
തൃശ്ശൂർ: ഭാരത് മാതാ മുദ്രാവാക്യം തള്ളി സിപിഐയുടെ തൃശ്ശൂർ ജില്ലാ സമ്മേളനത്തിൽ പ്രതിനിധികൾ. തൃശ്ശൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നേതൃത്വത്തിൽ നടന്ന ഭാരത് മാതാ മുദ്രാവാക്യത്തിനെതിരെ രൂക്ഷ വിമർശനമാണ് സമ്മേളനത്തിൽ പ്രതിനിധികൾ ഉയർത്തിയത്. ഭാരത് മാതാ മുദ്രാവാക്യം കമ്മ്യൂണിസ്റ്റ് ശൈലി അല്ലെന്നും പ്രതിനിധികൾ ചൂണ്ടിക്കാണിച്ചു.
സംസ്ഥാന നേതൃത്വത്തിനെതിരെയും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെയും സമ്മേളനത്തിൽ രൂക്ഷവിമർശനമാണ് ഉയർന്നത്. സംസ്ഥാന നേതൃത്വം കാര്യക്ഷമമല്ലെന്നും മുൻ സെക്രട്ടറിമാരെ അപേക്ഷിച്ച് ദുർബലനായ സെക്രട്ടറിയാണ് ബിനോയ് വിശ്വം എന്നുമായിരുന്നു വിമർശനം. സിപിഐയുടെ മൂന്ന് മന്ത്രിമാർക്കെതിരെയും സമ്മേളനത്തിൽ വിമർശനം ഉയർന്നു. മന്ത്രിമാരായ ജി ആർ അനിൽ, പി പ്രസാദ്, ചിഞ്ചു റാണി എന്നിവർക്കെതിരെയാണ് വിമർശനം.
താഴെത്തട്ടിൽ പാർട്ടി പ്രവർത്തനം സജീവമല്ലെന്ന വിമർശനവും പ്രതിനിധികൾ ഉന്നയിച്ചു. തുടർച്ചയായുള്ള അധികാരം പ്രവർത്തകരെ സജീവമല്ലാതാക്കിയെന്ന വിമർശനവും സമ്മേളനത്തിൽ ഉയർന്നു. ഇരിങ്ങാലക്കുടയിലാണ് സിപിഐയുടെ തൃശ്ശൂർ ജില്ലാ സമ്മേളനം നടക്കുന്നത്. ജൂലൈ 11ന് ഇരിങ്ങാലക്കുട ടൗൺ ഹാളിലെ പി കെ ചാത്തൻ മാസ്‌റ്റർ നഗറിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്തത്. സമ്മേളനം 13 വരെ തുടരും. 395 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
Content Highlights: Criticism of Binoy Viswam at CPI Thrissur district conference