കാല്‍ വെട്ടുമെന്ന് പറയുന്നവനെതിരെ കേസെടുക്കുന്നില്ലെങ്കില്‍ എന്തിനാണ് ഈ നാട്ടില്‍ പൊലീസ്?; എസ് എസ് ലാല്‍

'ഒരുപാട് മാന്യന്മാരും സമര്‍ത്ഥന്മാരും രാഷ്ട്രീയത്തില്‍ വരാത്തത് ഈ കാല്‍വെട്ടുകാര്‍ കാരണമാണ്.'

dot image

തിരുവനന്തപുരം: എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറിയും സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവുമായ പി എം ആര്‍ഷോയുടെ മണ്ണാര്‍ക്കാട്ടെ പ്രസംഗത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് എസ് എസ് ലാല്‍. ഒരുപാട് മാന്യന്മാരും സമര്‍ത്ഥന്മാരും രാഷ്ട്രീയത്തില്‍ വരാത്തത് ഈ കാല്‍വെട്ടുകാര്‍ കാരണമാണ്. കാല്‍ വെട്ടുമെന്ന് പറയുന്നവനെതിരെ കേസെടുക്കുന്നില്ലെങ്കില്‍ എന്തിനാണ് ഈ നാട്ടില്‍ പൊലീസെന്നും അദ്ദേഹം ചോദിച്ചു.

'എനിക്ക് രോഷം അടങ്ങുന്നില്ല

വളരെയധികം രോഷത്തോടെയാണ് ഇന്നലെയും ഇന്നും ഈ വാര്‍ത്ത വായിച്ചത്. പ്രത്യേകിച്ച്, എന്റെ കാലില്‍ ഒരു ടെന്റന് പൊട്ടലുണ്ടായി ശസ്തക്രിയയും കഴിഞ്ഞ് ചികിത്സയിലിരിക്കുമ്പോള്‍. അതുകൊണ്ട് ഈ വിഷയത്തെപ്പറ്റി ഇന്ന് തന്നെ എഴുതേണ്ടത് എന്റെ സാമൂഹ്യ ഉത്തരവാദിത്തമായി തോന്നി.
അടുത്തകാലം വരെ ഒരു വിപ്ലവ വിദ്യാര്‍ത്ഥി സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന യുവാവ് പറയുന്ന വരികളാണ് പത്രത്തില്‍ ഞാന്‍ അടയാളപ്പെടുത്തിയിരിക്കുന്നത്. അയാളുടെ ഈ വരികള്‍ കേള്‍ക്കുന്നതും വായിക്കുന്നതും കേരളത്തിലെ വിദ്യാര്‍ത്ഥികളും യുവാക്കളുമാണെന്ന് അയാളും നമ്മളും ഓര്‍ക്കേണ്ടതുണ്ട്.

രാഷ്ട്രീയമെന്നാല്‍ എതിരഭിപ്രായം പറയുന്നവന്റെ കാല് തല്ലിയൊടിക്കലോ കാല് വെട്ടലോ ആണെന്ന ധാരണ വിദ്യാര്‍ത്ഥികളിലും യുവാക്കളിലും ഉണ്ടാകുന്നതിന് പ്രധാന കാരണം ഇത്തരം നേതാക്കളുടെ തെറ്റായ വാചകങ്ങളാണ്.
അക്രമം ഏത് പാര്‍ട്ടി കാണിച്ചാലും തെറ്റാണ്. പക്ഷേ അത് കേരളത്തിലെ കാമ്പസുകളിലും തെരുവുകളിലും വ്യാപകമാക്കിയതും തുടരുന്നതും എസ്.എഫ്.ഐയും അവരെ പിന്തുണയ്ക്കുന്ന സി.പിഎമ്മുമാണ്. യുവാക്കളെ അക്രമത്തിന് പേരിപ്പിക്കുന്നത് അവരെ നശിപ്പിക്കലാണ്. കോളേജ് കാമ്പസുകളിലെ അക്രമങ്ങള്‍ നേരിട്ട് അനുഭവിച്ചിട്ടുള്ള ഒരാളെന്ന നിലയിലാണ് ഞാനിതെഴുതുന്നത്.

എണ്‍പതുകളില്‍ എന്റെ ഡിഗ്രി വിദ്യാഭ്യാസ കാലഘട്ടങ്ങളില്‍ ഞങ്ങള്‍ ഒരുപാട് എസ്.എഫ്.ഐക്കാരുടെ അക്രമം സഹിച്ചിട്ടുണ്ട്. അന്നും സി.പി.എം ആയിരുന്നു അതിന് അവരെ സഹായിച്ചിരുന്നത്. എന്നാല്‍ അക്കാലത്ത് നമുക്കും ബഹുമാനം തോന്നുന്ന കുറേ ചെറുപ്പക്കാര്‍ എസ്.എഫ്.ഐ സംസ്ഥാന നേതാക്കളായി ഉണ്ടായിരുന്നു. (അവരില്‍ പലരും ഇന്ന് സി.പിഎമ്മില്‍ ഇല്ല.) അന്ന് കയ്യും കാലും വെട്ടാനിറങ്ങുന്നവര്‍ കൂടുതലും പ്രാദേശിക നേതാക്കളോ പ്രവര്‍ത്തകരോ ആയിരുന്നു. സംസ്ഥാന നേതാക്കളുടെ ആക്രോശങ്ങളും അക്രമങ്ങളും സെക്രട്ടേറിയറ്റിനു മുന്നിലെ സമരങ്ങളുടെ പേരില്‍ പൊലീസിനോടായിരുന്നു. അവര്‍ക്ക് പേരെടുക്കാന്‍ അതായിരുന്ന ആവശ്യം.

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍, അവരുടെ പ്രായത്തിന്റെ പ്രത്യേകത കൊണ്ട്, ചിലപ്പോള്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകാം. എന്നാല്‍ അത് രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഏറ്റെടുത്ത് കാമ്പസുകളില്‍ക്കയറി വിദ്യാര്‍ത്ഥികളെ മുതിര്‍ന്നവര്‍ തല്ലുന്ന രീതി നടപ്പാക്കിയത് സി.പി.എമ്മാണ്. തിരുവനന്തപുരം നഗരത്തില്‍ ഉള്‍പ്പെടെ പല കോളേജുകളിലും മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് പ്രവര്‍ത്തിക്കാനാകാത്തത് സി.പി.എം പാര്‍ട്ടി കാമ്പസുകളിലെ രാഷ്ട്രീയത്തില്‍ ഇടപെടുന്നതുകൊണ്ടാണ്.

നമ്മുടെ ഒരുപാട് നല്ല കുട്ടികള്‍ ഇവിടത്തെ വിദ്യാഭ്യസം വേണ്ടെന്ന് വച്ച് അയല്‍ രാജ്യങ്ങളില്‍ പഠിക്കാന്‍ പോകുകയാണ്. അവര്‍ അവിടെ പഠനത്തിനിടെ ദുഷ്‌ക്കരമായ ജോലികള്‍ ചെയ്ത് ചെലവിന് പണം കണ്ടെത്തുകയാണ്. നല്ല വിദ്യാഭ്യാസം നല്‍കാന്‍ കഴിവുള്ള നമ്മുടെ വിദ്യാലയങ്ങളില്‍ പോലും എസ്.എഫ്.ഐ യുടെ അക്രമം കാരണം കുട്ടികള്‍ പഠിക്കാന്‍ പോകാതെയായിട്ടുണ്ട്.

ഒരുപാട് മാന്യന്മാരും സമര്‍ത്ഥന്മാരും രാഷ്ട്രീയത്തില്‍ വരാത്തത് ഈ കാല്‍വെട്ടുകാര്‍ കാരണമാണ്. അതുകൊണ്ടാണ് രാഷ്ടീയത്തില്‍ തല്ലിപ്പൊളികള്‍ കൂടുന്നത്.


കാല്‍വെട്ടുകാരെ പാര്‍ട്ടിയില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത് കാരണമാണ് അവ ചീയുന്നത്. പത്തോ പതിനഞ്ചോ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഇവര്‍ പുതിയ ഉടുപ്പുമിട്ട് സ്ഥാനാര്‍ത്ഥികളാകും. ഇവരുടെ പഴയ ചരിത്രമിയാത്രവര്‍ ഇവര്‍ക്ക് വോട്ട് നല്‍കും. ഇവര്‍ മന്ത്രിമാരുമാകും.
കാല്‍ വെട്ടുമെന്ന് പറയുന്നവനെതിരെ കേസെടുക്കുന്നില്ലെങ്കില്‍ എന്തിനാണ് ഈ നാട്ടില്‍ പൊലീസ് ?

നമുക്ക് ആശയങ്ങളെ എതിര്‍ക്കാം. പാര്‍ട്ടികളെ എതിര്‍ക്കാം. പക്ഷേ മറ്റൊരാളുടെ കാല് വെട്ടാന്‍ ആരാണ് അധികാരം തന്നിരിക്കുന്നത്?
പഠിക്കാനായി കോളേജില്‍ പോകുന്ന വിദ്യാര്‍ത്ഥികളോട്: നിങ്ങള്‍ രാഷ്ട്രീയം അറിയണം. ഇടപെടണം. സംഘടനകളില്‍ പ്രവര്‍ത്തിക്കണം. പക്ഷേ ആരെങ്കിലും വിളിച്ചാല്‍ കാലുവെട്ടാന്‍ പോകരുത്. അക്രമങ്ങള്‍ക്ക് തയ്യാറായാല്‍ ജീവിതം നരകമാകും. പൊലീസ് സ്റ്റേഷനിലും കോടതിയിലുമായി ജീവിതം തീരും. എല്ലാം അടങ്ങുമ്പോള്‍ ജീവിതം കൈവിട്ട് പോയിരിക്കും.

തല്ലാന്‍ നടന്നവര്‍ക്ക് വാഴക്കുല പി.എച്.ഡി പോലും കിട്ടുകയുമില്ല. തല്ലിക്കുന്നവനുള്ളതാണ് അത്തരം സൗജന്യ ഡിഗ്രികള്‍. ഞാന്‍ തിരുവനന്തപുരത്ത് രണ്ട് വലിയ കോളേജുകളില്‍ ചെയര്‍മാന്‍ ആയിരുന്നു. സെനറ്റംഗമായിരുന്നു. അതിനായി ഞാനാരുടേയും കാല് വെട്ടിയിട്ടില്ല.


രാഷ്ട്രീയത്തില്‍ നിന്നും അക്രമികളെ മാറ്റി നിര്‍ത്തുക. അക്രമികള്‍ നയിക്കുന്ന സംഘടനകളില്‍ ആരും ചേരരുത്. ഒരുപാട് മനുഷ്യരുടെ മുറിഞ്ഞ കാലുകള്‍ തിരിച്ചുപിടിപ്പിക്കാന്‍ സഹായിച്ചിട്ടുള്ള ഒരു ഡോക്ടറെന്ന നിലയില്‍ കൂടിയാണ് ഇത് പറയുന്നത്.
വാലറ്റം: അപകടത്തില്‍ കാലിന് പറ്റിയ മുറിവിന്റെ ബുദ്ധിമുട്ടുകള്‍ നന്നായി അറിയുന്ന ദിവസങ്ങളിലൂടെയാണ് ഞാന്‍ കടന്നു പോകുന്നത്. ഒരു കാലില്‍ പ്ലാസ്റ്റ്‌റിട്ടാലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പോലും തിരിച്ചറിയുന്നു. അപ്പോഴാണ് കാല്‍ വെട്ടല്‍ നേതാക്കളെ ടെലിവിഷനില്‍ കാണുന്നത്.', എസ് എസ് ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

dot image
To advertise here,contact us
dot image