
കൊല്ലം: വിവാഹം കഴിഞ്ഞത് മുതൽ അതുല്യയുടെയും സതീഷിന്റെയും ജീവിതത്തിൽ പ്രശ്നങ്ങൾ തുടങ്ങിയിരുന്നുവെന്ന് പഞ്ചായത്തംഗം ബിന്ദുമോൾ. സതീഷ് ഉപദ്രവിക്കുന്നതായി കാണിച്ച് ഗാർഹിക പീഡനത്തിന് കേസ് നൽകിയിരുന്നു. അതിന് ശേഷം പ്രശ്നം പരിഹരിക്കപ്പെടുകയും അതുല്യ സതീഷിനൊപ്പം തിരികെ പോകുകയും ചെയ്തിരുന്നു. സതീഷ് വന്ന് കാല് പിടിച്ച് മാപ്പ് പറഞ്ഞിരുന്നു. ബന്ധുക്കളെയും സതീഷ് കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തിയിരുന്നു. ഇനി ഒരിക്കലും ഉപദ്രവിക്കില്ലെന്ന് ഉറപ്പ് നൽകിയതിനാലാണ് അതുല്യ സതീഷിനൊപ്പം പോയതെന്നും ബിന്ദുമോൾ റിപ്പോർട്ടറിനോട് പറഞ്ഞു.
'വിവാഹത്തിന് ശേഷം അതുല്യ നാട്ടിൽ തന്നെയായിരുന്നു. സതീഷ് നാട്ടിൽ ലീവിന് വരുമ്പോഴെല്ലാം അതുല്യയെ മർദിച്ചിരുന്നു. ഷാർജയിലേക്ക് പോയിട്ട് രണ്ട് വർഷമേ ആയിട്ടുള്ളൂ. മൂന്ന് മാസങ്ങൾക്ക് മുന്നേ നാട്ടിൽ വന്നിട്ടുണ്ടായിരുന്നു. അതുല്യയുടെ സഹോദരി അഖില ഷാർജയിൽ തന്നെയാണ്. കുഞ്ഞിനെയും അതുല്യ ഷാർജയിലേക്ക് കൊണ്ടുപോയിരുന്നു. പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് കുട്ടിയെ നാട്ടിൽ തിരിച്ച് കൊണ്ടുവരികയായിരുന്നു. മകൾ അതുല്യയുടെ അമ്മയുടെ കൂടെനിന്നാണ് പഠിക്കുന്നത്. ഇന്ന് വെളുപ്പിന് ഉപദ്രവിക്കുന്നതിന്റെ വീഡിയോകൾ അതുല്യ അയച്ചു നൽകിയിരുന്നു. ഒരു വോയിസ് മെസേജും നൽകിയിരുന്നു. ഷാർജയിലുളള സഹോദരി അഖിലക്ക് വീഡിയോ അയച്ചു നൽകണമെന്നാണ് വോയിസ് മെസേജിൽ ഉണ്ടായിരുന്നതെന്നും പഞ്ചായത്തംഗം ബിന്ദുമോൾ പറഞ്ഞു.
കല്യാണം കഴിഞ്ഞ അന്ന് മുതല്‍ സതീഷ് അതുല്യക്ക് സ്വസ്ഥത നല്‍കിയിട്ടില്ലെന്ന് അതുല്യയുടെ അമ്മ വെളിപ്പെടുത്തിയിരുന്നു. മദ്യപിച്ചെത്തി സ്ഥിരം മര്‍ദിച്ചിരുന്നു. പലഘട്ടങ്ങളിലും സതീഷ് ഉപദ്രവിക്കുന്ന വീഡിയോ അതുല്യ അയച്ചു നല്‍കിയിരുന്നു. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പും ഇത്തരത്തില്‍ വീഡിയോ അയച്ചിരുന്നുവെന്നും അതുല്യയുടെ അമ്മ പറഞ്ഞിരുന്നു.
സ്വന്തം വീട്ടില്‍ മകള്‍ വരുന്നതിലും സതീഷ് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നുവെന്നും അമ്മ പറഞ്ഞു. കൂടെ പഠിച്ചിരുന്നവരോട് അതുല്യ സംസാരിച്ചിരുന്നത് അവന് ഇഷ്ടമായിരുന്നില്ല. തിരികെ വീട്ടില്‍ എത്തിയാല്‍ ഇതിന്റെ പേരിലും സതീഷ് ഉപദ്രവിച്ചിരുന്നു. നോക്കാന്‍ പറ്റില്ലെങ്കില്‍ മകളെ തിരിച്ച് നല്‍കാന്‍ പറഞ്ഞതാണ്. പലതവണ ഇക്കാര്യം പറഞ്ഞു. ബന്ധം ഒഴിയില്ലെന്നാണ് അവന്‍ പറഞ്ഞത്. അവള്‍ ഇട്ടിട്ടുപോയാല്‍ കൊല്ലുമെന്ന് പറഞ്ഞിരുന്നതായും അമ്മ പറഞ്ഞു. തന്റെ മകള്‍ ആത്മഹത്യ ചെയ്യില്ല. അവളെ സതീഷ് കൊന്നതാണെന്നും അമ്മ വ്യക്തമാക്കിയിരുന്നു.
കൊല്ലം തേവലക്കര തെക്കുംഭാഗം സ്വദേശിനിയാണ് അതുല്യ ശേഖർ. ഇന്ന് രാവിലെയാണ് അതുല്യയെ ഷാർജയിലെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 30 വയസായിരുന്നു. ഷാർജ റോളപാർക്കിന് സമീപത്തെ ഫ്ലാറ്റിൽ തുങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടത്. അതുല്യ ഇന്ന് പുതിയ ജോലിയിൽ പ്രവേശിക്കാനിരിക്കുകയായിരുന്നു. ദുബായിൽ കോൺട്രാക്ടിങ് സ്ഥാപനത്തിൽ എൻജിനീയറായി ജോലി ചെയ്യുകയാണ് സതീഷ്.. മരണത്തിൽ ഷാർജ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlights: Complaint of Domestic Violence was Filed against Satish at Kollam