'വിഡി സതീശന് നേരെ ഉതിർക്കുന്ന ഓരോ അമ്പും തറയ്ക്കുന്നത് കോണ്‍ഗ്രസിന് മേൽ, ഇതുകൊണ്ടൊന്നും തകർക്കാനാകില്ല'

വി ഡി സതീശനെതിരെ തുടര്‍ച്ചയായി വെള്ളാപ്പള്ളി നടേശന്‍ നടത്തുന്ന പ്രസ്താവനകള്‍ക്കിടയിലാണ് മാത്യൂ കുഴല്‍നാടന്റെ പ്രതികരണം

dot image

കൊച്ചി: പ്രതിപക്ഷ നേതാവ് വി ഡി സതീശന് നേരെ ഉതിര്‍ക്കുന്ന ഓരോ അമ്പും കോണ്‍ഗ്രസിന്റെ മേലാണ് തറയ്ക്കുന്നതെന്ന് മാത്യൂ കുഴല്‍നാടന്‍ എംഎൽഎ. വി ഡി സതീശനെ ആക്രമിക്കുന്നവരുടെ ലക്ഷ്യവും മറ്റൊന്നുമല്ല. കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിക്കുന്ന മതേതര സംസ്‌കാരത്തിന് വേണ്ടി പടവെട്ടുമ്പോള്‍ ആ സംസ്‌കാരത്തെ എതിര്‍ക്കുന്നവര്‍ അദ്ദേഹത്തെ ആക്രമിക്കുക സ്വാഭാവികമാണ്. എന്നാല്‍ ഇതുകൊണ്ടൊന്നും തകര്‍ക്കാന്‍ കഴിയുന്നതല്ല വീ ഡി സതീശന്‍ എന്ന നേതാവിന്റെ കരുത്തെന്നും മാത്യൂ കുഴല്‍നാടന്‍ ഫേസ്ബുക്കില്‍ കുറിച്ചു. വി ഡി സതീശനെതിരെ തുടര്‍ച്ചയായി വെള്ളാപ്പള്ളി നടേശന്‍ നടത്തുന്ന പ്രസ്താവനകള്‍ക്കിടയിലാണ് മാത്യൂ കുഴല്‍നാടന്റെ പ്രതികരണം.

താന്‍ കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും അഹങ്കാരവും ധാര്‍ഷ്ട്യവുമുള്ള പ്രതിപക്ഷ നേതാവാണ് വി ഡി സതീശന്‍ എന്നായിരുന്നു വെള്ളാപ്പള്ളി നടേശന്‍റെ പ്രസ്താവന. താന്‍ മുസ്ലിം വിരോധിയാണെന്ന് പറഞ്ഞു പരത്തുന്നതിന് പിന്നില്‍ പ്രത്യേക അജണ്ടയുണ്ടെന്നും വെള്ളാപ്പള്ളി നടേശൻ ഇന്ന് പറഞ്ഞിരുന്നു.

മുസ്ലിം ലീഗ് പറയുന്നതിന് അനുസരിച്ച് ചാടിക്കളിക്കുന്ന കുഞ്ഞിരാമന്മാരായി ഇവിടുത്തെ കോണ്‍ഗ്രസ് അധഃപതിച്ചില്ലേയെന്ന് ചോദിച്ച വെള്ളാപ്പള്ളി നടേശൻ താനൊരു മുസ്ലിം വിരോധിയല്ലെന്നും പറഞ്ഞു. എസ്എന്‍ഡിപിയെ തളര്‍ത്താനാണ് ശ്രമം. മലപ്പുറത്തെ താന്‍ വിമര്‍ശിച്ചിട്ടില്ല. നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നയാളാണ് താന്‍. എന്തുവന്നാലും അതില്‍ നിന്നും പിന്മാറില്ല. മലപ്പുറത്ത് പോയിട്ട് ഈഴവരുടെ അവസ്ഥയെക്കുറിച്ചാണ് പറഞ്ഞത്. മുസ്ലിം ആധിപത്യമല്ല മലപ്പുറത്ത്. മലപ്പുറം കേന്ദ്രീകരിച്ച് സംസ്ഥാനം വേണമെന്ന് പറഞ്ഞവരാണ് മതേതരത്വം പറയുന്നതെന്നും വെള്ളാപ്പള്ളി നടേശന്‍ വിമര്‍ശിച്ചു.

സതീശന് അഹങ്കാരത്തിന്റെ കയ്യും കാലും വെച്ചിരിക്കുന്നുവെന്നും ഈഴവന്റെ ബുദ്ധിയെയാണ് ചോദ്യം ചെയ്യുന്നത് എന്നും വെള്ളാപ്പള്ളി നേരത്തെയും വിമര്‍ശിച്ചിരുന്നു. ശ്രീനാരായണ ഗുരുധര്‍മ്മം സതീശന്‍ തന്നെ പഠിപ്പിക്കേണ്ട എന്നും അയാള്‍ വിചാരിച്ചാല്‍ ഒരു മരപ്പട്ടിയെപ്പോലെ ജയിപ്പിക്കാന്‍ പറ്റില്ലെന്നും കടന്നാക്രമിച്ചിരുന്നു. വി ഡി സതീശന്റെ മണ്ഡലമായ പറവൂരിലെ എസ്എന്‍ഡിപി പരിപാടിയിലായിരുന്നു വെള്ളാപ്പള്ളിയുടെ വിമര്‍ശനം.

Content Highlights- 'Every arrow fired at VD Satheesan is aimed at Congress' Mathew Kuzhalnadan

dot image
To advertise here,contact us
dot image