
കൊല്ലം: തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച എട്ടാംക്ലാസ് വിദ്യാര്‍ത്ഥി മിഥുന്റെ അമ്മയെ നാട്ടിലേക്ക് എത്തിക്കാന്‍ എംബസിയുടെ സഹായം അഭ്യര്‍ത്ഥിച്ച് കൊടിക്കുന്നില്‍ സുരേഷ് എംപി. കുവൈത്തിലെ ഇന്ത്യന്‍ അംബാസിഡര്‍ക്ക് കൊടിക്കുന്നില്‍ സുരേഷ് കത്തയച്ചു. എത്രയും വേഗം മിഥുന്‌റെ അമ്മയെ നാട്ടിലെത്തിക്കാനുള്ള സൗകര്യമൊരുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ന് രാവിലെ സ്‌കൂളില്‍ കളിക്കുന്നതിനിടെയാണ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍ (13) ഷോക്കേറ്റ് മരിച്ചത്.
കളിക്കുന്നതിനിടെ കെട്ടിടത്തിന് മുകളില്‍ വീണ ചെരുപ്പ് എടുക്കാന്‍ കയറിപ്പോഴായിരുന്നു അപകടം. ഷോക്കേറ്റ മിഥുനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്‌കൂളിന് മുകളിലൂടെ പോകുന്ന വൈദ്യുതലൈന്‍ അപകടരമായ അവസ്ഥയിലായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു. സ്‌കൂള്‍ അധികൃതര്‍ക്കും കെഎസ്ഇബിക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്.അതേ സമയം മിഥുന്റെ കുടുംബത്തിന് വീട് നിര്‍മിച്ചു നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചിട്ടുണ്ട്. സ്‌കൗട്സ് ആന്‍ഡ് ഗൈഡ്സിന്റെ നേതൃത്വത്തിലാണ് വീട് നിര്‍മിച്ചു നല്‍കുക.
വിദ്യാഭ്യാസ മന്ത്രി തന്നെയാണ് സ്‌കൗട്സ് ആന്‍ഡ് ഗൈഡ്സ് സംസ്ഥാന പ്രസിഡണ്ടും. അതേ സമയം, മിഥുന്റെ കുടുംബത്തിന് കെഎസ്ഇബി 5 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് അറിയിച്ച് രംഗത്തെത്തിയിരുന്നു. പ്രാഥമികമായാണ് 5 ലക്ഷം നല്‍കുന്നതെന്നും സംഭവത്തില്‍ കെഎസ്ഇബി ഉന്നതതല അന്വേഷണം നടത്തുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി അറിയിച്ചിരുന്നു.
മിഥുന്റെ മരണത്തില്‍ രൂക്ഷ വിമര്‍ശനവുമായി മന്ത്രി വി ശിവന്‍കുട്ടി നേരത്തേ രംഗത്തെത്തിയിരുന്നു. പ്രിന്‍സിപ്പലിനും ഹെഡ്മിസ്ട്രസിനും എന്താണ് പണിയെന്നും സംസ്ഥാനത്തെ 14,000 സ്‌കൂളുകളും വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ശ്രദ്ധിക്കാന്‍ സാധിക്കില്ലല്ലോയെന്നും മന്ത്രി ചോദിച്ചു. ഒരു മകനാണ് നഷ്ടപ്പെട്ടതെന്നും മന്ത്രി രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.
Content Highlights: Mithun's mother will be brought home; Kodikunnil writes to Indian Ambassador in Kuwait