
കോഴിക്കോട്: നിപ ബാധിച്ച് ചികിത്സയിലുള്ള പാലക്കാട് സ്വദേശിനിയുടെ നില അതീവ ഗുരുതരം. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. പേ വേര്‍ഡിനോട് ചേര്‍ന്ന് പതിനഞ്ച് വാര്‍ഡുകള്‍ ഐസൊലേഷന്‍ വാര്‍ഡുകളാക്കി മാറ്റിയിട്ടുണ്ട്. അതേസമയം യുവതിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള ബന്ധുവായ പത്ത് വയസുകാരിയുടെ സാമ്പിള്‍ പരിശോധാനാഫലം ഇന്ന് വന്നേക്കും. കുട്ടി പനിയെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇക്കഴിഞ്ഞ ജൂണ്‍ 25നായിരുന്നു നിപ രോഗലക്ഷണങ്ങളെ തുടര്‍ന്ന് 38കാരിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്ഥിതി മോശമായതോടെ യുവതിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് യുവതിയുടെ സ്രവം നിപ പരിശോധനയ്ക്കയച്ചു. പ്രാഥമിക പരിശോധനയില്‍ യുവതിക്ക് നിപ സ്ഥിരീകരിച്ചു. ഇതോടെ യുവതിയുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയവരോട് ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ ആരോഗ്യവകുപ്പ് വകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചു. പൂനെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയുടെ ഫലം വെള്ളിയാഴ്ചയായിരുന്നു പുറത്തുവന്നത്. ഇതും പോസിറ്റീവായിരുന്നു. ഇന്നലെ രാത്രിയോടെ യുവതിയുടെ ആരോഗ്യനില മോശമായി. ഇതിന് പിന്നാലെയാണ് യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിപ സ്ഥിരീകരിച്ചതിന് പിന്നാലെ പാലക്കാട് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തച്ചനാട്ടുകര പഞ്ചായത്തിലെ 7,8,9,11 വാര്‍ഡുകളിലും, കരിമ്പുഴ പഞ്ചായത്തിലെ 17,18 വാര്‍ഡുകളിലുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ മേഖലകളിലെ കടകള്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. വ്യാപാര സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കം തുറന്നു പ്രവര്‍ത്തിക്കുന്നതില്‍ നിയന്ത്രണമുണ്ട്. പ്രദേശത്ത് മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം മലപ്പുറത്തും നിപ സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ട മങ്കട സ്വദേശിനിയായ പതിനെട്ടുകാരിക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. ജൂണ്‍ 28നായിരുന്നു നിപ രോഗലക്ഷണങ്ങളോടെ പെണ്‍കുട്ടി മലപ്പുറം കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. ആരോഗ്യനില മോശമായതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെ ജൂലൈ ഒന്നാം തീയതിയാണ് മരണം സംഭവിച്ചത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. നിപ രോഗലക്ഷണങ്ങളുണ്ടായിരുന്നതിനാല്‍ പെണ്‍കുട്ടിയുടെ സ്രവം പ്രാഥമിക പരിശോധനയ്ക്ക് അയച്ചിരുന്നു. ഇത് പോസിറ്റീവായിരുന്നു. ഇതിന് പിന്നാലെ പെണ്‍കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടറും രണ്ട് ജീവനക്കാരും അടുത്തിടപഴകിയ ബന്ധുക്കളും അടക്കം ക്വാറന്റൈനിലായി. പൂനെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനാഫലവും പോസിറ്റീവായിരുന്നു. പെണ്‍കുട്ടിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ അടക്കം ക്വാറന്റൈനിലാണ്.
Content Highlights- Woman who test positiver for nipah shifted to kozhikode medical college after condition worse