
കൊച്ചി: ജോലി സമ്മര്‍ദം മൂലം ഏണസ്റ്റ് ആന്‍ഡ് യങ് (ഇവൈ) എന്ന കോര്‍പ്പറേറ്റ് സ്ഥാപനത്തില്‍ ചാര്‍ട്ടഡ് അക്കൗണ്ടായിരുന്ന അന്ന സെബാസ്റ്റ്യൻ മരിച്ചിട്ട് ഇന്നേക്ക് ഒരു വര്‍ഷം. പൂനെയിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണായിരുന്നു അന്നയുടെ മരണം. ഹൃദയാഘാതമാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
അമിത ജോലിഭാരമാണ് തങ്ങളുടെ മകളെ മരണത്തിലേക്ക് നയിച്ചതെന്ന അമ്മ അനിത അഗസ്റ്റിന്റെ കത്തിന് പിന്നാലെയായിരുന്നു അന്നയുടെ മരണം ചര്‍ച്ചയായത്. അന്നയ്ക്ക് ആവശ്യത്തിന് ഉറക്കമോ ഭക്ഷണം കഴിക്കാനുള്ള സമയമോ ലഭിച്ചിരുന്നില്ലെന്ന് അമ്മ പറഞ്ഞിരുന്നു. അമിത ജോലിഭാരം മൂലം ഹൃദയാഘാതം സംഭവിച്ചാണ് മകള്‍ മരിച്ചതെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.
എന്നാല്‍ ദേശീയതലത്തിലടക്കം ചര്‍ച്ചയായ മരണമായിട്ടും, കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടും ആരോപണവിധേയര്‍ക്കെതിരെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ നെഞ്ച് വേദന അനുഭവപ്പെട്ട അന്നയ്ക്ക് വിശ്രമം വേണമെന്നായിരുന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ഉറക്കമില്ലായ്മ, സമയം തെറ്റിയ ഭക്ഷണക്രമം തുടങ്ങിയ കാരണങ്ങളാലാണ് നെഞ്ച് വേദന വന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഡോക്ടര്‍മാര്‍ വിശ്രമത്തിന് നിര്‍ദേശം നല്‍കിയത്.
പക്ഷേ, അന്നയ്ക്ക് തൊഴിലിടത്തില്‍ നിന്നും വിശ്രമം ലഭിച്ചില്ലെന്ന് മാത്രമല്ല, അമിത ജോലിഭാരം തുടരുകയുമായിരുന്നു. അന്നയുടെ മരണത്തിന് പിന്നാലെ കമ്പനിക്കെതിരെ നിരവധിപ്പേര്‍ ജോലി ഭാരം ചൂണ്ടിക്കാട്ടി മുന്നോട്ട് വന്നിരുന്നു. തൊഴിലിടത്തിലെ അമിത സമ്മര്‍ദത്തിനെതിരെയുള്ള ചര്‍ച്ചകള്‍ക്ക് അന്നയുടെ മരണം ഇടയായെങ്കിലും ആശാവഹമായ പുരോഗതികളൊന്നും ഈ വിഷയത്തില്‍ ഉണ്ടായിട്ടില്ല.
അതേസമയം അന്നയുടെ ചരമവാര്‍ഷികത്തില്‍ ജോലി സമ്മര്‍ദവുമായി ബന്ധപ്പെട്ട ക്യാംപയിന്‍ നടത്തുകയാണ് വിവിധ യുവജന സംഘടനകള്‍. ജോലി സമ്മര്‍ദവുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപക ക്യാംപയിന്‍ നടത്തുകയാണ് ഓള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസ് കേരള ഘടകം. എല്ലാ ജില്ലകളിലും നടത്തുന്ന 'ഫോര്‍ അന്ന, ഫോര്‍ ഓള്‍' എന്ന ക്യാംപയിനിന്റെ ഭാഗമായി ജില്ലാതല പൊതുസമ്പര്‍ക്ക പരിപാടി കൊച്ചിയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐ ഡല്‍ഹിയില്‍ നടത്തിയ യുവജന കണ്‍വെന്‍ഷനില്‍ തൊഴില്‍ സമ്മര്‍ദം ചര്‍ച്ച ചെയ്യുമെന്ന് അഖിലേന്ത്യ പ്രസിഡന്റ് എ എ റഹീം നേരത്തെ വ്യക്തമാക്കിയിരുന്നു.
Content Highlights: EY employee Anna Sebastian death Anniversary