
തിരുവനന്തപുരം: മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന വി എസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. വി എസിന്‌റെ രാഷ്ട്രീയ പ്രവര്‍ത്തനം ദീര്‍ഘമായ ചരിത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വളരെ ചെറുപ്പക്കാലം മുതല്‍ തന്നെ ആരംഭിച്ച അദ്ദേഹത്തിന്‌റെ രാഷ്ട്രീയ പ്രവര്‍ത്തനം രോഗശയ്യയിലും അവസാന നിമിഷങ്ങളിലും തുടര്‍ന്നുവെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. രോഗശയ്യയിലും ഊര്‍ജസ്വലതയോടെ ഒരു പോരാളിയുടെ നിശ്ചയദാര്‍ഢ്യത്തോടെ സംഘടനാ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോയ പോരാളിയാണ് വി എസ് എന്ന് മുഖ്യമന്ത്രി പറഞ്ഞു.
'സിപിഐഎമ്മിന്‌റെ ഏറ്റവും പ്രധാനപ്പെട്ട നേതാവ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‌റെ കേളത്തിലെ വളര്‍ച്ചയ്ക്ക് അതുല്യ സംഭാവനകള്‍ നൽകിയ സഖാവ്. വി എസിന്‌റെ വിടവാങ്ങലോടെ ഒരു കാലഘട്ടത്തിന്‌റെ അസ്തമയമാണ് സംഭവിച്ചിരിക്കുന്നത്. വി എസിന്‌റെ മരണത്തില്‍ വേദനിക്കുന്ന ലക്ഷക്കണക്കിനുള്ള കേരള ജനതയുടെ ദുഃഖത്തില്‍ ഞാനും പങ്കുച്ചേരുന്നു', മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ന് ഉച്ചയ്ക്ക് 3.20 നാണ് വി എസ് അച്യുതാനന്ദന്‍ വിടവാങ്ങിയത്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ്യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാന്‍ സാധിച്ചിരുന്നില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെ വിഎസിന്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. മരിക്കുമ്പോള്‍ 101 വയസ്സായിരുന്നു വി എസ് അച്യുതാനന്ദന്റെ പ്രായം.
കേരളത്തിന്റെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്നു വിഎസ് അച്യുതാനന്ദന്‍. സിപിഐഎമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളിലെല്ലാം പ്രവത്തിച്ച വിഎസ് അക്ഷരാര്‍ത്ഥത്തില്‍ സമരകേരളത്തിന്റെ രാഷ്ട്രീയ മുഖമായിരുന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നാഷണല്‍ കൗണ്‍സിലില്‍ നിന്നും ഇറങ്ങി വന്ന് സിപിഐഎം രൂപീകരിക്കുന്നതില്‍ മുന്നിലുണ്ടായിരുന്ന അവസാന നേതാവ് കൂടിയാണ് ഓര്‍മ്മയാകുന്നത്. തിരുവിതാംകൂറിലും പിന്നീട് ഐക്യകേരളത്തിലും നടന്ന തൊഴിലാളി വര്‍ഗ രാഷ്ട്രീയ പോരാട്ടങ്ങളുടെ ഒരുയുഗം കൂടിയാണ് വിഎസിന്റെ വിയോഗത്തോടെ അവസാനിച്ചിരിക്കുന്നത്.
content highlights : pinarayi vijayan condemns v s achuthanandan's death