
കൊല്ലം: ഷാർജയിൽ ആഴ്ചകൾക്ക് മുൻപായിരുന്നു വിപഞ്ചിക എന്ന 33കാരി ജീവനൊടുക്കിയത്. ഭർത്താവിൽ നിന്നും കുടുംബത്തിൽ നിന്നും നേരിട്ട ക്രൂര പീഡനങ്ങളെക്കുറിച്ച് എഴുതിവെച്ചായിരുന്നു മകളെ കൊലപ്പെടുത്തി വിപഞ്ചിക ജീവനൊടുക്കിയത്. കൊല്ലം സ്വദേശിനിയായിരുന്നു വിപഞ്ചിക. ഇപ്പോഴിതാ വിപഞ്ചികക്ക് പിന്നാലെ മറ്റൊരു യുവതിയും ഗാർഹിക പീഡനത്തെ തുടർന്ന് ജീവനൊടുക്കിയിരിക്കുകയാണ്. കൊല്ലം ചവറ സ്വദേശിനിയായ അതുല്യ.
അതുല്യയുടെ ഭർത്താവ് സതീഷ് ശങ്കർ ഷാർജയിൽ കോൺട്രാക്ടിങ് സ്ഥാപനത്തിൽ ജോലി ചെയ്തുവരികയാണ്. രണ്ട് വർഷങ്ങൾക്ക് മുൻപാണ് അതുല്യ ഷാർജയിലേക്ക് പോയത്. വിവാഹം കഴിഞ്ഞത് മുതൽ സതീഷിൽ നിന്ന് കടുത്ത പീഡനമായിരുന്നു അതുല്യ നേരിട്ടത്. മദ്യത്തിന്റെ പുറത്ത് സതീഷ് തന്നെ ശാരീരികമായി ഉപദ്രവിച്ചിരുന്നതായി ബന്ധുകളോടും വീട്ടുകാരോടും അതുല്യ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസിൽ പരാതിയും നൽകിയിരുന്നു. എന്നാൽ സതീഷ് നൽകിയ ഉറപ്പിന്മേൽ ഇരുവരും സമവായത്തിലെത്തുകയായിരുന്നു.
അതുല്യയെ ഭർത്താവ് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങളില്‍ സതീഷ് കത്തികൊണ്ട് അതുല്യയെ ഉപദ്രവിക്കാൻ ശ്രമിക്കുന്നതും കസേര ഉപയോഗിച്ച് മര്‍ദിക്കുന്നതും കാണാം. അതുല്യയുടേത് ആത്മഹത്യയല്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. അതുല്യയുടെ മകള്‍ കൊല്ലത്തെ വീട്ടിലാണ് താമസിക്കുന്നത്.
വിപഞ്ചികയുടെ മരണവും സമാപ സാഹചര്യത്തിലായിരുന്നു. ഭർത്താവിൽ നിന്നേറ്റ കൊടിയ പീഡനത്തിൽ മനംനൊന്തായിരുന്നു വിപഞ്ചിക ജീവനൊടുത്തിയത്. ജൂലൈ എട്ടിനായിരുന്നു സംഭവം. ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള വിപഞ്ചികയുടെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു. കുറിപ്പില്‍ സ്ത്രീധനത്തിന്റെ പേരില്‍ നേരിടേണ്ടിവന്ന ക്രൂരതകളെക്കുറിച്ചും ഭര്‍ത്താവിന്റെ പിതാവില്‍ നിന്നുണ്ടായ മോശം അനുഭവത്തെക്കുറിച്ചും വിപഞ്ചിക കുറിച്ചിരുന്നു.
'മരിക്കാന്‍ ഒരാഗ്രഹവുമില്ല. മകളുടെ മുഖം കണ്ട് കൊതിതീര്‍ന്നിട്ടില്ല. ഒരിക്കലും കൊലയാളികളെ വെറുതെ വിടരുത്. എന്‍റെ മരണത്തില്‍ നിതീഷ് മോഹന്‍, ഭര്‍തൃസഹോദരി നീതു എന്നിവരാണ് ഒന്നാം പ്രതികള്‍. രണ്ടാം പ്രതി ഭര്‍ത്താവിന്റെ പിതാവ് മോഹനൻ ആണ്' എന്നും വിപഞ്ചിക ആത്മഹത്യ കുറിപ്പിലൂടെ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി തനിക്ക് വെള്ളമോ ആഹാരമോ വസ്ത്രമോ ഒന്നും ഇയാൾ തന്നിരുന്നില്ലായെന്നും വിപഞ്ചിക ആരോപിച്ചു. തന്നെ അവർക്ക് ഒരു മാനസിക രോഗിയാക്കണമെന്നായിരുന്നു ആഗ്രഹം. തന്‍റെ കൂട്ടുകാർക്കും ഒഫിസിലുള്ളവർക്കുമെല്ലാം നിതീഷും അയാളുടെ സഹോദരിയും അച്ഛനും ചെയ്യുന്ന ദ്രോഹങ്ങളെക്കുറിച്ച് അറിയാമെന്നും പറഞ്ഞാണ് വിപഞ്ചിക കുറിപ്പ് അവസാനിപ്പിച്ചത്. വിപഞ്ചികയുടെ മൃതദേഹം ഇതുവരെ നാട്ടിലെത്തിച്ചിട്ടില്ല. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെയാണ് കൊല്ലം സ്വദേശിനിയായ അതുല്യയുടെയും മരണം നൊമ്പരമാകുന്നത്.
Content Highlights- After Vipanchika, Athulya too…2 Malayalis commit suicide in Sharjah due to husband's torture within weeks