മുന്നണി മാറ്റം തള്ളി ജോസ് കെ മാണി; 'ഇടതുമുന്നണിയിലെ അവിഭാജ്യഘടകമാണ് കേരള കോണ്‍ഗ്രസ് എം'

കേരള കോണ്‍ഗ്രസ് എമ്മിനെ പ്രതീക്ഷിച്ചിരിക്കുന്നവര്‍ തിളപ്പിച്ച വെള്ളം വാങ്ങി വയ്ക്കുകയാണ് നല്ലതെന്നും ജോസ് കെ മാണി പറഞ്ഞു.

dot image

കോട്ടയം: കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫ് വിട്ട് യുഡിഎഫില്‍ ചേരുമെന്ന അഭ്യൂഹങ്ങളെ തള്ളി ജോസ് കെ മാണി. ഇടതുമുന്നണിയിലെ അവിഭാജ്യ ഘടകമാണ്. മുന്നണിയെ രാഷ്ട്രീയമായി ശക്തിപ്പെടുത്തുന്നതിന് നിരന്തരം പരിശ്രമിക്കുകയാണ്. പ്രചരിക്കുന്നത് വ്യാജവാര്‍ത്തകളാണെന്നും അദ്ദേഹം പറഞ്ഞു.

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലും അസംബ്ലി തെരഞ്ഞെടുപ്പിലും ഇടതുമുന്നണിക്കൊപ്പം ഉണ്ടാകും. കേരള കോണ്‍ഗ്രസ് എമ്മിനെ പ്രതീക്ഷിച്ചിരിക്കുന്നവര്‍ തിളപ്പിച്ച വെള്ളം വാങ്ങി വയ്ക്കുകയാണ് നല്ലതെന്നും ജോസ് കെ മാണി പറഞ്ഞു.

'മുന്നണിമാറ്റം സംബന്ധിച്ചുള്ള വ്യാജവാര്‍ത്തകളെ കേരള കോണ്‍ഗ്രസ് (എം) പൂര്‍ണ്ണമായും തള്ളുന്നു. ഇടതുമുന്നണിയുടെ അവിഭാജ്യഘടകമായ കേരളാ കോണ്‍ഗ്രസ് (എം) മുന്നണിയെ രാഷ്ട്രീയമായി ശക്തിപ്പെടുത്തുന്നതിനും മുന്നണിയുടെ ജനകീയ അടിത്തറ വിപുലപ്പെടുത്തുന്നതിനുമായി നിരന്തരം പരിശ്രമിക്കുകയാണ്. നേതൃസ്ഥാനത്തിന്റെ പേരില്‍ കലഹിക്കുന്ന യുഡിഎഫിനെ രക്ഷിക്കാന്‍ ചില കേന്ദ്രങ്ങള്‍ തുടര്‍ച്ചയായി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും, അസംബ്ലി തെരെഞ്ഞെടുപ്പിലും ഇടതുമുന്നണിക്ക് അഭിമാനകരമായ വിജയം സമ്മാനിക്കാന്‍ പാര്‍ട്ടി ഘടകങ്ങളെ പൂര്‍ണ്ണമായും സജ്ജമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ താഴെ തട്ടില്‍ നടക്കുകയാണ്.

മലയോരമേഖലയിലെ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കേരള കോണ്‍ഗ്രസ് (എം)ശ്രദ്ധയില്‍ പ്പെടുത്തിയതിനെത്തുടര്‍ന്ന് ബഹുമാന്യനായ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ പ്രത്യേക ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചിട്ടുണ്ട്. വന്യജീവി ആക്രമണത്തിന് ശാശ്വതപരിഹാരത്തിനായി കേരളത്തിലെ ഗവണ്‍മെന്റിന് ഒപ്പം പ്രതിപക്ഷവും കേന്ദ്രസര്‍ക്കാര്‍ നിലപാടിന് എതിരായി ശബ്ദം ഉയര്‍ത്തുകയാണ് വേണ്ടത്. ഇക്കാര്യത്തില്‍ ഒരേ നിലപാട് ഉയര്‍ത്തുന്നതിന് പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നത് സഹായകരമാകും. മലയോരമേഖലയിലെ പ്രശ്‌നങ്ങള്‍ കേരള കോണ്‍ഗ്രസ് (എം) ഉയര്‍ത്തുന്നതിനെ മുന്നണി രാഷ്ട്രീയ ചര്‍ച്ചകളുമായി കൂട്ടികെട്ടുന്നതിന്റെ ലക്ഷ്യം വിലകുറഞ്ഞ രാഷ്ട്രീയമാണ്. അതിനെ പാര്‍ട്ടി പൂര്‍ണ്ണമായും തള്ളുന്നു. മൂന്നാം തവണയും എല്‍.ഡി.എഫിനെ കേരളത്തില്‍ അധികാരത്തില്‍ എത്തിക്കാന്‍ ഇടതുപക്ഷ ജനാധിപ്യമുന്നണി കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോകും. കേരള കോണ്‍ഗ്രസ് (എം) ന്റെ രാഷ്ട്രീയ നിലപാട് മാറുമെന്ന പ്രതീക്ഷയില്‍ ആരെങ്കിലും വെള്ളം തിളപ്പിക്കുന്നുണ്ടെങ്കില്‍, അങ്ങനെയുള്ളവര്‍, അത് വാങ്ങി വയ്ക്കുന്നതാണ് ഉചിതം.', ജോസ് കെ മാണി ഫേസ്ബുക്കില്‍ കുറിച്ചു.

Content Highlights: Jose K. Mani rejects change of political front

dot image
To advertise here,contact us
dot image