
തിരുവനന്തപുരം: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദേശകാര്യ മന്ത്രി ജയശങ്കറിനും മുഖ്യമന്ത്രി കത്ത് നല്‍കിയിട്ടുണ്ട്. അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നത്.
നിമിഷപ്രിയയുടെ മോചനത്തിനായി പ്രധാനമന്ത്രി നേരിട്ട് ഇടപെടണമെന്ന് ആവശ്യപ്പെട്ട് കെസി വേണുഗോപാല്‍ എം പിയും കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. നാലുദിവസം മാത്രമാണ് ഇനി മുന്നിലുളളതെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൂടുതല്‍ കാര്യക്ഷമമായി വിഷയത്തെ കാണണമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. അടിയന്തരമായി സംസ്ഥാന മന്ത്രിതല സംഘം പ്രധാനമന്ത്രിയെ കാണണമെന്നും ഒരു ജീവന്റെ പ്രശ്നമാണ് എന്ന പരിഗണനയില്‍ മുഖ്യമന്ത്രി കൂടുതല്‍ ഗൗരവത്തോടെ ഈ വിഷയം കൈകാര്യം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
നിമിഷപ്രിയക്കായി ഇടപെടണം എന്നാവശ്യപ്പെട്ട് പാര്‍ലമെന്റ് അംഗങ്ങളായ കെ രാധാകൃഷ്ണന്‍, ജോണ്‍ ബ്രിട്ടാസ്, കൊടിക്കുന്നില്‍ സുരേഷ്, എന്നിവരും ചാണ്ടി ഉമ്മന്‍ എംഎല്‍എ, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എന്നിവരും രംഗത്തെത്തിയിരുന്നു. യെമന്‍ പൗരന്‍ തലാല്‍ അബ്ദു മഹ്ദി കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്നാണ് റിപ്പോര്‍ട്ട്. 2017 മുതല്‍ യെമനിലെ ജയിലില്‍ കഴിയുകയാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയ.
Content Highlights: Chief Minister Pinarayi Vijayan letter to PM Narendra Modi in NimishaPriya case