
തിരുവനന്തപുരം: മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദൻ്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേരളത്തിലേയും ഇന്ത്യയിലേയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുത്ത വി എസ് വിട്ടു പിരിഞ്ഞുവെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.
സഖാവിൻ്റെ വിയോഗത്തില്‍ പാര്‍ട്ടിയും ഇന്ത്യയിലെ ജനങ്ങളും ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു. ആശുപത്രിയിൽ നിന്ന് എകെജി പഠന ഗവേഷണ കേന്ദ്രത്തിലേക്ക് മൃതദേഹം കൊണ്ടുപോകാനാണ് തീരുമാനം. ഇന്ന് രാത്രി അവിടെ പൊതുദര്‍ശനമുണ്ടാവും. തുടർന്ന് നാളെ ഒൻപത് മണിക്ക് ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനം നടക്കും. ഉച്ചയ്ക്ക് ശേഷം നാഷണല്‍ ഹൈവേ വഴി ആലപ്പുഴയിലേക്ക് വിലാപയാത്രയുണ്ടാകും. രാത്രിയോടെ മൃതദേഹം വീട്ടിലെത്തിക്കും. 23ന് വൈകിട്ട് വലിയ ചുടുകാട്ടിൽ സംസ്‌കാരം നടക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ഇന്ന് ഉച്ചയ്ക്ക് 3. 20 നാണ് വി എസ് അച്യുതാനന്ദൻ വിടവാങ്ങിയത്. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാൻ സാധിച്ചിരുന്നില്ല. വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ വിഎസിൻ്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. മരിക്കുമ്പോൾ 101 വയസ്സായിരുന്നു വി എസ് അച്യുതാനന്ദൻ്റെ പ്രായം.
കേരളത്തിൻ്റെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്നു വിഎസ് അച്യുതാനന്ദൻ. സിപിഐഎമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളിലെല്ലാം പ്രവത്തിച്ച വിഎസ് അക്ഷരാർത്ഥത്തിൽ സമരകേരളത്തിന്റെ രാഷ്ട്രീയ മുഖമായിരുന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നാഷണൽ കൗൺസിലിൽ നിന്നും ഇറങ്ങി വന്ന് സിപിഐഎം രൂപീകരിക്കുന്നതിൽ മുന്നിലുണ്ടായിരുന്ന അവസാന നേതാവ് കൂടിയാണ് ഓർമ്മയാകുന്നത്. തിരുവിതാംകൂറിലും പിന്നീട് ഐക്യകേരളത്തിലും നടന്ന തൊഴിലാളി വർഗ രാഷ്ട്രീയ പോരാട്ടങ്ങളുടെ ഒരുയുഗം കൂടിയാണ് വിഎസിന്റെ വിയോഗത്തോടെ അവസാനിച്ചിരിക്കുന്നത്.
Content Highlights- M V Govindan on V S Achuthanandan's Death