വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണം;സംസ്ഥാനത്തിൻ്റെ പിന്തുണയോടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ശ്രമം: സുരേഷ് ഗോപി

മൃതദേഹം വിട്ട് കിട്ടാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് അദ്ദേഹം റിപ്പോര്‍ട്ടറിലൂടെ വിപഞ്ചികയുടെ അമ്മയെ അറിയിച്ചു

dot image

തിരുവനന്തപുരം: ഷാര്‍ജയില്‍ ആത്മഹത്യ ചെയ്ത വിപഞ്ചികയുടെയും മകളുടെയും മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമിക്കുമെന്ന് അമ്മ ഷൈലജയ്ക്ക് ഉറപ്പ് നല്‍കി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. മൃതദേഹം വിട്ട് കിട്ടാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് അദ്ദേഹം റിപ്പോര്‍ട്ടറിലൂടെ അമ്മയെ അറിയിച്ചു. സാധ്യമായതെല്ലാം ചെയ്യുമെന്നും സംസ്ഥാന സര്‍ക്കാരിന്റെ പിന്തുയോടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

'അമ്മയുടെ ആവശ്യങ്ങള്‍ ന്യായമാണ്. കോണ്‍സുലേറ്റ് ശക്തമായി ഇടപെട്ടതിന്റെ ഭാഗമായി ഇന്നലെ സംസ്‌കാരം തടഞ്ഞു. വിപഞ്ചികയുടെ ഫോറന്‍സിക് റിപ്പോര്‍ട്ട് വന്ന്, കോണ്‍സുലേറ്റ് കൂടി അപ്രൂവ് ചെയ്തല്ലാതെ മൃതദേഹം വിട്ടുകൊടുക്കില്ല. അതിന് വേണ്ടി കാത്തിരിക്കണം. ഇന്ന് കോടതി തുറന്നാല്‍ ഉടന്‍ ഇടക്കാല ഉത്തരവ് വാങ്ങിത്തരാമെന്നാണ് കൗണ്‍സല്‍ അറിയിച്ചത്. അത് വന്നാല്‍ ഉടന്‍ ഷാര്‍ജയിലേക്ക് അയച്ച് നിയമനടപടികള്‍ സ്വീകരിക്കും', അദ്ദേഹം പറഞ്ഞു.

വിപഞ്ചികയുടെ കുഞ്ഞില്‍ അമ്മയ്ക്കും അച്ഛനും അവകാശമുണ്ട്. എന്നാല്‍ നിയമപരായി വേര്‍പിരിയാത്തതിനാല്‍ കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിക്കാന്‍ അച്ഛന് മാത്രം അവകാശമെന്ന വാദത്തെ മറികടന്ന് കൊണ്ടുവരാനുള്ള ശ്രമം നടത്താമെന്ന് സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. വിപഞ്ചികയുടെ ഭര്‍ത്താവിന് യാത്രാനിരോധനമുണ്ടെന്നും അദ്ദേഹത്തിന് ശവസംസ്‌കാരത്തിന് പങ്കെടുക്കണമെന്നത് അംഗീകരിക്കേണ്ടതാണെന്നും സുരേഷ് ഗോപി പറഞ്ഞു.

'ഇതെല്ലാം അംഗീകരിച്ച് കൊണ്ട് അതിനുള്ള പോംവഴി എന്താണെന്ന് ഷാര്‍ജ സര്‍ക്കാരിനോടും അവിടുത്തെ കോടതിയോടും അപേക്ഷിച്ച് ഇവിടെ കൊണ്ടുവരാന്‍ ശ്രമിക്കും. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയോടെ തിരിച്ചെത്തിക്കാന്‍ ശ്രമിക്കും. എന്തെല്ലാമാണ് മാര്‍ഗമെന്നത് പരിശോധിക്കും. ഒരു രാജ്യത്ത് നിലനില്‍ക്കുന്ന നിയമങ്ങള്‍ ഖണ്ഡിക്കാന്‍ പറ്റില്ല. സമവായം കണ്ടെത്താനുള്ള മാര്‍ഗങ്ങള്‍ നോക്കുന്നുണ്ട്. ശ്രമിക്കുന്നുണ്ട്. നിയമപരമായ എല്ലാം വഴികളും തേടുന്നുണ്ട്', അദ്ദേഹം വ്യക്തമാക്കി.

അതേസമയം തനിക്ക് മക്കളുടെ സംസ്‌കാരം ഹൈന്ദവവിധി പ്രകാരം നാട്ടില്‍ നടത്തണമെന്ന് ആഗ്രഹമുണ്ടെന്ന് വിപഞ്ചികയുടെ അമ്മ ഷൈലജ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. രണ്ട് പേരുടെയും മൃതദേഹം തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും എല്ലാവരും സഹായിക്കുന്നുണ്ടെന്നും അമ്മ കൂട്ടിച്ചേര്‍ത്തു. കോണ്‍സുലേറ്റും മന്ത്രിയും ഇടപെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'രണ്ട് പേരുടെയും മൃതദേഹം തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. കോണ്‍സുലേറ്റും മന്ത്രിയും ഇടപെടുന്നുണ്ട്. സംഭവത്തില്‍ ഷാര്‍ജയില്‍ പരാതി നല്‍കും. കോണ്‍സുലേറ്റ് പറഞ്ഞത് അനുസരിച്ച് പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുക്കും. മൃതദേഹം ഷാര്‍ജയില്‍ തന്നെ സംസ്‌കരിക്കാനാണ് നിതീഷിന്റെ താല്‍പര്യം. എന്നാല്‍ ഹൈന്ദവ വിധി പ്രകാരം നാട്ടിലടക്കണമെന്നാണ് എന്റെ ആഗ്രഹം. എന്നാല്‍ എല്ലാ പഴുതുമടച്ചാണ് അവര്‍ സംസ്‌കരിക്കാന്‍ ശ്രമിച്ചത്. എന്റെ മകള്‍ പീഡനം അനുഭവിച്ചു. അതിന്റെ ചിത്രങ്ങള്‍ അയച്ച് തന്നിട്ടുണ്ട്. നീതി ലഭിക്കണം', അമ്മ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

Content Highlights: Suresh Gopi says they will try to Vipanchika and Babies bodies bring to Kerala

dot image
To advertise here,contact us
dot image