

ഇന്ത്യൻ പ്രീമിയർ ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായി മിന്നും പ്രകടനം തുടരുകയാണ് ഇന്ത്യന്‍ പേസര്‍ ഭുവനേശ്വർ കുമാർ. ഈ സീസണിൽ ഒൻപത് മത്സരങ്ങളിൽ നിന്നായി പതിനേഴ് വിക്കറ്റുകളോടെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്താണ് ഭുവനേശ്വര്‍ കുമാർ. കഴിഞ്ഞ ദിവസം നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വച്ച് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നടന്ന മത്സരത്തില്‍ നാല് ഓവറിൽ നിന്ന് 28 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റുകള്‍ വീഴ്ത്തിയതോടെയാണ് ഭുവി പർപ്പിൾ ക്യാപ് ചൂടിയത്. വ്യക്തിഗത നേട്ടങ്ങളേക്കാള്‍ പ്രധാനം ടീമിന്റെ വിജയമാണെന്ന് പർപ്പിൾ ക്യാപ് തിരിച്ചുപിടിച്ചതിന് പിന്നാലെ ഭുവി പ്രതികരിച്ചു.
'പര്‍പ്പിള്‍ ക്യാപ് ലഭിച്ചതില്‍ വളരെ സന്തോഷം. എന്നാല്‍ വ്യക്തിഗത നേട്ടങ്ങള്‍ മാത്രം ലക്ഷ്യം വയ്ക്കുന്ന ഘട്ടം ഞാന്‍ പിന്നിട്ടു കഴിഞ്ഞു. ഇപ്പോഴും നേട്ടങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും പ്രാധാന്യം ടീമിന് തന്നെയാണ്. ചെറുപ്പമായിരിക്കുമ്പോള്‍ ഇത്തരം പുരസ്‌കാരങ്ങള്‍ക്കായി നമ്മൾ സ്വാഭാവികമായും ശ്രമിക്കും. മികച്ച പ്രകടനം നടത്തുമ്പോള്‍ അവ തനിയെ തേടിയെത്തും.'' ഭുവനേശ്വര്‍ കുമാർ വ്യക്തമാക്കി. ടീമിനായി മികച്ചത് മാത്രം നല്‍കാനാണ് താന്‍ ശ്രമിക്കുന്നതെന്നും മാനേജ്മെന്റ് നല്‍കുന്ന ആത്മവിശ്വാസമാണ് തനിക്ക് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ മലിംഗയാണ് രണ്ടാം സ്ഥാനത്ത്. ഒൻപത് മത്സരങ്ങളിൽ നിന്നായി 15 വിക്കറ്റുകളാണ് താരത്തിന്റെ അക്കൗണ്ടിൽ ഉള്ളത്. ഗുജറാത്തിനെതിരായ മത്സരത്തിനിടെ പർപ്പിൾ ക്യാപ്പിനൊപ്പം മറ്റൊരു അപൂര്‍വ നേട്ടവും ഭുവനേശ്വര്‍ സ്വന്തമാക്കിയിരുന്നു. ടി20 ക്രിക്കറ്റില്‍ 350 വിക്കറ്റുകള്‍ തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ പേസര്‍ എന്ന റെക്കോര്‍ഡാണ് അദ്ദേഹം കുറിച്ചത്. ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് ഭുവി. നിലവില്‍ 325 ടി20 മത്സരങ്ങളില്‍ നിന്നായി 352 വിക്കറ്റുകളാണ് ഭുവനേശ്വറിന്റെ പേരിലുണ്ട്. 391 വിക്കറ്റുകള്‍ നേടിയ യുസ്വേന്ദ്ര ചഹല്‍ മാത്രമാണ് ഇന്ത്യക്കാരില്‍ അദ്ദേഹത്തിന് മുന്നിൽ ഇനിയുള്ളത്.
Content highlight: IPL 2026: Bhuvaneshwar Kumar wins purple cap