'പാര്‍ട്ടിയിലെ പ്രശ്‌നങ്ങൾ തെരുവിലല്ല പാര്‍ട്ടിക്ക് അകത്ത് പരിഹരിക്കും'; പി കെ ശശി വിഷയത്തിൽ എൻ എൻ കൃഷ്ണദാസ്

പാര്‍ട്ടിയിലെ പ്രശ്‌നങ്ങളും പരാതികളും തെരുവിലല്ല പരിഹരികുകയെന്നും പ്രശ്‌നങ്ങള്‍ പാര്‍ട്ടിയുടെ അകത്ത് ചര്‍ച്ച ചെയ്യുമെന്നും കൃഷ്ണദാസ് വ്യക്തമാക്കി

dot image

പാലക്കാട്: മണ്ണാര്‍ക്കാട് സിപിഐഎം നേതാവ് പി കെ ശശിക്കെതിരെ ഉണ്ടായ പ്രവർത്തകരുടെ പ്രതിഷേധത്തെ തള്ളി മുതിര്‍ന്ന സിപിഐഎം നേതാവ് എന്‍ എന്‍ കൃഷ്ണദാസ്. പാര്‍ട്ടിയിലെ പ്രശ്‌നങ്ങളും പരാതികളും തെരുവിലല്ല പരിഹരിക്കുകയെന്നും പ്രശ്‌നങ്ങള്‍ പാര്‍ട്ടിയുടെ അകത്ത് ചര്‍ച്ച ചെയ്യുമെന്നും കൃഷ്ണദാസ് വ്യക്തമാക്കി.

'മണ്ണാര്‍ക്കാട്ടെ പ്രശ്‌നം പാര്‍ട്ടി നേതൃത്വം സൂക്തമായി പരിശോധിക്കും. പി കെ ശശി എന്നല്ല, ഒരു കമ്മ്യൂണിസ്റ്റുകാരനും കോണ്‍ഗ്രസില്‍ പോവില്ല. ഒരു കമ്മ്യൂണിസ്റ്റിനെയും വലതുപക്ഷം ആക്കാന്‍ പറ്റില്ല. ഒരു ദിവസം കൊണ്ട് ആരും കമ്മ്യൂണിസ്റ്റ് ആകാറുമില്ല. സിപിഐഎമ്മിന് വേണ്ടാതത് ഫ്യൂഡല്‍ കോര്‍പ്പറേറ്റ് മുതലാളിമാരെയും, കൊള്ളക്കാരെയും ജനങ്ങളെ ദ്രോഹിക്കുന്നവരെയുമാണ്. അവരെ വേണമെങ്കില്‍ കോണ്‍ഗ്രസ് എടുത്തോട്ടെ'; കൃഷ്ണദാസ് പറഞ്ഞു.

സംസ്ഥാനത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാകളുള്‍പ്പടെ സിപിഐഎമ്മിലെത്തി. സരിനും,ഷാനിബും, മോഹന്‍കുമാറും ഉപേക്ഷിച്ച ഖദര്‍ കുപ്പായങ്ങള്‍ പാലക്കാട്ടെ ഡിസിസി ഓഫീസില്‍ ഉണ്ട്. അത് ധരിക്കാന്‍ ആളെ തിരഞ്ഞ് ഇറങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ്. ആ ഖദര്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് പാകമാകില്ലെന്നും എന്‍ എന്‍ കൃഷ്ണദാസ് റിപ്പോര്‍ട്ടറിനോട് വ്യക്തമാക്കി.

സിപിഐഎം പ്രാദേശിക നേതാക്കള്‍ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി പി കെ ശശി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ശശിക്കെതിരെ മുദ്രാവാക്യമുയര്‍ത്തി സിപിഐഎം നേതാക്കൾ രംഗത്തെത്തിയത്. മണ്ണാര്‍ക്കാട് നഗരത്തിലാണ് പ്രകടനം നടത്തിയത്. തങ്ങളുടെ നേരെ പോരിന് വന്നാല്‍ ചവിട്ടിത്താഴ്ത്തും കട്ടായം എന്ന മുദ്രാവാക്യവുമായാണ് സിപിഐഎം നേതാക്കള്‍ പ്രകടനം നടത്തിയത്. 'രക്തത്തിന്റെ അത്തര്‍ പൂശി മണ്ണാര്‍ക്കാടിനെ കട്ട് മുടിച്ചവന്‍, മുസ്‌ലിം ലീഗിനെ കൂട്ട്പിടിച്ച് ഞങ്ങടെ നേരെ പോരിന് വന്നാല്‍ ഓര്‍ത്ത് കളിച്ചോ ബിലാലെ, ബിലാലുമാരുടെ ചെരിപ്പ് നക്കികള്‍ ഞങ്ങടെ നേരെ പോരിന് വന്നാല്‍ തച്ച് തകര്‍ക്കും സൂക്ഷിച്ചോ' തുടങ്ങിയ മുദ്രാവാക്യങ്ങളും നേതാക്കള്‍ ഉയര്‍ത്തി. സിപിഐഎം മണ്ണാര്‍ക്കാട് ഏരിയാ സെക്രട്ടറി നാരയണന്‍കുട്ടി അടക്കമുള്ള നേതാക്കള്‍ പ്രകടനത്തില്‍ പങ്കെടുത്തിരുന്നു.

Content Highlights- 'Congress' Khadae is not good enough for communists'; Krishnadas rejects protests against PK Sasi

dot image
To advertise here,contact us
dot image