മുത്തച്ഛൻ തരുന്നതാണ് വാങ്ങിക്കോളൂ, പെൻഷൻ കാശ് സൂക്ഷിച്ചു വെച്ചതാണ്: സൂര്യനെല്ലി പെൺകുട്ടിയെ വി എസ് കണ്ട നിമിഷം

വി എസ് ബാഗ് തുറന്ന് ഒരു ലക്ഷം രൂപ എടുത്ത് അവളുടെ പപ്പയുടെ കയ്യില്‍ കൊടുത്തു...

dot image

തിരുവനന്തപുരം: വി എസ് അച്യുതാനന്ദനെ അനുസ്മരിച്ച് അധ്യാപിക സുജ സൂസന്‍ ജോര്‍ജ്. സൂര്യനെല്ലിയില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ കാണാനെത്തിയപ്പോഴുള്ള അനുഭവം പങ്കുവെച്ചുകൊണ്ടാണ് എഴുത്തുകാരി കൂടിയായ സുജ സൂസന്‍ ജോര്‍ജ് വി എസിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെയ്ക്കുന്നത്.

സൂര്യനെല്ലി കേസില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ വി എസ് പെണ്‍കുട്ടിയോടും മാതാപിതാക്കളോടും സംസാരിച്ച ശേഷം ബാഗ് തുറന്ന് ഒരു ലക്ഷം രൂപ എടുത്ത് കൊടുത്തുവെന്ന് സുജ സൂജന്‍ ജോര്‍ജ് പറയുന്നു. കുടുംബം അത് വാങ്ങാന്‍ മടിച്ചതോടെ, ''ഇത് അവളുടെ മുത്തശ്ശന്‍ തരുന്നതാണ് വാങ്ങിക്കോളൂ. ഇതെന്റെ പെന്‍ഷന്‍ കാശ് സൂക്ഷിച്ചു വെച്ചതാണ്.'' എന്ന് വി എസ് പറഞ്ഞതായും സുജ സൂസന്‍ ജോര്‍ജ് ഓര്‍മ്മിപ്പിച്ചു.

കുറിപ്പിന്‍റെ പൂർണ്ണരൂപം-

വി എസ്…..നിരന്തരം തളിര്‍ക്കുന്ന വന്‍മരമായിരുന്നു.

ഒരു നൂറ്റാണ്ട് കടന്നു പോയ ജീവിതം.അതൊരു വ്യക്തിയുടെയോ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയോ ചരിത്രമായിരുന്നില്ല. കേരളത്തിന്റെ മാറ്റത്തിന്റെ ചരിത്രമായിരുന്നു.കണ്ണേ ,കരളേ വിഎസേ,ഞങ്ങടെ ചങ്കിലെ റോസാപ്പൂവേ എന്ന് തൊണ്ട പൊട്ടി,തൊണ്ട ഇടറി ,കണ്ണ് നിറഞ്ഞ് ,ജീവന്റെ ആഴത്തില്‍ നിന്ന് ഉതിര്‍ന്ന മുദ്രാവാക്യങ്ങള്‍ ശബ്ദമില്ലാത്തവരുടെ ശബ്ദങ്ങളുടെ ഇടിമുഴക്കമായിരുന്നു. പലപ്പോഴും ആ പ്രകമ്പനങ്ങള്‍ എന്റെ ഹൃദയത്തെയും ഭേദിച്ച് കടന്നു പോയിട്ടുണ്ട്.വിറകൊണ്ട് നിന്നിട്ടുണ്ട് ഞാനും.


സൂര്യനെല്ലി കേസും വിഎസും

അത് വലിയൊരു ചരിത്രമാണ്.അതിലെ അവസാന ഖണ്ഡമാണ് ഇവിടെ കുറിക്കുന്നത്. വി എസ് പ്രതിപക്ഷ നേതാവായിരുന്ന കാലം. ഒരു ദിവസം എനിക്ക് വന്ന ഒരു ഫോണ്‍വിളി വിഎസ് അച്യുതാനന്ദന്റേതായിരുന്നു. അദ്ദേഹത്തിന് എന്നെ നേരിട്ട് കണ്ട് സൂര്യനെല്ലി കേസിനെ കുറിച്ച് സംസാരിക്കണമെന്ന് പറഞ്ഞു. അങ്ങനെ കുട്ടനാട് പാര്‍ടി ഓഫീസില്‍ വെച്ച് അദ്ദേഹത്തെ കണ്ട് ദീര്‍ഘമായി സംസാരിച്ചു. ഞാനത്ര അടുത്തിരുന്ന് വിഎസിനെ ആദ്യം കാണുകയാണ്. ടോണ്‍ഡ് ബോഡി. തിളങ്ങുന്ന ത്വക്ക്. നരകേറി കറുപ്പ് മായാന്‍ ഇനിയുമേറെയുണ്ട് ബാക്കി .പ്രായം 85നു മേല്‍.


അതിന് അടുത്ത ആഴ്ച വിഎസ് ചെങ്ങനാശേരിയിലെ അവരുടെ വീട് സന്ദര്‍ശിച്ചു. അടച്ചിട്ട മുറിയിലിരുന്ന് മാതാപിതാക്കളോടും അവളോടും സംസാരിച്ചു. അവരുടെ സങ്കടങ്ങളെ ആറ്റിത്തണുപ്പിച്ചു. പുറമെ നിന്ന് ഞാന്‍ മാത്രം. വിഎസ് ബാഗ് തുറന്ന് ഒരു ലക്ഷം രൂപ എടുത്ത് അവളുടെ പപ്പയുടെ കയ്യില്‍ കൊടുത്തു. അദ്ദേഹം അത് വാങ്ങാന്‍ മടിച്ചു. വളരെ പതുക്കെ മന്ത്രിക്കും പോലെ വിഎസ് പറഞ്ഞു.
''ഇത് അവളുടെ മുത്തശ്ശന്‍ തരുന്നതാണ് വാങ്ങിക്കോളൂ. ഇതെന്റെ പെന്‍ഷന്‍ കാശ് സൂക്ഷിച്ചു വെച്ചതാണ്.'' അതാണ് വിഎസ്. അങ്ങനെയായിരുന്നു വി എസ്. വിട ! ഈ നൂറ്റാണ്ടിന്റെ നായകന്..

Content Highlights: suja susan george about v s achuthanandan

dot image
To advertise here,contact us
dot image