
കൂത്താട്ടുകുളം: സ്‌കൂള്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപന ചടങ്ങിനിടെ വീശിയ ശക്തമായ കാറ്റില്‍ ഓഡിറ്റോറിയത്തിന്റെ ഷീറ്റുകള്‍ പറന്നിളകിയതില്‍ രോഷാകുലനായി മന്ത്രി. തിരുമാറാടി ഗവ. സ്‌കൂളിലാണ് സംഭവം. ഷീറ്റ് എത്രയും പെട്ടെന്ന് മാറ്റിയില്ലെങ്കില്‍ ഹെഡ്മാസ്റ്റര്‍ ഒന്നാം പ്രതിയായിരിക്കുമെന്ന് മന്ത്രി വേദിയില്‍ തന്നെ മുന്നറിയിപ്പും നല്‍കി. തൊട്ടടുത്ത സ്‌കൂളില്‍ എച്ച് എം സസ്‌പെന്‍ഷനിലാണ്. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു മാനേജ്‌മെന്റിനെ പിരിച്ചുവിട്ട ചരിത്രം ഓര്‍മ്മിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. തേവലക്കര സ്‌കൂളിലെ നടപടി സൂചിപ്പിച്ചായിരുന്നു മന്ത്രിയുടെ മുന്നറിയിപ്പ്.
'കുട്ടികളുടെ രക്ഷ, ഒരു കുട്ടി മരിച്ചതിന് ശേഷം അവന്റെ വീട്ടില്‍ ചെന്ന് കരഞ്ഞതുകൊണ്ടോ പണം കൊണ്ടുകൊടുത്തതുകൊണ്ടോ കാര്യമില്ല. കുട്ടിയുടെ ജീവന്‍ എന്നത് നമ്മുടെ മകന്റെയോ മകളുടെയോ ജീവനാണ്. അവര്‍ കേരളത്തിന്റെ മക്കളാണ്. അധ്യാപകര്‍ക്കും പിടിഎയ്ക്കും ഉത്തരവാദിത്തം ഉണ്ട്. ഇത്തരം ഉത്തരവാദിത്തമില്ലാത്ത പിടിഎ വേണ്ട. പിരിച്ചുവിടണം. പിടിഎ മത്സരം നടക്കുമ്പോള്‍ എന്തൊരു ജാഗ്രതയാണ്' എന്നും മന്ത്രി ചോദിച്ചു.
തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. അഡ്വ. അനൂപ് ജേക്കബ് എംഎല്‍എയുടെ അധ്യക്ഷ പ്രസംഗത്തിനിടെയായിരുന്നു ശക്തമായ കാറ്റ് വീശിയത്. പിന്നാലെ ഓഡിറ്റോറിയത്തിന്റെ ഷീറ്റുകള്‍ ഇളകുകയായിരുന്നു. സംഭവത്തില്‍ വേദിയിലുണ്ടായിരുന്ന വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട് മന്ത്രി വിശദാംശങ്ങള്‍ തേടി.
Content Highlights: Minister V Sivankutty Warns school official for damage roof