
മലപ്പുറം: കരിപ്പൂരില്‍ വിമാനത്താവളത്തിൽ നടന്ന ലഹരി വേട്ടയില്‍ 23.5 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയില്‍. കണ്ണൂര്‍ സ്വദേശിനിയായ മശ്ഹൂദയാണ് പിടിയിലായത്. 23.5 കിലോ ഹൈബ്രിഡ് കഞ്ചാവാണ് ഇവരില്‍ നിന്ന് പിടികൂടിയത്. അബുദാബിയില്‍ നിന്നുള്ള ഇത്തിഹാദ് എയര്‍വേഴ്സ് വിമാനത്തിലാണ് ലഹരി കടത്തിയത്. തായ്ലന്‍ഡാണ് ഇതിന്റെ ഉറവിടം എന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിനിയാണ് മശ്ഹൂദ. ഇവര്‍ കാരിയര്‍ ആയിരുന്നുവെന്ന് കസ്റ്റംസ് വെളിപ്പെടുത്തി. ഒരു ലക്ഷം രൂപ പ്രതിഫലത്തിനാണ് യുവതി കാരിയര്‍ ആയി ലഹരി കടത്തിയത്.
അതേ സമയം, നെയ്യാറ്റിൻകരയിലും മുക്കത്തും ലഹരിയുമായി യുവാക്കൾ പിടിയിലായി. പേരൂർക്കട സ്വദേശി യുവരാജൻ പൂവച്ചൽ സ്വദേശി അൻവർ എന്നിവരാണ് നെയ്യാറ്റിൻകരയിൽ പിടിയിലായത്. 70ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്ന് കണ്ടെത്തിയത്. നാഗർകോവിൽ നിന്ന് കെഎസ്ആർടിസി ബസ്സിൽ വരികയായിരുന്നു ഇവർ. ചില്ലറ വിൽപ്പനക്കാർക്ക് വിതരണം ചെയ്യാൻ കൊണ്ടുവന്നതാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നെയ്യാറ്റിൻകരയിൽ നിന്ന് തന്നെ പശ്ചിമ ബംഗാൾ സ്വദേശിയെയും ബ്രൗൺഷുഗറുമായി പിടി കൂടിയിരുന്നു. ചാലയിൽ കഫേ നടത്തുന്ന മെഹറിൻ ഇസ്ലാം ആണ് പിടിയിലായത്. വില്പനയ്ക്ക് എത്തിച്ച ലഹരി വസ്തുവിന് അഞ്ചു ലക്ഷത്തിലധികം രൂപ വില വരും. ഇയാളിൽനിന്ന് ബ്രൗൺഷുഗറും കഞ്ചാവും പിടിച്ചെടുത്തു. അന്യസംസ്ഥാന തൊഴിലാളികൾക്ക് വിൽക്കാനായി എത്തിച്ച ബ്രൗൺ ഷുഗറാണ് പിടികൂടിയത്. മുക്കത്ത് നിന്ന് 80 ഗ്രാം എംഡിഎംഎയുമായി മറ്റൊരു യുവാവും പിടിയിലായിരുന്നു. മാവൂർ പാഴൂർ കുരുമ്പറമ്മൽ അഹമ്മദ് ഹാരീസ് അറസ്റ്റിലായത്.
Content Highlights- Woman arrested for trying to smuggle hybrid cannabis worth Rs 23 crore at Karipur airport