
കണ്ണൂര്‍ : മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ഫര്‍സീന്‍ മജീദിനെതിരെ വീണ്ടും നടപടി. അധ്യാപകനായ ഫര്‍സീന്റെ ഒരുവര്‍ഷത്തെ ശമ്പള വര്‍ധന തടഞ്ഞു. മുട്ടന്നൂര്‍ യുപി സ്‌കൂള്‍ മാനേജ്‌മെന്റാണ് നടപടിയെടുത്തത്. സ്ഥാപന മേധാവിയെ അറിയിക്കാതെ യാത്ര ചെയ്തതിനാലാണ് നടപടിയെന്നാണ് വിശദീകരണം. മുഖ്യമന്ത്രിക്കെതിരെ ആക്രമണത്തിന് ശ്രമിച്ചെന്നും അധ്യാപക പദവിക്കുതന്നെ കളങ്കം വരുത്തിയെന്നും ഉത്തരവില്‍ പറയുന്നുണ്ട്. പതിനാല് ദിവസത്തിനകം മറുപടി നല്‍കിയില്ലെങ്കില്‍ ഉത്തരവ് അന്തിമമായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു. എന്നാല്‍ പ്രതികാര നടപടിയാണ് എന്നാണ് ഫര്‍സീന്റെ ആരോപണം.
'ഇത് തികച്ചും പ്രതികാര നടപടിയാണെന്നത് നാട്ടിലെ ജനാധിപത്യ വിശ്വാസികള്‍ക്ക് ബോധ്യമുണ്ട്. പ്രതികാര നടപടിയെ നിയമപരമായി നേരിടും. കേസില്‍ മൂന്നുവര്‍ഷമായി കുറ്റപത്രം കൊടുക്കാന്‍ പോലും പൊലീസിന് പറ്റിയിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുപോലും ഒന്നും കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല. ഞാന്‍ കുറ്റക്കാരനാണെങ്കില്‍ കേരളത്തിലെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ഞങ്ങള്‍ കൊടുത്തിരിക്കുന്ന കേസിലെ പ്രതിയാണ്. എല്‍ഡിഎഫ് കണ്‍വീനറായിരുന്ന ഇപി ജയരാജന്‍ പ്രതിയാണ്. മുഖ്യമന്ത്രിയുടെ പിഎ ഈ കേസില്‍ പ്രതിയാണ്. കേസെടുക്കാന്‍ പോലും പൊലീസ് തയ്യാറായിരുന്നില്ല. പിന്നീട് കോടതിയാണ് കേസെടുത്തത്. വിഷയത്തില്‍ ഒത്തുതീര്‍പ്പിന് ഞാന്‍ തയ്യാറല്ല. ആദ്യം കരിങ്കൊടി കാണിച്ചതായിരുന്നു പ്രശ്‌നം. ഇപ്പോള്‍ വിദ്യാലയത്തില്‍ നിന്നും സ്ഥാപന മേധാവിയുടെ ഉത്തരവില്ലാതെ യാത്ര ചെയ്തു എന്നതിനാണ് നടപടി'-ഫര്‍സീന്‍ മജീദ് പറഞ്ഞു.
2022 ജൂണ്‍ പന്ത്രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഇന്‍ഡിഗോ വിമാനം കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്നതിനിടെയായിരുന്നു പ്രതിഷേധം നടന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദ്, നവീന്‍ കുമാര്‍, സുനിത് നാരായണന്‍ എന്നിവര്‍ മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. വധശ്രമം, ഗൂഢാലോചന, വ്യോമയാന നിയമത്തിലെ വകുപ്പ് എന്നിവ ചേര്‍ത്താണ് കേസെടുതത്. 13 ദിവസം ജയിലില്‍ കിടന്ന ശേഷം ഹൈക്കോടതി ഉത്തരവിലൂടെയാണ് ഇവർക്ക് ജാമ്യം ലഭിച്ചത്.
Content Highlights: Chief Minister attack attempt case Accused Farzeen Majeed's one-year salary increase blocked