
തയ്യല്‍ തൊഴിലാളിയില്‍ നിന്നും ഏറ്റവും കരുത്തനായ കമ്മ്യൂണിസ്റ്റ് നേതാവിലേക്ക് വളര്‍ന്ന വി എസ് അച്യുതാന്ദന് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ജുബ്ബ തയ്ച്ച് നല്‍കിയത് ഒരേ ഒരു തയ്യല്‍ക്കാരനായിരുന്നു, ആലപ്പുഴക്കാരന്‍ വിലേറിയന്‍ കാര്‍ലോസ്. നീട്ടിക്കുറുക്കിയ വി എസിന്റെ പ്രസംഗം പോലെ അദ്ദേഹത്തിന്റെ ജീവിതത്തോട് ഒട്ടിനിന്ന ഒന്നായിരുന്നു ആ വെളുത്ത നീളന്‍ ജുബ്ബയും. വി എസ് അച്യുതാനന്ദന്‍ തന്നെ പറഞ്ഞ് ഡിസൈന്‍ ചെയ്യിപ്പിച്ചതാണ് ആ കുപ്പായങ്ങളെന്ന് കാര്‍ലോസ് പറയുന്നു. മനസ്സിനിണങ്ങിയ രീതിയില്‍ തയ്പ്പിച്ചുകൊടുക്കുക മാത്രമാണ് തന്റെ ഉദ്യമമെന്നും അദ്ദേഹം ഓര്‍ത്തെടുക്കുന്നു.
സാധാരണ ജുബ്ബയേക്കാള്‍ പോക്കറ്റിന് വരെ അളവെടുക്കും. പുറത്തുകാണാത്ത പ്രസ് ബട്ടണാണ് ചേര്‍ത്തുതുന്നിവെയ്ക്കുക. ശരീരത്തോട് ചേര്‍ന്നിരിയ്ക്കണം.. ഇതൊക്കെയാണ് വി എസിന്റെ ജുബ്ബയുടെ പ്രത്യകതകള്‍. എന്തെങ്കിലും വ്യത്യാസം വന്നാല്‍ വി എസ് അത് നിര്‍ദേശിക്കുമെന്നും കാര്‍ലോസ് പറയുന്നു.
പ്രതിപക്ഷത്തിരിക്കുമ്പോഴാണ് ആദ്യമായി കടയിലെത്തി അളവെടുത്ത് ജുബ്ബ തയ്ക്കുന്നത്. ആദ്യത്തെ ജുബ്ബ തയ്ച്ച അതേ അളവിലാണ് അവസാനം വരെ തയ്പ്പിച്ചിരുന്നതെന്നും കാര്‍ലോസ് പറയുന്നു.
ഓരോ പരിപാടിക്ക് പോകുന്തോറും വസ്ത്രം മാറിയിട്ടേ പോകത്തുള്ളൂ. ഓണത്തിന് ഞാന്‍ ഒരു ജുബ്ബ സമ്മാനമായി നല്‍കും. ക്രിസ്തുമസിന് ക്ലിഫ് ഹൗസില്‍പോയി കേക്കൊക്കെ കൊടുക്കാറുണ്ടായിരുന്നു. വളരെ സന്തോഷമായിരുന്നു അദ്ദേഹത്തിന്. എന്തെങ്കിലും എനിക്ക് തരികയും ചെയ്യും. വളരെ സ്‌നേഹമായിരുന്നുവെന്നും കാര്‍ലോസ് പറയുന്നു.
Content Highlights: tailor taking about v s achuthanandan white jubba