
തിരുവനന്തപുരം: വിവാദ ചിത്രം 'ദ കേരള സ്റ്റോറി'ക്ക് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നല്‍കിയതില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയ അജണ്ട നടപ്പാക്കാനുള്ള ആയുധമായി ചലച്ചിത്രത്തെ മാറ്റുക എന്ന സംഘപരിവാര്‍ അജണ്ടയാണ് ഇതിലൂടെ അവര്‍ നടപ്പാക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഈ നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു.
'കേരളത്തെ അപകീര്‍ത്തിപ്പെടുത്താനും വര്‍ഗീയത പടര്‍ത്താനും നുണകളാല്‍ പടുത്ത ഒരു സിനിമയ്ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചതിലൂടെ മത സാഹോദര്യത്തിനും ദേശീയോദ്ഗ്രഥനത്തിനുമായി നിലകൊണ്ട ഇന്ത്യന്‍ സിനിമയുടെ ശ്രേഷ്ഠപാരമ്പര്യത്തെയാണ് അവാര്‍ഡ് ജൂറി അവഹേളിച്ചിരിക്കുന്നത്. ഓരോ മലയാളിയും രാജ്യത്തെ ജനാധിപത്യ വിശ്വാസികളാകെയും ഈ അനീതിക്കെതിരെ സ്വരമുയര്‍ത്തണം. കലയെ വര്‍ഗീയത വളര്‍ത്താനുള്ള ആയുധമാക്കി മാറ്റുന്ന രാഷ്ട്രീയത്തിനെതിരെ അണിനിരക്കണം', പിണറായി വിജയന്‍ പറഞ്ഞു.
അതേസമയം പുരസ്‌കാരത്തില്‍ മലയാള സിനിമയ്ക്കുണ്ടായ നേട്ടത്തെ മുഖ്യമന്ത്രി അഭിനന്ദിച്ചു. തങ്ങളുടെ അതുല്യ പ്രതിഭയാല്‍ മലയാള സിനിമയെ സമ്പന്നമാക്കിയ ഉര്‍വശിയും വിജയരാഘവനും മികച്ച സഹനടിക്കും സഹനടനുമുള്ള പുരസ്‌കാരങ്ങള്‍ നേടിയത് ഈ നിമിഷത്തിന്റെ തിളക്കം കൂട്ടുന്നുവെന്ന് പിണറായി വിജയന്‍ പറഞ്ഞു. കൂടുതല്‍ മികവുറ്റ സിനിമകളുമായി പുതിയ ഉയരങ്ങളിലേക്ക് കുതിക്കാന്‍ ഈ അവാര്‍ഡുകള്‍ മലയാള സിനിമയ്ക്ക് പ്രചോദനം പകരട്ടെ എന്ന് ആശംസിക്കുന്നുവെന്നും മുഖ്യമന്ത്രി കുറിച്ചു.
കേരള സ്റ്റോറിക്ക് പുരസ്‌കാരം ലഭിച്ചതില്‍ വിമര്‍ശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും രംഗത്തെത്തിയിരുന്നു. ദ കേരള സ്റ്റോറി എന്ന സിനിമയ്ക്ക് ലഭിച്ച അംഗീകാരം മറ്റ് പുരസ്‌കാരങ്ങളുടെ മൂല്യം കുറയ്ക്കുന്നുവെന്ന് ശിവന്‍കുട്ടി പറഞ്ഞു. അടിസ്ഥാനരഹിതമായ ആരോപണങ്ങളും വിദ്വേഷ പ്രചാരണങ്ങളും നിറഞ്ഞ ഒരു സിനിമയ്ക്ക് ദേശീയ പുരസ്‌കാരം നല്‍കുന്നത് അങ്ങേയറ്റം ഖേദകരമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
എഴുപത്തിയൊന്നാമത്തെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച നേട്ടമാണ് മലയാള സിനിമ കരസ്ഥമാക്കിയത്. തങ്ങളുടെ അതുല്യ പ്രതിഭയാൽ മലയാള സിനിമയെ സമ്പന്നമാക്കിയ ഉർവശിയും വിജയരാഘവനും മികച്ച സഹനടിക്കും സഹനടനുമുള്ള പുരസ്കാരങ്ങൾ നേടിയത് ഈ നിമിഷത്തിൻ്റെ തിളക്കം കൂട്ടുന്നു. കൂടുതൽ മികവുറ്റ സിനിമകളുമായി പുതിയ ഉയരങ്ങളിലേക്ക് കുതിക്കാൻ ഈ അവാർഡുകൾ മലയാള സിനിമയ്ക്ക് പ്രചോദനം പകരട്ടെ എന്ന് ആശംസിക്കുന്നു.
എന്നാൽ കേരളത്തെ അപകീർത്തിപ്പെടുത്താനും വർഗീയത പടർത്താനും നുണകളാൽ പടുത്ത ഒരു സിനിമയ്ക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചതിലൂടെ മത സാഹോദര്യത്തിനും ദേശീയോദ്ഗ്രഥനത്തിനുമായി നിലകൊണ്ട ഇന്ത്യൻ സിനിമയുടെ ശ്രേഷ്ഠപാരമ്പര്യത്തെയാണ് അവാർഡ് ജൂറി അവഹേളിച്ചിരിക്കുന്നത്. വർഗീയ അജണ്ട നടപ്പാക്കാനുള്ള ആയുധമായി ചലച്ചിത്രത്തെ മാറ്റുക എന്ന സംഘപരിവാർ അജണ്ടയാണ് ഇതിലൂടെ അവർ നടപ്പാക്കുന്നത്. ഈ നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നു. ഓരോ മലയാളിയും രാജ്യത്തെ ജനാധിപത്യ വിശ്വാസികളാകെയും ഈ അനീതിക്കെതിരെ സ്വരമുയർത്തണം. കലയെ വർഗീയത വളർത്താനുള്ള ആയുധമാക്കി മാറ്റുന്ന രാഷ്ട്രീയത്തിനെതിരെ അണിനിരക്കണം.
കേരള സ്റ്റോറിക്ക് രണ്ട് പുരസ്‌കാരമാണ് ഇത്തവണത്തെ ദേശീയ പുരസ്‌കാരത്തിലുള്ളത്. മികച്ച സംവിധായകനുള്ള പുരസ്‌കാരം കേരള സ്‌റ്റോറി സംവിധായകന്‍ സുധിപ്തോ സെന്നും മികച്ച ഛായാഗ്രഹണം പ്രശാന്തനു മോഹപാത്രയും കരസ്ഥമാക്കി. 2023 മെയ് അഞ്ചിനായിരുന്നു കേരള സ്റ്റോറിയുടെ റിലീസ്. കേരളത്തെ കുറിച്ച് ഇല്ലാത്ത വിവരണം നല്‍കിയ സിനിമ സംപ്രേഷണം ചെയ്ത മുതല്‍ വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. കേരളത്തില്‍ വ്യാപകമായി മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നും 32,000 സ്ത്രീകളെ മതം മാറ്റി ഐഎസില്‍ എത്തിച്ചെന്നും ആരോപിക്കുന്നതാണ് ചിത്രം.
Content Highlights: CM Pinarayi Vijayan against The Kerala Story national award