
മലപ്പുറം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെ വനവാസത്തിന് വിടാന്‍ സമ്മതിക്കില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ആ പേടി വേണ്ട. കഠിനമായ പ്രയത്‌നത്താല്‍ 2026 ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ എത്തും. വി ഡി സതീശനേക്കാള്‍ ഇരിട്ടി ആത്മവിശ്വാസം മുസ്ലിം ലീഗിനുണ്ട്. അദ്ദേഹത്തെ വനവാസത്തിന് വിടാന്‍ അനുവദിക്കില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇന്ന് പാണക്കാട്ടെത്തി മുസ്ലിം ലീഗ് നേതാക്കളുമായി വി ഡി സതീശന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെയാണ് പ്രതികരണം.
രാജ്യത്തിന്റെ മതസ്വാതന്ത്ര്യത്തെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഛത്തീഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റ് എന്ന് സാദിഖലി തങ്ങള്‍ പ്രതികരിച്ചു. മതസ്വാതന്ത്ര്യത്തിന് എതിരെയുള്ള ബിജെപിയുടെ നീക്കം അനുവദിക്കാനാകില്ലെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
തിളക്കമാര്‍ന്ന വിജയത്തോടെ യുഡിഎഫിനെ അധികാരത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സാധിച്ചില്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിന് പോകുമെന്നാണ് പറഞ്ഞതെന്ന് വി ഡി സതീശന്‍ പ്രതികരിച്ചു. അത് ഞങ്ങളുടെ ആത്മവിശ്വാസമാണ്. ഉജ്ജ്വല വിജയത്തോടെ തിരിച്ചുവരും. നിലമ്പൂരില്‍ ഒറ്റപ്പാര്‍ട്ടിയാണ് പ്രവര്‍ത്തിച്ചത്. ഇന്ത്യയില്‍ മുഴുവന്‍ സഖ്യങ്ങള്‍ക്കും മാതൃകയാണ് കേരളത്തിലെ യുഡിഎഫ്. ഇന്‍ഡ്യാ മുന്നണിയും അങ്ങനെ ആവണമെന്നാണ് ആഗ്രഹിക്കുന്നത്. ഞങ്ങളുടെ കരുത്ത് 'ടീം യുഡിഎഫ്' ആണ്. അതാണ് നിലമ്പൂരില്‍ തെളിയിച്ചത്. തിരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് അടിത്തറ വിപുലമാക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു.
Content Highlights: Muslim League Share Confidence over the Victory of UDF in 2026