ഷിക്കാൻ നിർദേശം

സിന്‍ഡിക്കേറ്റ് റൂമില്‍ വിളിച്ചുവരുത്തി ഇടത് അംഗങ്ങള്‍ അധിക്ഷേപിച്ചു എന്ന ജീവനക്കാരുടെ പരാതിയിലാണ് വൈസ് ചാന്‍സലറുടെ നടപടി

dot image

തിരുവനന്തപുരം: കേരള സര്‍വ്വകലാശാലയിലെ സിന്‍ഡിക്കേറ്റ് റൂം പൂട്ടിയത് വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍ തന്നെ. അനുവാദമില്ലാതെ സിന്‍ഡിക്കേറ്റ് റൂം തുറക്കരുതെന്നും സിന്‍ഡിക്കേറ്റ് യോഗങ്ങളോ കമ്മിറ്റികളോ ഉള്ള ദിവസം മാത്രമെ റൂം തുറക്കാന്‍ പാടുള്ളൂവെന്നും വൈസ് ചാന്‍സലര്‍ രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് മിനി കാപ്പനും പ്രൈവറ്റ് സെക്രട്ടറിക്കും നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസം മുതലാണ് സിന്‍ഡിക്കേറ്റ് റൂമിന്റെ താക്കോല്‍ കാണാതാവുന്നത്.

റൂമിന്റെ താക്കോല്‍ വൈസ് ചാന്‍സലറുടെ മുറിയില്‍ സൂക്ഷിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. സിന്‍ഡിക്കേറ്റ് റൂമില്‍ വിളിച്ചുവരുത്തി ഇടത് അംഗങ്ങള്‍ അധിക്ഷേപിച്ചു എന്ന ജീവനക്കാരുടെ പരാതിയിലാണ് വൈസ് ചാന്‍സലറുടെ നടപടി. റൂമിന്റെ താക്കോല്‍ മോഷണം പോയി എന്ന് ആരോപിച്ച് ഇടത് അംഗങ്ങള്‍ രംഗത്ത് വന്നിരുന്നു. രജിസ്ട്രാര്‍ നല്‍കിയ കേസ് പരിഗണിക്കാനിരിക്കെ സുപ്രധാന രേഖകള്‍ കടത്താനുള്ള നീക്കമാണോയിതെന്ന് സംശയമുണ്ട്. വിസിയുടെ അറിവോടെയാണ് എടുത്തതെന്ന് സംശയിക്കുന്നുവെന്നും അവര്‍ ആരോപിച്ചിരുന്നു.

സിന്‍ഡിക്കേറ്റ് റൂമില്‍ നിന്ന് രേഖകള്‍ കടത്താനാണെങ്കില്‍ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം സുരക്ഷാ ഓഫീസര്‍ പരിശോധിച്ചപ്പോഴാണ് താക്കോല്‍ കാണാതായ വിവരം അറിയുന്നത്.

അതിനിടെ സർവ്വകലാശാല സിന്‍ഡിക്കേറ്റ് റൂമില്‍ അനധികൃതമായി പ്രവേശിച്ചു, ജീവനക്കാരെ ഭീഷണിപ്പെടുത്തി തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കേരള സര്‍വ്വകലാശാല ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്കെതിരെ മിനി കാപ്പന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അഡ്വ. ജി മുരളീധരന്‍, ഷിജു ഖാന്‍ എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയത്.

Content Highlights: kerala university syndicate room Locked by Vice Chancellor mohanan kunnummal

dot image
To advertise here,contact us
dot image