അനുരാഗ് ഇനി കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകക്കാരന്‍; സത്യവാങ്മൂലം സമര്‍പ്പിച്ച് ജോലിക്ക് കയറി

ബി എ ബാലു രാജിവെച്ചതിനെത്തുടര്‍ന്നാണ് പിന്നാക്കവിഭാഗ ലിസ്റ്റില്‍നിന്നുള്ള അനുരാഗിനെ നിയമിച്ചത്

അനുരാഗ് ഇനി കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകക്കാരന്‍; സത്യവാങ്മൂലം സമര്‍പ്പിച്ച് ജോലിക്ക് കയറി
dot image

ഇരിങ്ങാലക്കുട : ചേര്‍ത്തല സ്വദേശി അനുരാഗ് കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകക്കാരനായി ജോലിയില്‍ പ്രവേശിച്ചു. ചേര്‍ത്തല വയലാര്‍ കളവംകോട് ഉത്രാടത്തില്‍ സുനേഷ്-ഷീബ ദമ്പതിമാരുടെ മകനായ അനുരാഗ് (23) മാതാപിതാക്കള്‍ക്കൊപ്പമെത്തി അഡ്മിനിസ്ട്രേറ്റര്‍ രാധേഷ് മുന്‍പാകെ സത്യവാങ്മൂലം സമര്‍പ്പിച്ച് ജോലിക്കുകയറി.

ബികോം കഴിഞ്ഞ് ആറുമാസത്തെ അക്കൗണ്ടന്റ് കോഴ്സ് പാസായി എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരുകയായിരുന്നു അനുരാഗ്. കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നിയമിച്ചിരുന്ന റാങ്ക് പട്ടികയിലെ ഒന്നാംസ്ഥാനക്കാരനും എം.എ ബിരുദധാരിയുമായ തിരുവനന്തപുരം ആര്യനാട് സ്വദേശി ബി എ ബാലു രാജിവെച്ചതിനെത്തുടര്‍ന്നാണ് പിന്നാക്കവിഭാഗ ലിസ്റ്റില്‍നിന്നുള്ള അനുരാഗിനെ നിയമിച്ചത്.

ബാലുവിന് പൊതുവിഭാഗത്തിലായിരുന്നു നിയമനം. ബാലുവിനെ നിയമിച്ചതിനെത്തുടര്‍ന്നാണ് വിവാദങ്ങളും കോടതിവ്യവഹാരവും ആരംഭിച്ചത്. തന്ത്രിമാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ബാലുവിനെ ദേവസ്വം ഓഫീസിലേക്ക് മാറ്റിയിരുന്നു. പിന്നീട് അവധിയില്‍പ്പോയ ബാലു തിരിച്ചെത്തിയെങ്കിലും രാജിവെക്കുകയായിരുന്നു. ഏപ്രില്‍ 11-നാണ് അനുരാഗിനെ നിയമിക്കാനുള്ള ശുപാര്‍ശ നല്‍കിയത്.

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നിയമിക്കുന്നയാള്‍ക്ക് ജോലിയില്‍ പൂര്‍ണ പരിരക്ഷയും പിന്തുണയും നല്‍കേണ്ടത് ദേവസ്വത്തിന്റെ ഉത്തരവാദിത്വമാണെന്ന് ദേവസ്വം ചെയര്‍മാന്‍ അഡ്വ. സി കെ ഗോപി പറഞ്ഞു. അനുരാഗിനെ അഭിനന്ദിക്കാനും പിന്തുണയറിയിക്കാനും സിപിഐ, എസ്എന്‍ഡിപി, കെപിഎംഎസ് അടക്കമുള്ള സംഘടനാനേതാക്കളും പ്രവര്‍ത്തകരും ദേവസ്വം ഓഫീസിലെത്തിയിരുന്നു.

Content Highlight; Anurag is now the head of the Koodalamanikyam temple; he submitted an affidavit and joined the job

dot image
To advertise here,contact us
dot image