വാഹനം ഗാരേജില്‍ സൂക്ഷിക്കണം; രജിസ്ട്രാര്‍ കെ എസ് അനില്‍ കുമാറിന് ഔദ്യോഗിക വാഹനം വിലക്കി വിസി

വാഹനം സര്‍വകലാശാലയുടെ ഗാരേജില്‍ സൂക്ഷിക്കാന്‍ ഡോ. മിനി കാപ്പനും സെക്യൂരിറ്റി ഓഫീസര്‍ക്കും വി സി മോഹനൻ കുന്നുമ്മൽ നിർദേശം നൽകി

dot image

തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ വി സിയും രജിസ്ട്രാറും തമ്മില്‍ പോര് മുറുകുന്നു. രജിസ്ട്രാര്‍ കെ എസ് അനില്‍കുമാര്‍ ഉപയോഗിക്കുന്ന ഔദ്യോഗിക വാഹനം തടയാന്‍ വി സി മോഹനന്‍ കുന്നുമ്മല്‍ നിര്‍ദേശം നല്‍കി. വാഹനം സര്‍വകലാശാലയുടെ ഗാരേജില്‍ സൂക്ഷിക്കാന്‍ ഡോ. മിനി കാപ്പനും സെക്യൂരിറ്റി ഓഫീസര്‍ക്കുമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സെക്യൂരിറ്റി ഓഫീസര്‍ കാറിന്റെ താക്കോല്‍ ഡ്രൈവറില്‍ നിന്നും വാങ്ങി ഡോ. മിനി കാപ്പനെ ഏല്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്. അതേസമയം, താന്‍ ഔദ്യോഗിക വാഹനം തന്നെയാണ് ഉപയോഗിക്കുന്നതെന്ന് കെ എസ് അനില്‍ കുമാര്‍ പറഞ്ഞു. ഇന്ന് തിരികെ വീട്ടിലേക്ക് പോയതും ഔദ്യോഗിക വാഹനത്തില്‍ തന്നെയാണെന്നും സെക്യൂരിറ്റി ഓഫീസര്‍ നിര്‍ദേശങ്ങളൊന്നും നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രജിസ്ട്രാര്‍ ഔദ്യോഗിക വാഹനം അനില്‍ കുമാര്‍ അനധികൃതമായി ഉപയോഗിക്കുന്നു എന്നാണ് വി സിയുടെ വിലയിരുത്തല്‍. വാഹനത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ അനില്‍ കുമാര്‍ വാഹനം ഉപയോഗിക്കുന്ന കാര്യം വി സിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതോടെ വാഹനം പിന്‍വലിക്കുന്നതിലെ സാധ്യത വൈസ് ചാന്‍സിലര്‍ പരിശോധിച്ചുവരികയായിരുന്നു.

കെ എസ് അനില്‍ കുമാറിനെതിരെ വി സി മോഹനന്‍ കുന്നുമ്മല്‍ നേരത്തെ രാജ്ഭവനെ സമീപിച്ചിരുന്നു. തന്റെ നിര്‍ദേശം മറികടന്ന് അനധികൃതമായാണ് കെ എസ് അനില്‍ കുമാര്‍ സര്‍വകലാശാലയില്‍ എത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് വി സി രാജ്ഭവന് റിപ്പോര്‍ട്ട് നല്‍കിയത്. അനില്‍ കുമാർ അയച്ച ഫയലുകള്‍ വി സി തിരിച്ചയച്ചിരുന്നു. അതേസമയം രജിസ്ട്രാര്‍ ഇന്‍ ചാര്‍ജുള്ള ഡോ. മിനി കാപ്പന്‍ അയച്ച ഫയലുകള്‍ വി സി അംഗീകരിക്കുകയും ചെയ്തു. രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് എന്ന നിലയിലാണ് മിനി കാപ്പന്‍ അയച്ച ഫയലുകള്‍ വിസി അംഗീകരിച്ചത്. രജിസ്ട്രാര്‍ക്കുള്ള ഇ-ഫയലുകള്‍ അനില്‍ കുമാറിന് അയയ്ക്കരുതെന്ന് ചൂണ്ടിക്കാട്ടി വി സി നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

വി സിയുടെ തുടരെയുള്ള നിര്‍ദേശങ്ങളില്‍ നാടകീയ സംഭവങ്ങളാണ് കേരള സര്‍വകലാശാലയില്‍ അരങ്ങേറുന്നത്. സര്‍വകലാശാലയുടെ രജിസ്ട്രാറായി മിനി കാപ്പനെ നിയമിച്ച് കൊണ്ട് വി സി ഉത്തരവിറക്കിയിരുന്നു. മാത്രവുമല്ല, രജിസ്ട്രാറിന്റെ മുറിക്ക് പ്രത്യേക സംരക്ഷണം നല്‍കണമെന്ന ഉത്തരവും വി സി പുറത്തിറക്കിയിരുന്നു. അനധികൃതമായി ആരെയും മുറിക്കുള്ളില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്നായിരുന്നു നിര്‍ദേശം. എന്നാല്‍, ഇതിനിടയില്‍ രജിസ്ട്രാര്‍ മുറിയില്‍ അനില്‍ കുമാറെത്തുകയും ജോലി തുടരുകയും ചെയ്തിരുന്നു.

രജിസ്ട്രാര്‍ അനില്‍ കുമാറിന് അനുകൂലമായ നടപടിയായിരുന്നു ഹൈക്കോടതി സ്വീകരിച്ചത്. അനില്‍ കുമാറിന് രജിസ്ട്രാര്‍ സ്ഥാനത്ത് തുടരാമെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. സസ്പെന്‍ഷനെതിരെ അനില്‍ കുമാര്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിയായിരുന്നു ഹൈക്കോടതിയുടെ നടപടി. സസ്പെന്‍ഷന്‍ റദ്ദാക്കിയതില്‍ എതിര്‍പ്പുണ്ടെങ്കില്‍ വൈസ് ചാന്‍സലര്‍ക്ക് ഉചിതമായ അതോറിറ്റിയെ സമീപിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അനില്‍ കുമാര്‍ ജോലിക്ക് എത്തിയത്.

Content Highlights: VC orders to stop Registrar KS Anilkumar's official vehicle

dot image
To advertise here,contact us
dot image