യഥാര്‍ത്ഥ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ മുഖമായിരുന്നു വി എസ്: എന്‍ കെ പ്രേമചന്ദ്രന്‍ എംപി

'കേരള രൂപീകരണത്തിനു ശേഷമുണ്ടായ മന്ത്രിസഭകളുടെ ചരിത്രം പരിശോധിച്ചാല്‍ ഒരു തരത്തിലുളള അഴിമതി ആരോപണത്തിനും ആക്ഷേപത്തിനും വിധേയമാകാത്ത ഗവണ്‍മെന്റായിരുന്നു വിഎസിന്റേത്'

dot image

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദനെ അനുസ്മരിച്ച് ആര്‍എസ്പി നേതാവ് എന്‍ കെ പ്രേമചന്ദ്രന്‍ എംപി. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സാധാരണ സമൂഹത്തിന്റെ താല്‍പര്യങ്ങളില്‍ വിട്ടുവീഴ്ച്ചയില്ലാത്ത സമീപനം സ്വീകരിക്കുന്ന നേതാവായിരുന്നു വി എസ് എന്നും യഥാര്‍ത്ഥ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ മുഖമായിരുന്നു അദ്ദേഹമെന്നും എന്‍ കെ പ്രേമചന്ദ്രന്‍ എംപി പറഞ്ഞു. രാഷ്ട്രീയവും ഭരണപരവുമായ തീരുമാനങ്ങളെടുക്കുമ്പോള്‍ അദ്ദേഹത്തെ സ്വാധീനിച്ചിരുന്ന ഏക ഘടകം ആ തീരുമാനം സാധാരണ സമൂഹത്തിന് എത്രത്തോളം ഗുണകരമാകും എന്നതാണെന്നും എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു.

'വി എസ് മുഖ്യമന്ത്രിയായിരുന്ന ഗവണ്‍മെന്റില്‍ മന്ത്രിയായും അദ്ദേഹം എല്‍ഡിഎഫ് ചെയര്‍മാനായിരുന്ന കാലത്ത് എല്‍ഡിഎഫ് സംസ്ഥാന സമിതിയുടെ അംഗമായും പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചിരുന്നു. ഒരുപാട് അനുഭവങ്ങളുണ്ട്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സാധാരണ സമൂഹത്തിന്റെ താല്‍പര്യങ്ങളുടെ മുന്നില്‍ വിട്ടുവീഴ്ച്ചയില്ലാത്ത സമീപനം സ്വീകരിക്കുന്ന യഥാര്‍ത്ഥ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ മുഖമായിരുന്നു സഖാവ് വി എസ്. ഏതൊരു രാഷ്ട്രീയവും ഭരണപരവുമായ തീരുമാനവുമെടുക്കുമ്പോള്‍ അദ്ദേഹത്തെ സ്വാധീനിച്ചിരുന്ന ഘടകം ആ തീരുമാനം സാധാരണ സമൂഹത്തിന് എത്രമാത്രം ഗുണകരമാകും എന്നതാണ്. സംസ്ഥാനത്തിന്റെ പൊതുവായ താല്‍പര്യം സംരക്ഷിക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ച്ചയില്ലാത്ത സമീപനം സ്വീകരിക്കുന്നതാണ് നാം മുല്ലപ്പെരിയാറില്‍ കണ്ടത്. അന്തര്‍സംസ്ഥാന വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ കേരളത്തിന്റെ പരമമായ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി കൃത്യതയോടെ സത്യസന്ധതയോടെ നിലപാട് സ്വീകരിച്ച മറ്റൊരാള്‍ ഉണ്ടാകുമോ എന്ന് സംശയമാണ്. കേരള രൂപീകരണത്തിനുശേഷമുണ്ടായ മന്ത്രിസഭകളുടെ ചരിത്രം പരിശോധിച്ചാല്‍ ഒരു തരത്തിലുളള അഴിമതി ആരോപണത്തിനും ആക്ഷേപത്തിനും വിധേയമാകാത്ത ഗവണ്‍മെന്റായിരുന്നു വിഎസിന്റേത്'- എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു.

അൽപ്പസമയം മുന്‍പാണ് വി എസ് അച്യുതാനന്ദൻ വിടവാങ്ങിയത്. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 101 വയസ്സായിരുന്നു. സിപിഐഎമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളിലെല്ലാം പ്രവത്തിച്ച വി എസ് അക്ഷരാർത്ഥത്തിൽ സമരകേരളത്തിന്റെ രാഷ്ട്രീയ മുഖമായിരുന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നാഷണൽ കൗൺസിലിൽ നിന്നും ഇറങ്ങി വന്ന് സിപിഐഎം രൂപീകരിക്കുന്നതിൽ മുന്നിലുണ്ടായിരുന്ന അവസാന നേതാവ് കൂടിയാണ് ഓർമ്മയാകുന്നത്. തിരുവിതാംകൂറിലും പിന്നീട് ഐക്യകേരളത്തിലും നടന്ന തൊഴിലാളി വർഗ രാഷ്ട്രീയ പോരാട്ടങ്ങളുടെ ഒരുയുഗം കൂടിയാണ് വി എസിന്റെ വിയോഗത്തോടെ അവസാനിച്ചിരിക്കുന്നത്.

Content Highlights: VS Achuthanandan was the face of true Left politics: NK Premachandran MP

dot image
To advertise here,contact us
dot image