'അന്ന് നിമിഷക്കൊപ്പം; ഇന്ന്? ';കാന്തപുരത്തിന്റെ ഇടപെടലിന് പിന്നാലെ കാസയുടെ യൂടേണ്‍

നേരത്തെ സൗദിയില്‍ ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനത്തിന് വേണ്ടി പണം പിരിക്കുന്ന വേളയിലായിരുന്നു നിമിഷയെ പിന്തുണച്ച് കാസ രംഗത്തെത്തിയത്

dot image

തിരുവനന്തപുരം: നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ തീവ്ര ക്രിസ്ത്യന്‍ സംഘടനയായ 'കാസ'യുടെ നിലപാടിലെ ഇരട്ടത്താപ്പ് ചര്‍ച്ചയാകുകയാണ്. നേരത്തെ നിമിഷപ്രിയയ്ക്ക് വേണ്ടി വാദിച്ചവരാണ് ഇപ്പോള്‍ കാന്തപുരം എ പി മുസ്‌ലിയാര്‍ ഇടപെട്ട് വധശിക്ഷ താത്കാലികമായി നീട്ടിവെച്ചതിന് പിന്നാലെ മറ്റൊരു നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ സൗദിയില്‍ ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനത്തിന് വേണ്ടി പണം പിരിക്കുന്ന വേളയിലായിരുന്നു നിമിഷയെ പിന്തുണച്ച് കാസ രംഗത്തെത്തിയത്. 'കോടികള്‍ കൊടുത്ത് റഹീമിനെ ഇറക്കാന്‍ ആളുണ്ട്. നിമിഷപ്രിയക്കായി പിരിക്കാന്‍ ഒരാള്‍ക്കും താല്‍പര്യമില്ല', എന്നായിരുന്നു 2024 ഏപ്രില്‍ 12ന് കാസ ഫേസ്ബുക്കില്‍ നടത്തിയ പ്രതികരണം. വലിയ തരത്തിലുള്ള വര്‍ഗീയ പരാമര്‍ശങ്ങളായിരുന്നു കാസ അന്ന് നടത്തിയത്.

'കൊലപാതക കുറ്റത്തില്‍ അകത്തു കിടക്കുന്ന അബ്ദുല്‍ റഹീമിന് വേണ്ടി 27 കോടി കൊടുത്ത് ഇറക്കാന്‍ കേരളത്തില്‍ ആളുണ്ട്. പക്ഷെ വേറെ ഒരു മലയാളി പെണ്‍കുട്ടി നിമിഷ പ്രിയ യമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടതിന് കോടികള്‍ പിരിക്കാന്‍ ഒരാള്‍ക്കും താല്‍പര്യം ഇല്ല. അന്ന് ആ ന്യൂസിന്റെ അടിയില്‍ അവള്‍ ചാവേണ്ടവള്‍ ആണെന്നാണ് മേത്തന്മര്‍ കമന്റ് അടിച്ചത്, ജോലി സ്ഥലത്തു വെച്ച് കാട്ടറബി തന്റെ യഥാര്‍ത്ഥ കാട്ടസ്വഭാവം പുറത്ത് എടുത്തപ്പോള്‍ ചെറുത്തുനില്‍പ്പ് നടത്തിയ സാഹചര്യത്തില്‍ ചത്തു പോയ ഉടായിപ്പ് യെമനി അറബിയുടെ ഭാഗത്തു ആയിരുന്നു തെറ്റ്, ഇപ്പോള്‍ ഞമ്മന്റെ ആള് ചാവാന്‍ പോയപ്പോള്‍ എന്താ കേരളത്തിലെ പുകില്‍. ഇതാണ് കേരളത്തില്‍ നടക്കുന്ന ഇരട്ടതാപ്പ്', എന്ന പരാമര്‍ശമായിരുന്നു കാസ മലപ്പുറം എന്ന ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടത്.

എന്നാല്‍ ഇതില്‍ നിന്നും വളരെ വ്യത്യസ്തമായ ഒരു നിലപാടാണ് ഇന്ന് കാസ സ്വീകരിച്ചിരിക്കുന്നത്. നിമിഷപ്രിയയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനോട് ഒരു തരത്തിലും യോജിക്കാനാവില്ല എന്നാണ് കാസ പ്രസിഡന്റ് കെവിന്‍ പീറ്ററുടെ അഭിപ്രായം. 'നിമിഷ പ്രിയയ്ക്ക് വേണ്ടി നമ്മുടെ ഭരണകൂടങ്ങള്‍ എന്തിന് ഇടപെടണം' എന്ന തലക്കെട്ടോട് കൂടി നീണ്ട ഫേസ്ബുക്ക് പോസ്റ്റാണ് കെവിന്‍ പങ്കുവെച്ചിരിക്കുന്നത്. 'ഭാരതം പോലെ ഒരു രാജ്യത്തിന്റെ ഭരണകൂടം ഇത്തരത്തില്‍ മറ്റു രാജ്യങ്ങളില്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന കുറ്റവാളികളായ പൗരന്മാര്‍ക്ക് വേണ്ടി വേണ്ടി ഇത്തരം ശ്രമങ്ങള്‍ നടത്തുന്നത് എന്ത് സന്ദേശമാണ് സ്വന്തം പൗരന്മാര്‍ക്കും മറ്റുള്ളവര്‍ക്കും നല്‍കുന്നത് ? ഭാരതീയര്‍ ഏത് നാട്ടില്‍ പോയി എന്ത് വൃത്തികേട് കാട്ടി ജയിലില്‍ ആയാലും കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് മോചിപ്പിച്ചു കൊണ്ടുവരുമെന്നാണോ?', കെവിന്‍ ചോദിക്കുന്നു.

മാത്രവുമല്ല, കൂട്ടത്തില്‍ കാന്തപുരത്തിനെ ഇകഴ്ത്താനും കെവിന്‍ മറന്നിട്ടില്ല. 'കാന്തപുരത്തെ നന്മമരമാക്കി കൊണ്ട് തുടങ്ങിയ കോലാഹലങ്ങള്‍ ഇതുവരെ അവസാനിച്ചിട്ടില്ല. സത്യത്തില്‍ ഞായറാഴ്ച വധശിക്ഷ നീട്ടിവെച്ച തീരുമാനത്തില്‍ കാന്തപുരത്തിന്റെ യാതൊരുവിധ ഇടപെടലുകളും ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം', എന്നായിരുന്നു കെവിന്റെ പ്രതികരണം. നേരത്തെയും വിവിധ വിഷയങ്ങളില്‍ വര്‍ഗീയ പരാമര്‍ശം നടത്തി സമൂഹത്തില്‍ സ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ച സംഘപരിവാര്‍ സംഘടനയാണ് കാസ. ഇതേ കാസയാണിപ്പോള്‍ നേരത്തെ പിന്തുണ നല്‍കിയ ഒരു വിഷയത്തില്‍ ഇപ്പോള്‍ വീണ്ടും വര്‍ഗീയ പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുന്നത്.

Content Highlights: Casa s contrary stand on Nimisha Priya s issue

dot image
To advertise here,contact us
dot image