'കണ്ണീര്‍ കടലായി തലസ്ഥാനം, കണ്ഠമിടറി സഖാക്കള്‍' പ്രിയ നേതാവിനെ യാത്രയാക്കാന്‍ തലസ്ഥാനത്ത് വൻ ജനാവലി

എസ്‌യുടി ആശുപത്രിയില്‍ നിന്ന് വിഎസിന്റെ മൃതദേഹം എകെജി സെന്ററിലേക്ക് എത്തുമ്പോഴേക്കും ജനസാഗരം ഒഴുകിയെത്തിയിരുന്നു.

dot image

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദനെ അവസാനമായി ഒരു നോക്ക് കാണാന്‍ തലസ്ഥാനത്ത് എത്തിചേരുന്നത് വന്‍ ജനാവലി. വി എസ് ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന ദിവസം മുതല്‍ പ്രിയ നേതാവിന്റെ ആരോഗ്യ വിവരങ്ങള്‍ തിരക്കി നിരവധി പേരാണ് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെത്തിയത്. എന്നാല്‍ ഇന്ന് ഉച്ചയോടെ വി എസിന്റെ മരണവിവരം പുറത്ത് വന്നതോടെ തലസ്ഥാനം കണ്ണീര്‍ കടലായി. എസ്‌യുടി ആശുപത്രിയില്‍ നിന്ന് വി എസിന്റെ മൃതദേഹം എകെജി സെന്ററിലേക്ക് എത്തുമ്പോഴേക്കും ജനസാഗരം അവിടേക്ക് ഒഴുകിയെത്തിയിരുന്നു. സമരഭരിതമായ ഒരു കാലഘട്ടത്തിന്റെ ഓര്‍മ്മയില്‍ വി എസിനായി സഖാക്കള്‍ കണ്ഠമിടറി മുദ്രാവാക്യം വിളിച്ചു.

കേരളത്തിന്റെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്നു വി എസ് അച്യുതാനന്ദന്‍. സിപിഐഎമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളിലെല്ലാം പ്രവത്തിച്ച വി എസ് അക്ഷരാര്‍ത്ഥത്തില്‍ സമരകേരളത്തിന്റെ രാഷ്ട്രീയ മുഖമായിരുന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നാഷണല്‍ കൗണ്‍സിലില്‍ നിന്നും ഇറങ്ങി വന്ന് സിപിഐഎം രൂപീകരിക്കുന്നതില്‍ മുന്നിലുണ്ടായിരുന്ന അവസാന നേതാവ് കൂടിയാണ് ഓര്‍മ്മയാകുന്നത്. തിരുവിതാംകൂറിലും പിന്നീട് ഐക്യകേരളത്തിലും നടന്ന തൊഴിലാളി വര്‍ഗ രാഷ്ട്രീയ പോരാട്ടങ്ങളുടെ ഒരുയുഗം കൂടിയാണ് വിഎസിന്റെ വിയോഗത്തോടെ അവസാനിച്ചിരിക്കുന്നത്.

ഇന്ന് ഉച്ചയ്ക്ക് 3.20 നാണ് വി എസ് അച്യുതാനന്ദന്‍ വിടവാങ്ങിയത്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാന്‍ സാധിച്ചിരുന്നില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെ വിഎസിന്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം.

Content Highlights- Huge Crowd in Thiruvananthapuram to see V S Achuthanandhan for one last time

dot image
To advertise here,contact us
dot image