
കൊല്ലം: ഷാര്‍ജയില്‍ ജീവനൊടുക്കിയ വിപഞ്ചികയുടേയും മകളുടേയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കണമെന്ന അമ്മ ശൈലജയുടെ ആവശ്യത്തില്‍ ഇടപെട്ട് ഇന്ത്യന്‍ കോണ്‍സുലേറ്റ്. കുഞ്ഞിന്റെ മൃതദേഹം ഷാര്‍ജയില്‍ സംസ്‌കരിക്കാനുള്ള വിപഞ്ചികയുടെ ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും നീക്കം കോണ്‍സുലേറ്റ് ഇടപെട്ട് തടഞ്ഞു. കുഞ്ഞിന്റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് തിരികെ കൊണ്ടുപോയി. വിപഞ്ചികയുടേയും മകളുടേയും മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ അടിയന്തര ഇടപെടല്‍ അഭ്യര്‍ത്ഥിച്ച് അമ്മ ശൈലജ രംഗത്തെത്തിയിരുന്നു.
വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ മൃതദേഹം ഷാര്‍ജയില്‍ സംസ്‌കരിക്കാനായിരുന്നു ഭര്‍ത്താവ് നിധീഷിന്റെയും കുടുംബത്തിന്റെയും നീക്കം. ഇക്കാര്യം വിപഞ്ചികയുടെ കുടുംബത്തെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിപഞ്ചികയുടെ അമ്മയും ബന്ധുക്കളും ഷാര്‍ജയില്‍ എത്തിയിരുന്നു. ഇതിനിടെയാണ് വിപഞ്ചികയുടെയും മകളുടെയും മൃതദേഹം നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി അമ്മ ശൈലജ രംഗത്തെത്തിയത്.
മൃതദേഹം നാട്ടിലെത്തിയ ശേഷം നിധീഷിന്റെ വീട്ടില്‍ സംസ്‌കരിച്ചാലും കുഴപ്പമില്ലെന്നും പക്ഷെ നാട്ടിലെത്തിക്കണമെന്നാണ് ആഗ്രഹമെന്നും ശൈലജ പറഞ്ഞിരുന്നു. മൃതദേഹങ്ങള്‍ ഷാര്‍ജയില്‍ സംസ്‌കരിക്കണമെന്ന് നിധീഷ് വാശിപിടിക്കുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ലെന്നും ശൈലജ പറഞ്ഞിരുന്നു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയായിരുന്നു കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനി രജിത ഭവനില്‍ വിപഞ്ചികയെയും മകള്‍ വൈഭവിയെയും അല്‍ നഹ്ദയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ദുബായിലെ സ്വകാര്യ സ്ഥാപനത്തില്‍ ഫയലിങ് ക്ലര്‍ക്കാണ് വിപഞ്ചിക. ദുബായില്‍ തന്നെ ജോലി ചെയ്യുകയാണ് ഭര്‍ത്താവ് നിതീഷ്. ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്നാണ് വിവരം. ഏഴുവര്‍ഷമായി വിപഞ്ചിക ദുബായിലാണ് ജോലി ചെയ്യുന്നത്. നാലര വര്‍ഷം മുന്‍പായിരുന്നു വിവാഹം.
Content Highlights- Funeral of vipanchikas child postponed