
കൊച്ചി: തന്റെ ജീവൻ രക്ഷിച്ചത് സ്വകാര്യ ആശുപത്രി എന്ന സജി ചെറിയാന്റെ പ്രസ്താവനയിൽ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. മന്ത്രി പറഞ്ഞത് ആരോഗ്യ മേഖലയുടെ പ്രോഗ്രസ് റിപ്പോർട്ടാണെന്ന് രാഹുൽ പറഞ്ഞു. മറ്റൊരു മന്ത്രി സ്വകാര്യ ആശുപത്രിക്കെതിരെ പറഞ്ഞു. സാധാരണക്കാർ എങ്ങോട്ട് പോകണമെന്നും രാഹുൽ ചോദിച്ചു.
'2018 മുതൽ 2025 വരെ സർക്കാർ ആശുപത്രിയിൽ നിപ സ്ഥിരീകരിച്ചിട്ടുണ്ടോ?. എല്ലാം സ്വകാര്യ ആശുപത്രിയിലാണ്. സർക്കാർ സംവിധാനങ്ങൾക്കൊന്നും നിപ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. ഒരു രോഗി മരിച്ച ശേഷം ഫൊറൻസിക് സർജൻ നിപ രോഗബാധ കണ്ടെത്തിയെന്ന് മന്ത്രി പറഞ്ഞു. എന്നാൽ അതേ രോഗിയെ മെഡിക്കൽ കോളേജിൽ പരിശോധിച്ചപ്പോൾ നിപ കണ്ടെത്താൻ കഴിഞ്ഞില്ല. നിപയെ കുറിച്ച് സർക്കാർ നടത്തുന്നത് വ്യാജ പ്രചാരണങ്ങളാണ്. മരണനിരക്ക് കുറവാണ് എന്ന് പ്രചരിപ്പിച്ചാൽ നിപ പ്രതിരോധത്തിൽ അനാസ്ഥ കാണിക്കും. ബാംഗ്ലാദേശിനെ പോലുള്ള രാജ്യങ്ങളിൽ പോലും നിപ പകരുന്നത് എങ്ങനെയെന്ന് കണ്ടെത്തി. കോഴിക്കോട്, മഞ്ചേരി മെഡിക്കൽ കോളേജിൽ സ്ഥിരമായി ഐസൊലേഷൻ വാർഡ് നിർമ്മിക്കുമെന്ന് 2018-ൽ അന്നത്തെ ആരോഗ്യ മന്ത്രി പറഞ്ഞു. ഏഴ് വർഷമായിട്ടും ഐസൊലേഷൻ വാർഡ് നിർമ്മിച്ചില്ല. 32 കേസുകളിൽ 24 പേർ മരിച്ചു.
74% ആണ് മരണനിരക്ക്. രോഗത്തിന്റെ ഗൗരവം ജനങ്ങൾ മനസ്സിലാക്കാൻ വേണ്ടിയാണ് ഞാൻ അങ്ങനെ പറഞ്ഞത്.
ജാഗ്രതയുണ്ടാക്കുന്ന നിർദേശങ്ങൾ ആണ് സർക്കാർ പറയേണ്ടത്', രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു.
വയനാട് ചൂരൽമല പുനരധിവാസത്തിനായുള്ള ഫണ്ട് പിരിവിൽ സംശയമുള്ളവർക്ക് അന്വേഷണത്തിന് സർക്കാരിനെ സമീപിക്കാമെന്ന് പറഞ്ഞ രാഹുൽ പണം സമാഹരിച്ച അക്കൗണ്ടിൽ നിന്ന് ഒരു രൂപയെങ്കിലും പിൻവലിച്ചെന്ന് തെളിയിച്ചാൽ യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് സ്ഥാനം രാജിവയ്ക്കാമെന്നും കൂട്ടിച്ചേർത്തു. 770 കോടി രൂപ പിരിച്ച സർക്കാർ മാതൃകാ വീടിൻ്റെയെങ്കിലും നിർമാണം ഒരു വർഷമായി പൂർത്തീകരിച്ചോ?. ഡിവൈഎഫ്ഐ വീട് നിർമാണം പൂർത്തിയാക്കിയെന്ന് ചില മാധ്യമങ്ങൾ പറയുന്നു. ഡിവൈഎഫ്ഐ പൂർത്തിയാക്കിയ വീട്ടിൽ താമസിക്കുന്ന ഗൃഹനാഥൻ്റെ പേര് ഒന്ന് പറഞ്ഞു തരാമോയെന്നും അദ്ദേഹം ചോദിച്ചു.
പിരിച്ച പണം സർക്കാരിന് നൽകില്ല. ആ പണം കെപിസിസിക്ക് കൈമാറി വീട് നിർമാണം പൂർത്തിയാക്കും. ഈ മാസം അവസാനം രാഹുൽ ഗാന്ധിയുടെ കൂടി സാന്നിധ്യത്തിൽ കെപിസിസി വീട് നിർമ്മാണത്തിൻ്റെ തറക്കല്ലിടീൽ തുടങ്ങാനാണ് ആലോചിക്കുന്നത്. മുഖ്യമന്ത്രിക്കും മന്ത്രി റിയാസിനുമാണ് ഭൂമി ആവശ്യപ്പെട്ട് കത്ത് നൽകിയത്. യൂത്ത് കോൺഗ്രസിന് സ്ഥലം തരാനുള്ള നിയമപരമായ ബാധ്യത സർക്കാരിനില്ല. അതുകൊണ്ട് തന്നെ ഭൂമി സർക്കാർ തന്നില്ല എന്ന പരാതി തങ്ങൾക്കില്ല. യൂത്ത് കോൺഗ്രസ് സ്ഥലം കണ്ടെത്തിയിരുന്നു. എന്നാൽ ഈ സ്ഥലം ദുരന്ത ഭൂമിയിൽ നിന്ന് ഏറെ അകലെ ആയതിനാൽ അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു.
ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകിയത് സിപിഐഎം നേതാവ് അരുൺ കുമാറിൻ്റെ വക്കീൽ ഓഫിസിലെ ജൂനിയർ അഭിഭാഷകയും ലോ കോളേജിലെ മുൻ എസ്എഫ്ഐ നേതാവുമായ ആളാണ്. ഗവർണർക്കെതിരെ സമരങ്ങൾ നടക്കണം എന്നു തന്നെയാണ് തൻ്റെ നിലപാടെന്ന് പറഞ്ഞ രാഹുൽ അർലേക്കറിന് പുട്ടും കടലയും കൊടുക്കാൻ മുഖ്യമന്ത്രിക്ക് എന്ത് തിടുക്കമായിരുന്നുവെന്നും പരിഹസിച്ചു. അർലേക്കർ മറിച്ചെന്തെങ്കിലും ചെയ്യുമെന്ന് മുഖ്യമന്ത്രി കരുതിയിരുന്നോവെന്നും രാഹുൽ ചോദിച്ചു.
Content Highlights: rahul mamkootathil MLA responds to Saji Cherian's statement that a private hospital saved his life