'ഇടിച്ചിടിച്ച് മൃതപ്രായമാക്കിയപ്പോഴും തളരാതെയും മാറാതെയും ആശയത്തിൽ ഉറച്ചുനിന്ന വി എസ്; സമരങ്ങളുടെ സന്തതസഹചാരി'

ദുരിതങ്ങളുടെ കയര്‍ പിരിച്ചും പാടങ്ങളില്‍ വിയര്‍പ്പൊഴുക്കിയും ജീവിതം തുന്നിച്ചേര്‍ക്കുന്ന തൊഴിലാളികള്‍ക്കിടയിലെ പ്രവര്‍ത്തനങ്ങളിലൂടെ സ്വന്തം പാത അവരുടെ ഉന്നമനത്തിനായുള്ള പോരാട്ടമാണെന്ന് സ്വയം തിരിച്ചറിയുകയായിരുന്നു വി എസ്

dot image

തിരുവനന്തപുരം: മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന വി എസ് അച്യുതാനന്ദനെ അനുസ്മരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇടിച്ചിടിച്ച് മൃതപ്രായമാക്കിയപ്പോഴും തളരാതെയും മാറാതെയും വി എസ് തന്റെ ആശയപഥത്തില്‍ ഉറച്ചുനിന്നെന്ന് അദ്ദേഹം പറഞ്ഞു. ദുരിതങ്ങളുടെ കയര്‍ പിരിച്ചും പാടങ്ങളില്‍ വിയര്‍പ്പൊഴുക്കിയും ജീവിതം തുന്നിച്ചേര്‍ക്കുന്ന തൊഴിലാളികള്‍ക്കിടയിലെ പ്രവര്‍ത്തനങ്ങളിലൂടെ സ്വന്തം പാത അവരുടെ ഉന്നമനത്തിനായുള്ള പോരാട്ടമാണെന്ന് സ്വയം തിരിച്ചറിയുകയായിരുന്നു വി എസ് എന്നും ബിനോയ് വിശ്വം ഫേസ്ബുക്കില്‍ കുറിച്ചു.

സമരങ്ങളുടെ സന്തതസഹചാരിയായാണ് വര്‍ത്തമാനകാല കേരള ചരിത്രത്തില്‍ അദ്ദേഹം അടയാളപ്പെട്ടത്. ആദ്യകാല സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കും സമരങ്ങള്‍ക്കും ശേഷം മിച്ചഭൂമി സമരം, വെട്ടിനിരത്തലെന്ന് വിമര്‍ശിക്കപ്പെട്ട നെല്‍വയല്‍ സംരക്ഷണ സമരം, ഇടമലയാറിലെയും മതികെട്ടാനിലെയും കയ്യേറ്റവിരുദ്ധ പോരാട്ടങ്ങള്‍, പ്രകൃതിക്കും പരിസ്ഥിതിക്കും വേണ്ടിയുള്ള ജനമുന്നേറ്റങ്ങള്‍ എന്നിങ്ങനെ സമീപകാലത്ത് വി എസ് എന്ന പ്രക്ഷോഭകാരി അടയാളപ്പെട്ട സംഭവങ്ങള്‍ പലതായിരുന്നുവെന്നും ബിനോയ് വിശ്വം കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

നിലപാടുകളിലെ സ്ഫടിക സമാനത

കൗതുകങ്ങളും കളിയനുഭവങ്ങളും നിറഞ്ഞതായിരുന്നില്ല വി എസ് അച്യുതാനന്ദനെന്ന പോരാളിയുടെ ബാല്യ കൗമാരങ്ങള്‍. നാലുവയസുള്ളപ്പോള്‍ വസൂരി ബാധിച്ച് മാതാവിനെയും 11ാം വയസില്‍ പിതാവിനെയും നഷ്ടപ്പെട്ട കൗമാരക്കാരന് അത്തരം കൂതൂഹലങ്ങള്‍ ലഭിക്കുന്നതിന് അനുയോജ്യമായ ജീവിത പരിസരമായിരുന്നില്ല അദ്ദേഹത്തിന്റെ കുടുംബത്തിന്റേത്. നാലുമക്കളില്‍ രണ്ടാമനായവന് തനിക്ക് താഴെയുള്ളവരുടെ ജീവിതഭാരവും കൂടി വഹിക്കേണ്ടതുണ്ടായിരുന്നു. അതുകൊണ്ടാണ് ഏഴാം ക്ലാസില്‍ പഠനമവസാനിപ്പിച്ച് മൂത്ത സഹോദരന്‍ ഗംഗാധരനൊപ്പം ജൗളിക്കടയില്‍ സഹായിയാകേണ്ടിവന്നത്.

പ്രാഥമിക വിദ്യാഭ്യാസത്തിനപ്പുറം നേടാനാകാതെ പോയ അദ്ദേഹം പക്ഷേ ജീവിതാനുഭവങ്ങളുടെ പാഠശാലകളിലും വായനാ മുറികളിലും നിന്ന് നേടിയ വിജ്ഞാനത്തിലൂടെ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതകള്‍ നേടിയവരേക്കാള്‍ ഉന്നതതലങ്ങളിലെത്തി. കേരള ചരിത്രത്തിന്റെ ഗതിനിര്‍ണയം നടത്തിയ ഐതിഹാസിക പ്രക്ഷോഭത്തിന്റെ കേന്ദ്രമായി മാറിയ പുന്നപ്രയിലെ പറവൂര്‍ ജങ്ഷനിലെ സഹോദരന്റെ ജൗളിക്കടയിലെത്തുന്നവര്‍ നടത്തിയ രാഷ്ട്രീയ ചര്‍ച്ചകളിലൂടെയാണ് അവിടെ ജോലിക്കാരനായിരുന്ന വി എസ് അച്യുതാനന്ദന്റെ രാഷ്ട്രീയ ബോധ്യങ്ങള്‍ നിര്‍ണയിക്കപ്പെട്ടത്.

പിന്നീട് കടയുടെ പരിസരത്തെ ആസ്പിന്‍വാള്‍ കയര്‍ കമ്പനിയില്‍ ജോലിക്ക് ചേര്‍ന്ന് തൊഴിലാളി സംഘടനാ പ്രവര്‍ത്തകനായതോടെ അദ്ദേഹത്തിലെ അധഃസ്ഥിതി വര്‍ഗ സംഘാടകന്റെ പൂര്‍ണരൂപം പരുവപ്പെട്ടു. ആലപ്പുഴയില്‍ അപ്പോള്‍ കമ്മ്യൂണിസ്റ്റ്, തൊഴിലാളി മുന്നേറ്റങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും നദികളൊഴുകിത്തുടങ്ങിയിരുന്നു. സൈമണ്‍ ആശാന്‍, ആര്‍ സുഗതന്‍, കെ വി പത്രോസ്, പി കൃഷ്ണപിള്ള, ടി വി തോമസ് എന്നിങ്ങനെ നേതാക്കളുടെ കാര്‍മികത്വത്തില്‍ കയര്‍, മത്സ്യം, ഓയില്‍ ആന്റ് കന്നിട്ട, ചെത്ത് മേഖലകളിലെ തൊഴിലാളികളുടെ സംഘടിതരൂപം പിറവിയെടുക്കുന്ന കാലം. അവരുടെ നേതൃത്വത്തിലുള്ള കയര്‍ത്തൊഴിലാളി സംഘടനയിലേക്കാണ് വിഎസ് ചുവടുവച്ചെത്തിയത്. പിന്നീട് സംഘടനയുടെ ഭാരവാഹിയായും മാറി.

1940ല്‍ സിപിഐ അംഗമായ അദ്ദേഹം പാര്‍ട്ടി നിര്‍ദേശപ്രകാരം 1941ല്‍ കുട്ടനാട്ടിലെത്തുകയും ജന്മി, ഭൂപ്രഭുക്കന്മാര്‍ക്കു കീഴില്‍ അടിമകളെപ്പോലെ പണിയെടുക്കുന്ന കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിക്കുന്ന ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തു. അപ്പോള്‍ അദ്ദേഹത്തിന് 18 വയസായിരുന്നു. യൗവനത്തിലെത്തുന്നതിന് മുമ്പുതന്നെ നാട്ടില്‍ നിന്ന് വിട്ട് തൊഴിലാളി സംഘാടനത്തിനെത്തിയ വിഎസിന് നഷ്ടമായ ബാല്യ, കൗമാരങ്ങളുടെ സ്വാഭാവിക ജീവിതത്തെ ഈ ആദ്യകാലത്തിന്റെ വായനയിലൂടെ നമുക്ക് മനസിലാക്കാനാകും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും തൊഴിലാളി യൂണിയനുകളുടെയും പ്രവര്‍ത്തകരും നേതാക്കളും ഒളിവിലും ജയിലിലും അനുഭവിക്കേണ്ടിവന്ന പീഡനങ്ങളുടെ അവശേഷിപ്പുകള്‍ - 1940കളിലെയും 1948ല്‍ കല്‍ക്കട്ടാ തീസീസിന്റെ കാലത്തുമുണ്ടായ തീവ്രാനുഭവങ്ങള്‍ - വിഎസിന്റെ ശരീരത്തിലും ബാക്കിയുണ്ട്.

ഇടിച്ചിടിച്ച് മൃതപ്രായമാക്കിയപ്പോഴും തളരാതെയും മാറാതെയും അദ്ദേഹം തന്റെ ആശയപഥത്തില്‍ ഉറച്ചുനിന്നു. ദുരിതങ്ങളുടെ കയര്‍ പിരിച്ചും പാടങ്ങളില്‍ വിയര്‍പ്പൊഴുക്കിയും ജീവിതം തുന്നിച്ചേര്‍ക്കുന്ന തൊഴിലാളികള്‍ക്കിടയിലെ പ്രവര്‍ത്തനങ്ങളിലൂടെ സ്വന്തം പാത അവരുടെ ഉന്നമനത്തിനായുള്ള പോരാട്ടമാണെന്ന് സ്വയം തിരിച്ചറിയുകയായിരുന്നു വിഎസ്. കിടപ്പുജീവിതത്തിലേക്ക് മാറുന്നതിനിടയാക്കിയ പക്ഷാഘാതം പിടികൂടുന്ന 2019 അവസാനം വരെ അദ്ദേഹത്തിന്റെ സമരഭരിതവും അതേസമയം നിലപാടുകളില്‍ വിട്ടുവീഴ്ചയുമില്ലാത്തതുമായ സമരജീവിതത്തിന് നാം നേര്‍സാക്ഷികളായി.

അകത്തും പുറത്തും കലാപകാരിയായിരുന്നു വിഎസ് എന്ന് പറഞ്ഞാല്‍ അദ്ദേഹത്തിന്റെ ജീവിതം പഠിച്ചവര്‍ക്ക് അതിശയോക്തിയാവില്ലത്. പാര്‍ട്ടിക്കകത്തുണ്ടായ അഭിപ്രായ ഭിന്നതകളില്‍ ഒരു പക്ഷം പിടിക്കുമ്പോഴും താന്‍ നില്‍ക്കുന്ന ഭാഗമാണ് ശരിയെന്ന് അദ്ദേഹം കര്‍ശന നിലപാടെടുത്തു. 1964ല്‍ സിപിഐയില്‍ ഭിന്നിപ്പിനിടയാക്കിയ അഭിപ്രായ ഭിന്നതയുടെ കാലത്ത് അദ്ദേഹം ഈ നിലപാട് ആവര്‍ത്തിച്ചു. ദേശീയ കൗണ്‍സിലില്‍ നിന്ന് ഇറങ്ങിപ്പോയ 32 പേരില്‍ വിഎസ്, ഒരാളായത് അതുകൊണ്ടായിരുന്നു. സമരങ്ങളുടെ സന്തതസഹചാരിയായാണ് വര്‍ത്തമാനകാല കേരള ചരിത്രത്തില്‍ അദ്ദേഹം അടയാളപ്പെട്ടത്. ആദ്യകാല സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കും സമരങ്ങള്‍ക്കും ശേഷം മിച്ചഭൂമി സമരം, വെട്ടിനിരത്തലെന്ന് വിമര്‍ശിക്കപ്പെട്ട നെല്‍വയല്‍ സംരക്ഷണ സമരം, ഇടമലയാറിലെയും മതികെട്ടാനിലെയും കയ്യേറ്റവിരുദ്ധ പോരാട്ടങ്ങള്‍, പ്രകൃതിക്കും പരിസ്ഥിതിക്കും വേണ്ടിയുള്ള ജനമുന്നേറ്റങ്ങള്‍ എന്നിങ്ങനെ സമീപകാലത്ത് വിഎസ് എന്ന പ്രക്ഷോഭകാരി അടയാളപ്പെട്ട സംഭവങ്ങള്‍ പലതായിരുന്നു.

പ്രതിപക്ഷത്തായിരിക്കുമ്പോള്‍ താന്‍ നയിച്ച പ്രക്ഷോഭങ്ങള്‍ക്കുശേഷം അതിലുന്നയിച്ച ആവശ്യങ്ങളുടെ നിയമപരമായ സാധൂകരണത്തിനുവേണ്ടിയുള്ള ശ്രമങ്ങളില്‍ അദ്ദേഹം വിട്ടുവീഴ്ചയില്ലാത്ത ഭരണാധികാരിയുമായി. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നെല്‍വയല്‍ സംരക്ഷണ നിയമവും വനം സംരക്ഷണത്തിനുവേണ്ടിയുള്ള ശക്തമായ നിലപാടുകളും മൂന്നാറിലുള്‍പ്പെടെ അനധികൃത കയ്യേറ്റത്തിനെതിരായ ഭരണനടപടികളും നിരവധി സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളും അദ്ദേഹത്തിന്റെ ഭരണകാലത്തുണ്ടായി. അവിടെയും നിലപാടിന്റെ കാര്‍ക്കശ്യത്തിനിടെ പാര്‍ട്ടിയുടെ വൃത്തത്തിന് പുറത്തുകടന്ന വിഎസിനെയും ചില വേളകളില്‍ നാം കാണുകയുണ്ടായി.

വി എസ് പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ നിയമസഭാംഗവും മുഖ്യമന്ത്രിയായിരുന്ന അഞ്ചുവര്‍ഷം വനം, ഭവന നിര്‍മ്മാണ വകുപ്പുകളുടെ ചുമതല വഹിച്ച മന്ത്രിയുമായിരുന്നതിന്റെ ഊഷ്മളമായ നിരവധി അനുഭവങ്ങള്‍ ഈ കുറിപ്പെഴുതാനിരിക്കുമ്പോള്‍ മനസിലേക്ക് കടന്നുവരുന്നുണ്ട്. പരിസ്ഥിതി സംരക്ഷണത്തിന്റെ അവിഭാജ്യ ഘടകമാണ് വനവും വന്യജീവിസംരക്ഷണവുമെന്നതിന്റെ അടിസ്ഥാനത്തിലുള്ള എല്ലാ നടപടികളെയും കലവറയില്ലാതെ പിന്തുണച്ച മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. എം എന്‍ ഗോവിന്ദന്‍ നായരുടെ കാലത്ത് ആരംഭിച്ച ലക്ഷം വീട് പദ്ധതികളുടെ നവീകരണമുള്‍പ്പെടെ ഭവനരഹിതരില്ലാത്ത കേരളമെന്ന സ്വപ്നസാക്ഷാത്കാരത്തിനുള്ള ഭവന വകുപ്പിന്റെ പദ്ധതികള്‍ക്കും അദ്ദേഹത്തിന്റെ അകമഴിഞ്ഞ പിന്തുണ കിട്ടി.

വികസനത്തിന്റെ പേരിലുള്ള മരം നശീകരണത്തിനെതിരെ വനംമന്ത്രിയെന്ന നിലയിലെടുത്ത നിലപാടുകളും നടപടികളും പ്രതീക്ഷിക്കാത്ത ചില കോണുകളില്‍ നിന്ന് വിമര്‍ശനം വരുത്തിയപ്പോഴും മുഖ്യമന്ത്രിയെന്ന നിലയില്‍ വിഎസ് കൂടെ നിന്നത് നല്ല ഓര്‍മ്മകളിലൊന്നാണ്. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറിയശേഷം പ്രതിപക്ഷ നേതാവായും 2016 മുതല്‍ അഞ്ചുവര്‍ഷക്കാലം ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനെന്ന നിലയില്‍ ഭരണ നടപടികള്‍ ജനോപകാരപ്രദമാക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശകനായും അദ്ദേഹത്തിലെ പോരാളിയെയും നേതാവിനെയും പിന്നീടും കേരളം കണ്ടു. ജീവിതകാലം മുഴുവന്‍ മികച്ച സംഘാടകനും പാര്‍ശ്വവല്‍കൃത വിഭാഗങ്ങളുടെ അവകാശപോരാട്ടങ്ങളിലെ മുന്നണിപ്പോരാളിയും ജനക്ഷേമ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കിയ ഭരണാധികാരിയും അതേസമയം തന്നെ നിലപാടുകളില്‍ കാര്‍ക്കശ്യവും ജീവിതത്തില്‍ സ്ഫടിക സമാനമായ വിശുദ്ധിയും കാത്തുസൂക്ഷിച്ച മനുഷ്യനുമൊക്കെ ആയാണ് വിഎസിനെ കേരളം എക്കാലവും ഓര്‍ക്കുക.

Content Highlights: Binoy Viswam remembernce V. S. Achuthanandan

dot image
To advertise here,contact us
dot image