
കൊച്ചി നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ ബ്രസീലിയന്‍ ദമ്പതികളെ കസ്റ്റഡിയിലെടുത്ത് ഡിആര്‍ഐ യൂണിറ്റ്. ഇരുവരുടെ സ്‌കാനിംഗില്‍ ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി ലഹരിമരുന്ന് വിഴുങ്ങിയതായി വ്യക്തമായതോടെയാണ് നടപടി. ദമ്പതികളില്‍ ഒരാളുടെ വയറ്റിലുണ്ടായിരുന്നത് അമ്പതോളം ക്യാപ്‌സ്യൂളുകളാണെന്നാണ് പുറത്ത് വരുന്ന വിവരം. ഇരുവരും വിമാനത്താവളത്തില്‍ എത്തിയതിന് പിന്നാലെ ചില സംശയങ്ങളെ തുടര്‍ന്ന് വിശദമായ പരിശോധന നടത്തി. എന്നാല്‍ ഇവരുടെ പക്കലുണ്ടായിരുന്ന ലഗേജില്‍ നിന്നും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെയാണ് സ്‌കാനിങ് നടത്താന്‍ തീരുമാനിച്ചത്.
വിശദമായ പരിശോധനയില്‍ ലഹരിമരുന്ന് ക്യാപ്‌സ്യൂളുകള്‍ കണ്ടെത്തിയതോടെ ദമ്പതികളെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏറെ അപകടകരമായ ലഹരിക്കടത്തില്‍ ഇവര്‍ കടത്താന്‍ ശ്രമിച്ചത് കൊക്കെയ്‌നാണെന്നാണ് സംശയിക്കുന്നത്. ഇത്തരത്തില്‍ വിഴുങ്ങുന്ന ക്യാപ്‌സ്യൂളുകള്‍ പൊട്ടിയാല്‍ മരണം വരെ സംഭവിക്കാം.
കൊച്ചിയിലെത്തിയ ദമ്പതികള്‍ തിരുവനന്തപുരത്തേക്ക് പോകാനാണ് ലക്ഷ്യമിട്ടതെന്നാണ് വിവരം. ഇവര്‍ തലസ്ഥാനത്തെ ഒരു ഹോട്ടലില്‍ മുറി ബുക്ക് ചെയ്തിരുന്നു. ഇവരുടെ ഫോണ്‍ കോളുകടക്കം പരിശോധിക്കുകയാണ് അന്വേഷണ സംഘം.
Content Highlights: Brazilians Couple arrested at Cochin International airport