
തിരുവനന്തപുരം: ഒളിവില്‍ കഴിയുന്ന കാലത്ത് വി എസ് അച്യുതാനന്ദന് അലക്‌സ് എന്നൊരു പേരുണ്ടായിരുന്നു. ഇക്കാര്യത്തെ കുറിച്ചും വിഎസിന്റെ ജീവിതത്തെ കുറിച്ചും കുറിച്ചിരിക്കുകയാണ് മാധ്യമപ്രവര്‍ത്തകനായ ജീവന്‍കുമാര്‍.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം
'അലക്‌സ്' അതായിരുന്നു വി എസ് അച്യുതാനന്ദന്റെ ഒളിവ്കാല നാമം ..
പൂഞ്ഞാറിലെ വേലന്‍ പറമ്പ് വീട്ടിലെ രഹസ്യ കേന്ദ്രത്തില്‍ കഴിയുമ്പോള്‍ പല പല പേരുകള്‍
വി എസിന് ഉണ്ടായിരുന്നു .
ഒളിവ് വാസത്തിനിടെ യഥാര്‍ത്ഥ പേരിന് പകരം പലതരം കള്ള പേരുകള്‍ ആണ് കമ്യൂണിസ്റ്റ് പാര്‍ട്ടി കൊടുക്കുക.
അവര്‍ എവിടെയാണ് ഒളിവില്‍ കഴിയുന്നതെന്ന് പാര്‍ട്ടി കേന്ദ്ര കമ്മറ്റി അംഗം പി. കൃഷ്ണപിള്ളക്കും തിരുവതാംകൂര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രസിഡന്റ് കെ.സി ജോര്‍ജ്ജിനും മറ്റ് ചില ചുരുക്കം നേതാക്കള്‍ക്കും പിന്നെ ടെക് പ്രവര്‍ത്തകനും , ( പാര്‍ട്ടി മെസഞ്ചര്‍ ) മാത്രം അറിയാം .
പ്രധാനപ്പെട്ട നേതാവിന് സ്വന്തമായി വിശ്വസ്തനായ ടെക് ഉണ്ടാവും സംസ്ഥാന കേന്ദ്രവും , ഒളിവിലെ നേതാവും തമ്മിലുള്ള ഏക ആശയവിനിമയ മാര്‍ഗ്ഗവും അയാള്‍ മുഖാന്തിരം ആയിരിക്കും. പോലീസ് ടെകിനെ പിടി കൂടിയാലും , നേതാവിനെ പിടികൂടിയാലും ഈ രഹസ്യ സംവിധാനം പഴുതടച്ച് വീണ്ടും ഉടച്ച് വാര്‍ക്കും . ചിറ്റഗോങ്ങ് മുതല്‍ സൗരാഷ്ട്ര വരെയും കറാച്ചി മുതല്‍ നാഗര്‍കോവില്‍ വരെയും നീളുന്ന ഈ രഹസ്യ താവളങ്ങളിലാണ് നിരോധിക്കപ്പെട്ട കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ഷെല്‍ട്ടറുകള്‍ ഉള്ളത്.നിരന്തരം പുതുക്കി പണിയുന്ന ഈ ടെക് സംവിധാനത്തിന്റെ നിഗൂഢ സ്വഭാവത്തിന് മുന്നില്‍ ബ്രിട്ടീഷ് രഹസ്യ പോലീസുകാര്‍ വരെ അന്ധാളിച്ച് നിന്നിട്ടുണ്ട്.
പുന്നപ്ര വയലാര്‍ വെടിവെയ്പ്പ് കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ CID വാസുപിള്ളയെ
ആലപ്പുഴ SP വൈദ്യനാഥ അയ്യര്‍ വിളിപ്പിച്ചു
പാല ലോക്കപ്പില്‍ അലക്‌സ് എന്നൊരുത്തന്‍ കിടപ്പുണ്ട്, അത് വി.എസ് അച്യുതാനന്ദന്‍ ആണോ എന്നൊരു സംശയം ഉണ്ട് വാസുപിള്ള ഉടനെ ഒന്ന് അവിടെ വരെ പോണം '
ശരി , ഏമാനെ ! പുന്നപ്രക്കാരന്‍ CID വാസുപിള്ള അറ്റന്‍ഷനിലായി
ആലപ്പുഴ എസ്.പി വൈദ്യനാഥ അയ്യരുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ വി.എസ് അച്യുതാനന്ദന്‍ കയറി പറ്റിയിട്ട് മാസങ്ങള്‍ കഴിഞ്ഞു. പുന്നപ്ര വയലാര്‍ മുന്നൊരുക്കം നടക്കുന്ന കാലത്തേ ബ്ലാക്ക് വാറണ്ട് ഉള്ള പ്രതിയാണ് വി.എസ്. ഒരു തരം ഗറില്ല രീതിയിലാണ് അച്യുതാനന്ദന്റെ പ്രവര്‍ത്തനം. പള്ളാത്തുരുത്തി പാടത്തിന്റെ കരയില്‍ ആളുകളോട് സംസാരിച്ച് നില്‍ക്കുന്നത് കണ്ടു , ആലിശ്ശേരി കടപ്പുറത്ത് കുടിലില്‍ കണ്ടു എന്നൊക്കെ പലരും പറയും , പോലീസ് തപ്പി ചെല്ലുമ്പോള്‍ പൊടി പോലും കാണില്ല. 1946 ആഗസ്റ്റില്‍ ഒരു യോഗവേദിയില്‍ നിന്ന് നൂറ് കണക്കിന് പോലീസുകാരെ കബളിപ്പിച്ച് ആള്‍കൂട്ടത്തിലേക്ക് ഊളിയിട്ട കെ.വി.പത്രോസിനെയും , വി. എസ്. അച്യുതാനന്ദനെയും പോലീസിന് പിടിക്കാന്‍ പറ്റിയില്ല
വലിയ നാണക്കേടായി പോയി
എസ് പി വൈത്തിയുടെ രഹസ്യ ദൗത്യവുമായി CID
വാസുപിള്ള കോട്ടയം ബോട്ട് പിടിച്ചു.
പുന്നപ്രയില്‍ എസ്‌ഐ വേലായുധന്‍ നാടാരും നാല് പോലീസുകാരും തൊഴിലാളി 'ആക്ഷനില്‍' കൊല്ലപ്പെട്ടതോടെ ദിവാന്‍ സര്‍ സി.പി രാമസ്വാമി അയ്യര്‍ തിരുവതാംകൂര്‍ സൈന്യത്തിന്റെ കേണല്‍ ഇന്‍ ചീഫ് ആയി ചാര്‍ജ്ജ് എടുത്തു. പിന്നാലെ തിരുവതാംകൂറില്‍ മാര്‍ഷല്‍ ലോ പ്രഖ്യാപിച്ചു.
ജീവനോടെയോ അല്ലാതെയോ പിടികൂടേണ്ട ട്രേഡ് യൂണിയന്‍ നേതാക്കളുടെ പേരുകള്‍ ദിവാന്റെ മേശപുറത്ത് ഉണ്ടായിരുന്നു . കെ. സി ജോര്‍ജ് , വി.എസ് അച്യുതാനന്ദന്‍ , ടി വി തോമസ് , സി കെ കുമാര പണിക്കര്‍ ,കെ വി പത്രോസ് , പി കെ ചന്ദ്രാനന്ദന്‍ , സി.ജി സദാശിവന്‍ , എന്‍ പി തണ്ടാര്‍ , എം ടി ചന്ദ്രസേനന്‍ , കെ എസ് ബെന്‍ , കൊലമരം ദാമോദരന്‍ തുടങ്ങി നിരവധി പേരുകാര്‍
തുലാം 7 ന്റെ വെടിവെയ്പ്പ് കഴിഞ്ഞ് ആക്ഷനില്‍ പങ്കെടുത്തവര്‍ പോലീസിന്റെ കൈയ്യില്‍ നിന്ന് ഏഴ്
303 റൈഫിള്‍ പിടിച്ചെടുത്തിരുന്നു. വി. എസിന്റെ നിര്‍ദ്ദേശാനുസരണം ആ തോക്കുകള്‍ വേലുത്തമ്പി ദളവ വെള്ളക്കാരെ കല്ല് കെട്ടി താഴ്ത്തിയ കരിമ്പാറ വളവില്‍ ഒരു ചാക്കില്‍ ചുറ്റി വെള്ളത്തില്‍ താഴ്ത്തി.
പള്ളാതുരുത്തിയിലെ തന്റെ ഷെല്‍ട്ടറില്‍ നിന്ന്
1946 ഒക്ടോബര്‍ 26 നാണ് വി.എസ് പൂഞ്ഞാറിലെ ഷെല്‍ട്ടറില്‍ എത്തുന്നത്. പുന്നപ്രക്ക് പിന്നാലെ മാരാരികുളത്തും , മേനാശേരിയും , വയലാറിലും വെടിവെയ്പ് കഴിഞ്ഞതോടെ വിഎസിന്റെ രഹസ്യതാവളം പോലീസ് എങ്ങനെയോ മനസിലാക്കി.
പിറ്റേന്ന് കാലത്ത് തോട്ടില്‍ കുളിച്ചിട്ട് നടന്ന് വരുന്ന വി.എസിനെ ഒരപരിചിതന്‍ തോളില്‍ പിടിച്ച് നിര്‍ത്തി
അച്യുതാനന്ദന്‍ അല്ലേ ?
അപകടം മണത്ത വിഎസ് കൈതട്ടി കളഞ്ഞ് മുന്നോട്ട് നീങ്ങുമ്പോള്‍ ചുറ്റും വിസില്‍ മുഴങ്ങി
വി എസ് പിടിയിലായി , പിടിയിലായ ഉടന്‍ വി എസിനെ
തോര്‍ത്ത് കൊണ്ട് കൈ ബന്ധിച്ചു
1946 ഒക്ടോബര്‍ 28-നാണ് പാലാ പൊലീസ് പൂഞ്ഞാറില്‍ നിന്ന് VS നെ പിടികൂടൂന്നത്. പുന്നപ്ര വയലാര്‍ വെടിവെയ്പ്പിന് ശേഷം പോലീസിന് ആദ്യം പിടികിട്ടുന്ന പ്രധാന പ്രതിയും നേതാവുമാണ് . പക്ഷെ
താന്‍ അലക്‌സാണെന്നും , തനിക്ക് ഒന്നും അറിയില്ലെന്നുമാണ് അദ്ദേഹം ആവര്‍ത്തിച്ച് പറയുന്നത്
ഒളിവ് സങ്കേതത്തില്‍ നിന്ന് പൊലീസിന് ഒരു തുണ്ട് കടലാസ് കിട്ടിയിരുന്നു..
അതില്‍ ചില കോഡ് വാക്കുകള്‍ ഉണ്ടായിരുന്നു. അവര്‍ക്കതറിയണം. ഭീഷണിപ്പെടുത്തിനോക്കി, അനങ്ങിയില്ല. മര്‍ദ്ദനമായി. കോറത്തുണിയില്‍ കരിങ്കല്ല് കെട്ടി മുതുകിലിടിച്ചു, പാര്‍ട്ടി രഹസ്യങ്ങള്‍ പോലീസിനോട് പറഞ്ഞാല്‍ പിന്നെ ജീവിച്ചിരിക്കുന്നതില്‍ അര്‍ത്ഥം ഇല്ല. ഉടലാകെ അവര്‍ ഇടിച്ചു ചതച്ചു., എന്നിട്ടും വി എസ് കമാ എന്നരക്ഷരം മിണ്ടിയില്ല .
ആലപ്പുഴയില്‍ നിന്നെത്തിയ സി. ഐ.ഡി വാസുപിളള അച്യുതാനന്ദനെ തിരിച്ചറിഞ്ഞു. സബ് ഇന്‍സ്‌പെക്ടര്‍ ഇടിയന്‍ നാരായണപിള്ളയോട് വാസുപിളള സന്തോഷത്തോടെ ആ അറിവ് പകര്‍ന്നു. ''കാഞ്ഞ പുള്ളിയെ ആണല്ലോ പിടിച്ചിട്ടിരിക്കുന്നത്. പുന്നപ്രയില്‍ ഇന്‍സ്‌പെക്ടര്‍ ഏമാന്റെ തലവെട്ടിയ സംഘത്തിന്റെ നേതാവ് അല്ലേ ഇത്'' വാസുപിളള ലോക്കപ്പിനടുത്ത് ചെന്ന് അച്യുതാനന്ദനോട് പറഞ്ഞു. ''പേടിക്കേണ്ട എല്ലാം പറഞ്ഞുകൊടുത്തിട്ടുണ്ട്.''
അയാള്‍ പോയി.
പൊന്നു തമ്പുരാനെതിരെ കലാപശ്രമം നടത്തിയ ഒരുത്തനെ കൈയ്യില്‍ കിട്ടിയ പൊലീസുകാര്‍ ആര്‍ത്തിയോടെ ലോക്കപ്പ് വലിച്ച് തുറന്നു , നിമിഷങ്ങള്‍കകം അച്യുതാനന്ദന്റെ കാലുകള്‍ ലോക്കപ്പഴികളിലൂടെ വലിച്ചെടുത്തു ചക്കരകയറിട്ടുകെട്ടി, ഉറപ്പിച്ചു. കാല്‍വെള്ളയില്‍ ചൂരല്‍കൊണ്ട് അടി തുടങ്ങി.
'' കല്ലുകെട്ടി അടിക്കുമ്പോള്‍ പിന്നീട് മരവിപ്പായിരുന്നു. പക്ഷേ കാല്‍വെള്ളയില്‍ ചൂരല്‍ പതിച്ചപ്പോള്‍ ജീവന്‍ പറക്കുംപോലെ തോന്നി''- 1991- ജൂണ്‍ 2 ന് കേരളാ കൗമുദി ലേഖകന്‍ ആയ ബി.സി ജോജോക്ക് നല്‍കിയ അഭിമുഖത്തില്‍ വി. എസ് ഇങ്ങനെ പറഞ്ഞു.
ഇങ്ങനെ അടി നടന്നുകൊണ്ടിരിക്കുമ്പോള്‍
ഒരു പൊലീസുകാരന്‍ ബയണെറ്റെടുത്ത് കാല്‍വെള്ളയില്‍ ആഞ്ഞുകുത്തി. കൊല്ലാനുള്ള കുത്തായിരുന്നു ,രക്തം വാര്‍ന്നൊഴുകി വി എസ് നിശ്ചലനായി
വി.എസ് ആദ്യമായി മരിച്ചത് അന്നായിരുന്നു
മീനച്ചിലാറിന്റെ കരയിലെ ഏതെങ്കിലും കൈതയുടെ താഴെ ഒരു കുഴിയെടുത്ത് വി.എസിനെ പോലീസ് കുഴിച്ചിടുമായിരുന്നു. വെടിവെയ്പ്പില്‍ കാണാതായവരുടെ കൂട്ടത്തില്‍ ഒരിക്കലും തെളിയാത്ത കേവലം FIR നമ്പര്‍ മാത്രമായി പോകുമായിരുന്നു വി.എസ് അച്യുതാനന്ദന്‍ .
23 വയസുള്ള വി എസിന്റെ ജഡം ചാക്കില്‍ കെട്ടി കുഴിച്ചിടാന്‍ കൊണ്ട് പോയി ! പോകും വഴി ശ്വാസം ഉണ്ടെന്ന് തിരിച്ചറിഞ്ഞത് പോലീസിന്റെ സഹായിയായി കൂടെ കൂടിയ കള്ളന്‍ കോലപ്പന്‍ !
കോലപ്പനോട് മലയാളി എന്നും കടപ്പെട്ടിരിക്കും.
മരണത്തെ തോല്‍പ്പിച്ചവന്റെ രണ്ടാം ജന്‍മത്തില്‍
വി എസ് 'സ്വച്ചന്ദമൃത്യുവായി '
'ആഗ്രഹിച്ചാല്‍ മാത്രം മരണം'
എന്ന സിദ്ധമായ കഴിവ് സ്വന്തമാക്കിയ
ഭീഷ്മാചാര്യന്‍ .
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വം വേണ്ട
അവരോട് നേരിയ അനുഭാവം എങ്കിലും
ഉണ്ടാവുക എന്നാല്‍
'മരണത്തിന് വരണമാല്യം' ചാര്‍ത്തുക
എന്നതാണ് അര്‍ത്ഥം
ആ കാലത്താണ് വി.എസ് പാര്‍ട്ടി അംഗത്വം
എടുക്കുന്നത്.
ഒരിക്കല്‍ താന്‍ അടക്കമുള്ള കമ്മ്യൂണിസ്റ്റുകാരെ അപായപ്പെടുത്താന്‍ തിരുവതാംകൂര്‍ ഭരണകൂടം യോഗം ചേര്‍ന്നിരുന്ന ഹജൂര്‍ കച്ചേരിയിലെ 'ദര്‍ബാര്‍ ഹാളില്‍ ' ഇന്ന് വി.എസിന്റെ മൃതദേഹം കിടത്തിയപ്പോള്‍ ആ ചുണ്ടില്‍
നേര്‍ത്ത മന്ദഹാസം ഉണ്ടായിരുന്നത് പോലെ
പണ്ട് ബയണറ്റിന് കുത്തിയിട്ടും അരിശം മാറാതെ നിന്ന പോലീസ്
ഇന്ന് തോക്ക് താഴ്ത്തി പിടിച്ച്
ആചാരപൂര്‍വ്വം യാത്രയാക്കുന്നു
'കരിമേഘമാലകള്‍ പെയ്തുപെയ്‌തൊഴിയും
കണിമഴവില്ലൊളി വിരിയും
അരമനക്കോട്ടകള്‍ തകരും…
അടിമതന്‍ കണ്ണിലിന്നെരിയുന്ന നൊമ്പരം
അഗ്‌നിനക്ഷത്രമായ് വിടരും - നാളെ
അഗ്‌നിനക്ഷത്രമായ് വിടരും '
കവി എഴുതിയത് കാലം അന്വര്‍ത്ഥമാക്കുന്നു', ജീവന്‍കുമാര്‍ കുറിച്ചു.