മുസ്ലീംഭൂരിപക്ഷമായിട്ട് എന്തുകുഴപ്പമുണ്ടായി,വെള്ളാപ്പള്ളി മലപ്പുറത്തെ ഹിന്ദുക്കളോട് ചോദിക്കണം:സത്താർ പന്തല്ലൂർ

ഇത്തരം വര്‍ഗീയ ഭ്രാന്തുകളെ മതേതര സമൂഹം ചങ്ങലക്കിട്ടേ പറ്റൂവെന്നും സമസ്ത നേതാവ് കുറ്റപ്പെടുത്തി

dot image

കൊച്ചി: കേരളം വൈകാതെ മുസ്ലീം ഭൂരിപക്ഷ നാടായി മാറുമെന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശത്തിനെതിരെ സമസ്ത നേതാവ് സത്താര്‍ പന്തല്ലൂര്‍. മുസ്ലിം ജനസംഖ്യ ഭൂരിപക്ഷമായാല്‍ എന്താണ് കുഴപ്പമെന്ന് സത്താര്‍ പന്തല്ലൂര്‍ ചോദിച്ചു. 'മലപ്പുറം ജില്ലയില്‍ മുസ്ലീം ഭൂരിപക്ഷം ആയിട്ട് എന്തുകുഴപ്പമാണ് ഉണ്ടായതെന്ന് മലപ്പുറത്തെ ഹിന്ദുക്കളോട് വെള്ളാപ്പള്ളി ചോദിച്ചുനോക്കണം. ഹിന്ദുത്വ വാദികള്‍ അടക്കിഭരിക്കുന്ന ഭാരതമായി ഇന്ത്യ മാറി. ഈ സമയത്തും മുസ്ലീങ്ങള്‍ ഇതാ ഭൂരിപക്ഷമാകുന്നേ എന്ന് ഒരു ജാതി സംഘടനാ നേതാവ് വിളിച്ചുപറയുന്നുവെങ്കില്‍ അതിന്റെ സൂക്കേട് വേറെ'യാണെന്നും സത്താര്‍ പന്തല്ലൂര്‍ വിമര്‍ശിച്ചു. ഇത്തരം വര്‍ഗീയ ഭ്രാന്തുകളെ മതേതര സമൂഹം ചങ്ങലക്കിട്ടേ പറ്റൂവെന്നും സമസ്ത നേതാവ് കുറ്റപ്പെടുത്തി.

'ഇടശ്ശേരി ഗോവിന്ദന്‍ നായര്‍, വി ടി ഭട്ടതിരിപ്പാട്, ബാലാമണിയമ്മ, ഉറൂബ് (പി സി കുട്ടികൃഷ്ണന്‍ നായര്‍), വള്ളത്തോള്‍ നാരായണമേനോന്‍, ഇഎംഎസ് നമ്പൂതിരിപ്പാട്, എം ഗോവിന്ദന്‍, സി രാധാകൃഷ്ണന്‍, എം ടി വാസുദേവന്‍ നായര്‍…. തുടങ്ങിയ എത്ര സാംസ്‌കാരിക നായകന്മാരും സാഹിത്യകാരന്മാരുമാണ് ഇന്നത്തെ മലപ്പുറം ജില്ലയിലും പഴയ പൊന്നാനി താലൂക്കിലുമായി വളര്‍ന്നുവന്നതും ജ്വലിച്ചു നിന്നതും. മലബാറിലെ ഒരു മുസ്ലിം ഭൂരിപക്ഷ പ്രദേശത്തിന്റെ അവസ്ഥ ഇങ്ങനെയാണെങ്കില്‍, കേരളം മുഴുവന്‍ മുസ്ലിം ഭൂരിപക്ഷം ആയാലും ഈ അവസ്ഥ തന്നെയായിരിക്കും ഉണ്ടാവുക. പിന്നെ എന്തിനാണ് ഈ ഭീഷണി', സത്താര്‍ പന്തല്ലൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കേരളം വൈകാതെ മുസ്ലിം ഭൂരിപക്ഷ നാടായി മാറുമെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത്. മുസ്ലിം ഭൂരിപക്ഷമായി ഇവിടെ മാറും എന്ന് മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും നേരത്തെ പറഞ്ഞിരുന്നു. അതിന് 40 വര്‍ഷം വേണ്ടി വരില്ല. കേരളത്തില്‍ ജനാധിപത്യമല്ല. മതാധിപത്യമാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു.

സത്താര്‍ പന്തല്ലൂരിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം-

മുസ്ലിം ജനസംഖ്യ ഭൂരിപക്ഷമായാല്‍ എന്താണ് കുഴപ്പം?
വിഎസ് അച്യുതാനന്ദന്‍ മുതല്‍ വെള്ളാപ്പള്ളി നടേശന്‍ വരെയുള്ള സകല സോകാള്‍ഡ് സെക്കുലര്‍ മുഖങ്ങളും ഇടയ്ക്കിടെ കേരളത്തെ ഞെട്ടിക്കുന്ന ഒരു കാര്യമാണ് മുസ്ലിം ജനസംഖ്യ വര്‍ദ്ധിക്കുന്നു എന്നത്. മുസ്ലിംകള്‍ ഇവിടെ ഭൂരിപക്ഷം ആകാന്‍ പോകുന്നു എന്ന് പറഞ്ഞാണ് ഇവര്‍ ഹൈന്ദവ- ക്രൈസ്തവ സമൂഹത്തെ പേടിപ്പിക്കുന്നത്. നിലവിലെ ജനസംഖ്യ വര്‍ദ്ധനവിന്റെ കണക്ക് പരിശോധിച്ചാല്‍, നൂറ്റാണ്ടുകള്‍ കഴിഞ്ഞാല്‍ പോലും സാധ്യതയില്ലാത്ത ഒരു കാര്യം പറഞ്ഞാണ് ഇവര്‍ ഇങ്ങനെ അന്തരീക്ഷം മലിനമാക്കുന്നത്. ഇതു പറയുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കുമെല്ലാം അറിയാം. എന്നിട്ടും ഇടയ്ക്കിടെ അവര്‍ഭൂരിപക്ഷ സമൂഹത്തിനിടയില്‍ ആശങ്കയുടെ വാളു ചുഴറ്റുകയാണ്.
ഇനി ഇവര്‍ പറയുന്നത് പോലെ, മുസ്ലിം ജനസംഖ്യ ഇവിടെ ഭൂരിപക്ഷമായാല്‍ എന്താണ് കുഴപ്പം? മലപ്പുറം ജില്ലയില്‍ മുസ്ലിംകള്‍ ഭൂരിപക്ഷം ആയിട്ട് എന്തു കുഴപ്പമാണ് ഉണ്ടായതെന്ന് മലപ്പുറത്തെ ഹിന്ദുക്കളോട് വെള്ളാപ്പള്ളി ചോദിച്ചു നോക്കൂ. ഇടശ്ശേരി ഗോവിന്ദന്‍ നായര്‍, വി.ടി. ഭട്ടതിരിപ്പാട്, ബാലാമണിയമ്മ, ഉറൂബ് (പി.സി. കുട്ടികൃഷ്ണന്‍ നായര്‍), വള്ളത്തോള്‍ നാരായണമേനോന്‍, ഇ.എം. എസ് നമ്പൂതിരിപ്പാട്, എം. ഗോവിന്ദന്‍, സി രാധാകൃഷ്ണന്‍, എം ടി വാസുദേവന്‍ നായര്‍…. തുടങ്ങിയ എത്ര സാംസ്‌കാരിക നായകന്മാരും സാഹിത്യകാരന്മാരുമാണ് ഇന്നത്തെ മലപ്പുറം ജില്ലയിലും പഴയ പൊന്നാനി താലൂക്കിലുമായി വളര്‍ന്നുവന്നതും ജ്വലിച്ചു നിന്നതും. മലബാറിലെ ഒരു മുസ്ലിം ഭൂരിപക്ഷ പ്രദേശത്തിന്റെ അവസ്ഥ ഇങ്ങനെയാണെങ്കില്‍, കേരളം മുഴുവന്‍ മുസ്ലിം ഭൂരിപക്ഷം ആയാലും ഈ അവസ്ഥ തന്നെയായിരിക്കും ഉണ്ടാവുക. പിന്നെ എന്തിനാണ് ഈ ഭീഷണി ?
800 വര്‍ഷം മുസ്ലിം രാജാക്കന്മാരും സുല്‍ത്താന്‍മാരും ഇന്ത്യ ഒന്നടങ്കം ഭരിച്ചു. എന്നിട്ട് പോലും ഈ രാജ്യം ഒരിക്കലും മുസ്ലിം ഭൂരിപക്ഷം ആയിട്ടില്ല. ആക്കാന്‍ അവര്‍ ശ്രമിച്ചിട്ടുമില്ല. അക്കാലം മാറി. ഹിന്ദുത്വവാദികള്‍ അടക്കിഭരിക്കുന്ന ഭാരതമായി ഇന്ത്യ മാറി. ഈ സമയത്തും മുസ്ലിംകള്‍ ഇതാ ഭൂരിപക്ഷമാകുന്നേ എന്ന് ഒരു ജാതി സംഘടന നേതാവ് നില വിളിച്ചു പറയുന്നുവെങ്കില്‍, അതിന്റെ സൂക്കേട് വേറെയാണ്. ഇത്തരം വര്‍ഗീയ ഭ്രാന്തുകളെ മതേതര സമൂഹം ചങ്ങലക്കിട്ടേ പറ്റൂ.

Content Highlights: samastha leader sathar panthalloor against vellappally natesan

dot image
To advertise here,contact us
dot image