യഥാർത്ഥ വസ്തുതകൾ മറച്ചുവെച്ചുകൊണ്ടാണ് സിബിസിഐ നേതൃത്വം പ്രതികരിക്കുന്നത്; വിശ്വഹിന്ദുപരിഷത്ത് കേരള ഘടകം

കന്യാസ്ത്രീകൾ പ്രതികളാവാൻ ഇടയായ കേസിനെ പറ്റിയുള്ള യഥാർത്ഥ വസ്തുതകൾ മറച്ചുവെച്ചുകൊണ്ടാണ് സിബിസിഐ നേതൃത്വം പ്രതികരിക്കുന്നതെന്ന് വിഎച്ച്പി ആരോപിച്ചു

dot image

കൊച്ചി: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിച്ച ക​ത്തോലിക്ക ബിഷപ്പുമാരുടെ സംഘടനയായ സിബിസിഐയ്ക്കെതിരെ വിശ്വഹിന്ദുപരിഷത്ത് കേരള ഘടകം. കന്യാസ്ത്രീകൾ പ്രതികളാവാൻ ഇടയായ കേസിനെ പറ്റിയുള്ള യഥാർത്ഥ വസ്തുതകൾ മറച്ചുവെച്ചുകൊണ്ടാണ് സിബിസിഐ നേതൃത്വം പ്രതികരിക്കുന്നതെന്ന് വിഎച്ച്പി ആരോപിച്ചു. ഹൈന്ദവ മേഖലകൾ മാത്രം കേന്ദ്രീകരിച്ച് നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ ഇത്തരം വ്യക്തികളും സ്ഥാപനങ്ങളും തയ്യാറാകണമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അനിൽ വിളയിൽ ആവശ്യപ്പെട്ടു.

'പ്രലോഭനത്തിലൂടെയും സാമ്പത്തിക വാഗ്ദാനങ്ങളിലൂടെയും നടത്തുന്നതോ നടപ്പാക്കാൻ ശ്രമിക്കുന്നതോ ആയ മതപരിവർത്തന ശ്രമങ്ങളെ തടയാനും മനുഷ്യകടത്ത് തടയാനുമുള്ള നിയമങ്ങൾ നിലനിൽക്കുന്ന സംസ്ഥാനമാണ് ഛത്തീസ്ഗഡ്. 1968-ൽ ഛത്തീസ്ഗഡ്, മധ്യപ്രദേശ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നപ്പോൾ ഭരണം നടത്തിയിരുന്ന കോൺഗ്രസ് സർക്കാർ കൊണ്ടുവന്ന മധ്യപ്രദേശ് ധർമ്മസ്വാതന്ത്ര്യ നിയമ പ്രകാരവും മനുഷ്യ കടത്ത് തടയൽ നിയമപ്രകാരവുമാണ് ഇപ്പോൾ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഹൈന്ദവ മേഖലകൾ മാത്രം കേന്ദ്രീകരിച്ച് നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ ഇത്തരം വ്യക്തികളും സ്ഥാപനങ്ങളും തയ്യാറാകണം.

കന്യാസ്ത്രീകളോടൊപ്പം ഉണ്ടായിരുന്ന കുട്ടികളിൽ പ്രായപൂർത്തി ആകാത്തവരും ഉണ്ടായിരുന്നു. അപ്രകാരമുള്ള കുട്ടികളിൽ ഒരാൾ, തന്നെ നിർബന്ധിച്ചാണ് ആഗ്രയിലേക്ക് കന്യാസ്ത്രീകൾ കൊണ്ടുപോകുന്നത് എന്ന് പൊലീസിൽ മൊഴി കൊടുത്തതായി വ്യക്തമായ തെളിവുകൾ ലഭ്യമാണ്. ഈ സാഹചര്യത്തിൽ മതപരിവർത്തനത്തിനു വേണ്ടിയുള്ള മനുഷ്യക്കടത്താണ് നടക്കുന്നതെന്ന ധാരണയിൽ പ്രദേശവാസികൾ വിവരം പൊലീസിനെ അറിയിക്കുകയാണ് ഉണ്ടായത്. കന്യാസ്ത്രീകളുടെ ഭാഗത്തു നിന്നും നിയമ വിരുദ്ധ നടപടികൾ ഉണ്ടായ സാഹചര്യത്തിൽ പൊലീസിൽ വിവരമറിയിക്കുക എന്ന സാധാരണ നടപടി മാത്രമാണ് അവിടെ ഉണ്ടായത്', അഡ്വ. അനിൽ വിളയിൽ പറഞ്ഞു. നിയമവിരുദ്ധമായ പ്രവർത്തികൾ ആരു ചെയ്താലും അവർ ശിക്ഷിക്കപ്പെടണമെന്നും ഭാരതത്തെ ഏത് രീതിയിലും പൂർണമായി സുവിശേഷവൽക്കരിക്കുക എന്ന ലക്ഷ്യത്തോടുകൂടി പ്രവർത്തിക്കുന്ന ചില കേരളീയ ക്രൈസ്തവ പ്രസ്ഥാനങ്ങൾ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രവർത്തിച്ചുവരുന്നുണ്ടെന്നും അനിൽ കൂട്ടിച്ചേർത്തു.

ഹൈന്ദവ ആചാരാനുഷ്ഠാനങ്ങളെ മോശമായി ചിത്രീകരിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്ത് ആസൂത്രിതമായ രീതിയിൽ പണമൊഴുക്കി മതപരിവർത്തന ശ്രമങ്ങൾ നടത്തുന്നതിനെ പ്രാദേശികമായി വിശ്വാസികൾ എതിർക്കുന്നുണ്ടാകും. ഇപ്രകാരമുള്ള എതിർപ്പുകളെ ആസൂത്രിതമായ ഗൂഢാലോചന ആണെന്ന് പറയുകയും അപ്രകാരമുള്ള കാര്യങ്ങൾ ചെയ്യുന്നത് വിശ്വഹിന്ദു പരിഷത്ത് - ബജരംഗ്ദൾ ഉൾപ്പെടെയുള്ള സംഘ പ്രസ്ഥാനങ്ങൾ ആണെന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്ന നടപടി അപലപനീയമാണ്.

കാര്യങ്ങൾ വ്യക്തമായി പഠിച്ച് പ്രതികരിക്കുകയും ആസൂത്രിത മതപരിവർത്തന ശ്രമങ്ങൾ ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്ന വ്യക്തികളെയും സംഘടനകളെയും അതിൽ നിന്ന് പിന്തിരിപ്പിക്കാനുമാണ് സിബിസിഐ നേതൃത്വം ചെയ്യേണ്ടത്. ഇതിന് വിരുദ്ധമായി ഏത് സംഭവം ഉണ്ടായാലും അതിന്റെയെല്ലാ ഉത്തരവാദിത്വവും സംഘപരിവാർ പ്രസ്ഥാനങ്ങളിലേക്ക് കെട്ടിവെക്കുന്ന നടപടിയെ വിശ്വഹിന്ദു പരിഷത്ത് ശക്തമായി എതിർക്കുമെന്നും അഡ്വ. അനിൽ വിളയിൽ കൂട്ടിച്ചേർത്തു.

ശനിയാഴ്ചയാണ് ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ റെയിൽവെ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവക സിസ്റ്റർ പ്രീതി മേരി എന്നിവരാണ് അറസ്റ്റിലായത്. അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണിവർ.

Content Highlights: vhp against cbci on nun's arrest

dot image
To advertise here,contact us
dot image