സ്കൂൾ സമയമാറ്റം; സമസ്ത ഉള്‍പ്പെടെ മതസംഘടനകളുമായി സർക്കാർ വെള്ളിയാഴ്ച ചർച്ച നടത്തും

ചര്‍ച്ചയില്‍ സമസ്ത ഏകോപന സമിതിയില്‍ ഉയര്‍ന്ന നിര്‍ദേശങ്ങള്‍ മന്ത്രിക്ക് മുന്നില്‍ സമര്‍പ്പിക്കും

dot image

തിരുവനന്തപുരം: സ്‌കൂള്‍ സമയമാറ്റവുമായി ബന്ധപ്പെട്ട മതസംഘടനകളുമായി വെള്ളിയാഴ്ച ചര്‍ച്ച നടത്താനൊരുങ്ങി സര്‍ക്കാര്‍. ബുധനാഴ്ച നടത്താനിരുന്ന ചര്‍ച്ചയാണ് വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ ചേംബറില്‍ വെച്ചാവും ചര്‍ച്ച നടക്കുക. വൈകിട്ട് നാലരയോടെ മദ്രസ്സാ വിദ്യാഭ്യാസ ബോര്‍ഡ് അംഗങ്ങളുമായാവും ചര്‍ച്ച നടക്കുക. ചര്‍ച്ചയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഏകോപന സമിതിയില്‍ ഉയര്‍ന്ന നിര്‍ദേശങ്ങള്‍ മന്ത്രിക്ക് മുന്നില്‍ സമര്‍പ്പിക്കുമെന്നാണ് വിവരം.

എട്ട് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ പഠനസമയം അരമണിക്കൂര്‍ കൂടി വര്‍ധിപ്പിച്ച് കഴിഞ്ഞ മാസമാണ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 15 മിനിറ്റും ഉച്ചയ്ക്ക് ശേഷം 15 മിനിറ്റുമാണ് സമയം നീട്ടിയത്. സമയം വര്‍ധിപ്പിച്ചതില്‍ പുനഃരാലോചന വേണമെന്ന സമസ്തയുടെ ആവശ്യം തള്ളിയായിരുന്നു ഉത്തരവ്. ഇതിനെതിരെ സമസ്ത പ്രതിഷേധത്തിനൊരുങ്ങുകയാണ്.

അതേസമയം സമയം മാറ്റുന്നത് പ്രായോഗികമല്ലെന്ന നിലപാടാണ് വിദ്യാഭ്യാസ വകുപ്പിന്റേത്. 220 ദിവസം പ്രവര്‍ത്തി ദിവസം വേണമെന്ന ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് സ്‌കൂള്‍ സമയത്തില്‍ മാറ്റം വരുത്തിയത്. വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് 1,100 മണിക്കൂര്‍ പഠനസമയം വേണം.

Content Highlights- School timing change; Government to hold talks with religious organizations on Friday

dot image
To advertise here,contact us
dot image