
കൊച്ചി: കന്യാസ്ത്രീകളുടെ മോചനത്തിന്റെ ക്രെഡിറ്റ് വിവാദത്തിൽ പ്രതികരണവുമായി സിപിഐഎം രാജ്യസഭാ എംപി ഡോ. ജോൺ ബ്രിട്ടാസ്. കന്യാസ്ത്രീകളുടെ മോചനത്തിന്റെ ക്രെഡിറ്റ് വേണമെങ്കിൽ ബിജെപി എടുത്തോട്ടെ എന്നും എന്നാൽ അവരെ ജയിലിലടച്ചതിന്റെ ക്രെഡിറ്റ് ബിജെപി ഏറ്റെടുക്കുമോ എന്നും ജോൺ ബ്രിട്ടാസ് ചോദിച്ചു. ഡിബേറ്റ് വിത്ത് അരുൺകുമാറിലൂടെയായിരുന്നു ജോൺ ബ്രിട്ടാസിന്റെ പ്രതികരണം.
എട്ട് ദിവസമാണ് കന്യാസ്ത്രീകൾ ജയിലിൽ കഴിഞ്ഞതെന്നും ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. ജാമ്യാപേക്ഷ വന്നതിന്റെയും, പെൺകുട്ടികളുടെ സഹോദരനെ മർദ്ദിച്ചതിന്റെയും, കഴിഞ്ഞ കുറേ വർഷമായി ക്രൈസ്തവ സഭകൾക്ക് നേരെ ആക്രമണം അഴിച്ചുവിടുന്നതിന്റെയും ക്രെഡിറ്റ് ബിജെപി ഏറ്റെടുക്കുമോ എന്നും ബ്രിട്ടാസ് ചോദിച്ചു. എത്രയോ വർഷമായി ഛത്തീസ്ഗഡിൽ ക്രൈസ്തവർക്ക് നേരെ അക്രമമുണ്ടാകുന്നു. ക്രൈസ്തവരുടെ വോട്ട് നേടി ജയിക്കാം എന്നതായിരുന്നു ബിജെപിയുടെ പ്ലാൻ. പക്ഷെ ഛത്തീസ്ഗഡ് വിഷയം ഉണ്ടായപ്പോൾ തങ്ങളുടെ പ്ലാൻ പൊളിഞ്ഞല്ലോ എന്ന തോന്നൽ ബിജെപിക്ക് ഉണ്ടായെന്നും ബ്രിട്ടാസ് പറഞ്ഞു. പെട്ടുപോയതുകൊണ്ട് തലയൂരാനാണ് ബിജെപി രംഗത്തുവന്നതെന്നും ബ്രിട്ടാസ് കൂട്ടിച്ചേർത്തു.
കന്യാസ്ത്രീകൾ ജയിൽ മോചിതരായതോടെ ക്രെഡിറ്റിനായുള്ള തർക്കവും തുടങ്ങിക്കഴിഞ്ഞു. ബിജെപിയുടെ ഇടപെടലാണ് കന്യാസ്ത്രീകളുടെ മോചനത്തിന് വഴിതെളിച്ചത് എന്ന് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി പറഞ്ഞിരുന്നു. സഭകൾ സഹായം ചോദിച്ചത് കൊണ്ടാണ് ബിജെപി ഇടപെട്ടത് എന്ന് രാജീവ് ചന്ദ്രശേഖറും പറഞ്ഞിരുന്നു, ഇതിനിടെ കന്യാസ്ത്രീകളെ ജയിലിൽ അടച്ചതും അറസ്റ്റ് ചെയ്തതും ബിജെപി സർക്കാർ അല്ലേ എന്നും എങ്ങനെ ബിജെപിക്ക് ജാമ്യത്തിൽ ക്രെഡിറ്റ് ഏറ്റെടുക്കാൻ പറ്റും എന്ന ചോദ്യത്തിന് രാജീവ് മറുപടി നൽകാതെ ക്ഷുഭിതനായി മടങ്ങിയിരുന്നു.
ഇന്ന് രാവിലെയാണ് കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചത്. കര്‍ശന വ്യവസ്ഥകളോടെയാണ് ബിലാസ്പുർ എൻഐഎ കോടതി കന്യാസ്ത്രീകൾക്ക് ജാമ്യം അനുവദിച്ചത്. എന്‍ഐഎ കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുതെന്നാണ് പ്രധാന വ്യവസ്ഥ. പാസ്പോര്‍ട്ട് എന്‍ഐഎ കോടതിയില്‍ നല്‍കണമെന്നും ജാമ്യകാലയളവിലെ വാസസ്ഥലം എന്‍ഐഎയെ അറിയിക്കണമെന്നും വ്യവസ്ഥയിലുണ്ട്. രണ്ടാഴ്ചയില്‍ ഒരിക്കല്‍ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം, അന്വേഷണ ഏജന്‍സി ആവശ്യപ്പെടുമ്പോള്‍ ചോദ്യം ചെയ്യാന്‍ ഹാജരാകണം, തെളിവ് നശിപ്പിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്, മാധ്യമങ്ങളോട് സംസാരിക്കരുത്, കേസിനെപ്പറ്റി പൊതുമധ്യത്തില്‍ പ്രതികരിക്കരുത് തുടങ്ങിയ വ്യവസ്ഥകളും എന്‍ഐഎ കോടതി മുന്നോട്ടുവെച്ചു. 50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യവും കോടതി നിർദേശിച്ചിരുന്നു. ജാമ്യം ലഭിച്ചതിന് പിന്നാലെ 3.40 ഓടെ കന്യാസ്ത്രീകൾ പുറത്തിറങ്ങി.
ജൂലൈ 25-നാണ് ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യകടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് മലയാളികളായ രണ്ട് കന്യാസ്ത്രീകളെ റെയിൽവെ പൊലീസ് അറസ്റ്റ് ചെയ്തത്. അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണ് അറസ്റ്റിലായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവർ.
Content Highlights: John brittas questions bjps double standard at malayali nuns case