
തിരുവനന്തപുരം: വി എസ് അച്യുതാനന്ദന്റെ വിയോഗത്തിലൂടെ ഒരു കാലഘട്ടമാണ് അവസാനിച്ചിരിക്കുന്നതെന്ന് സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്‌കര്‍. നാളെ മുതല്‍ വി എസ് ഇല്ലാത്ത കേരളമാണ്. വല്ലാത്ത വിഷമമാണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും സ്ത്രീകളെയും ഭിന്നശേഷിക്കാരെയും ചേര്‍ത്തുപിടിച്ചുകൊണ്ട്, എന്തൊരു കാര്യത്തിനും വി എസ് ഒപ്പമുണ്ടെന്ന ജനങ്ങളുടെ മനസ്സിലെ തോന്നലാണ് അസ്തമിച്ചിരിക്കുന്നതെന്നും സീന ഭാസ്‌കര്‍ പറഞ്ഞു.
'ഇഎംഎസ് മരിക്കുമ്പോളാണ് ആദ്യമായി ഞാന്‍ വന്‍ ജനാവലി കണ്ടത്. ദര്‍ബാര്‍ ഹാളില്‍ നാല് മണിക്കൂറോളം ക്യൂ നിന്ന് തളര്‍ന്നുവീണു. അതിന് ശേഷം ഞാന്‍ കണ്ടതില്‍വെച്ച് ഏറ്റവും വലിയ ജനാവലി വി എസിന്റേതാണ്. ഇന്നലെ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് തിരിച്ചുവരുമ്പോഴാണ് മകള്‍ വിഎസിന്റെ വിയോഗം വിളിച്ചുപറയുന്നത്. 'അമ്മാ വി എസ് പോയി ഇനി എന്ത് ചെയ്യും' എന്നാണ് ചോദിച്ചത്. എസ് യുടി ആശുപത്രിയില്‍പോയി കാണുമ്പോള്‍ വി എസ് മരിച്ചതായി ഉള്‍ക്കൊള്ളാന്‍ കഴിയുന്നുണ്ടായിരുന്നില്ല. ഉറങ്ങികിടക്കുകയായിരുന്നുവെന്നാണ് തോന്നല്‍. പോരാളിയാണ് വി എസ്. വീണ്ടും വരണമെന്ന ആഗ്രഹം തോന്നിപ്പോവുകയായിരുന്നു', എന്നും സീന ഭാസ്‌കര്‍ പറഞ്ഞു. പന്തുപോലെയായിരുന്നു വിഎസ്. അടിച്ചാല്‍ കുതിക്കും. വിഎസ് കണ്ടത് സാധാരണക്കാരന്റെ സ്വപ്‌നങ്ങളായിരുന്നുവെന്നും സീന ഭാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.
വി എസിന്റെ ഭൗതിക ശരീരം ദര്‍ബാര്‍ ഹൗളില്‍ പൊതുദര്‍ശനത്തിനെത്തിച്ചിരിക്കുകയാണ്. പി ബി അംഗങ്ങള്‍ അന്തിമോപചാരം അര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രകാശ് കാരാട്ട്, ബൃന്ദാ കാരാട്ട്, എം എ ബേബി, എം വി ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ ദര്‍ബാര്‍ ഹാളിലെത്തി അന്തിമോപചാരം അർപ്പിച്ചു.
Content Highlights: seena bhaskar about v s achuthanandan