ബിന്ദു സർക്കാർ അനാസ്ഥയുടെ ഇര, മരണ കാരണം സർക്കാരിൻ്റെ പ്രതിച്ഛായ രക്ഷിക്കാനുള്ള ശ്രമം: രാജീവ് ചന്ദ്രശേഖർ

ബിന്ദുവിന് നീതി കിട്ടണമെന്നും മന്ത്രിമാർക്കെതിരെ കേസ് ഫയൽ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

dot image

കോട്ടയം: മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരിച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബിന്ദുവിന് നീതി കിട്ടണമെന്നും മന്ത്രിമാർക്കെതിരെ കേസ് ഫയൽ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പിണറായി വിജയൻ ചികിത്സയ്ക്ക് അമേരിക്കയിലേക്ക് പോകും. കോൺഗ്രസ് നേതാക്കൾ യൂറോപ്പിലേക്ക് പോകും. സാധാരണക്കാർക്ക് ആശ്രയിക്കാൻ സർക്കാർ ആശുപത്രി മാത്രമേയുള്ളൂവെന്നും രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട് പറഞ്ഞു.

ബിന്ദുവിൻ്റെ വീട് സന്ദർശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിന്ദുവിന് നീതി ലഭിക്കും വരെ ബിജെപി സമരത്തിന് ഇറങ്ങും. ബിന്ദുവിൻ്റെ മരണം സാധാരണ മരണമല്ല. സർക്കാരിൻ്റെ അനാസ്ഥയുടെ ഇരയാണ്. മന്ത്രിമാർ രക്ഷാപ്രവർത്തനം താമസിപ്പിച്ചു. സംസ്ഥാന സർക്കാരിൻ്റെ പ്രതിച്ഛായ രക്ഷിക്കാൻ ശ്രമിച്ചതാണ് മരണ കാരണം. കുറ്റകരമായ അനാസ്ഥയാണിതെന്നും ബിജെപി അധ്യക്ഷൻ മാധ്യമങ്ങളോട് പറഞ്ഞു.

ബിന്ദുവിന്റെ മരണത്തിന് പിന്നാലെ സംസ്ഥാന വ്യാപകമായി വലിയ രീതിയിലുള്ള പ്രതിപക്ഷ പ്രതിഷേധമാണ് നടക്കുന്നത്. വിവിധയിടങ്ങളിൽ സംഘർഷമുണ്ടായി. പലയിടത്തും മാർച്ച് അക്രമാസക്തമാകുന്ന കാഴ്ചയാണുള്ളത്. കോട്ടയം മെഡിക്കൽ കോളേജിന് മുന്നിൽ യൂത്ത്കോൺഗ്രസ് പ്രവർത്തകർ നടത്തുന്ന മാർച്ചിൽ സംഘർഷമുണ്ടായി. ബാരിക്കേഡിനുമുകളിൽ കയറി പ്രവർത്തകർ പ്രതിഷേധിക്കുകയാണ്. മകൾ നവമിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ എത്തിയ ബിന്ദു കഴിഞ്ഞ ദിവസമാണ് അപ്രതീക്ഷിതമായുണ്ടായ അപകടത്തിൽ മരിച്ചത്. രാവിലെ കുളിക്കാനായാണ് ബിന്ദു കെട്ടിടത്തിൻ്റെ മൂന്നാം നിലയിലെ ശുചിമുറിയിലേക്ക് പോയത്. അപ്പോഴായിരുന്നു അപകടം. ബിന്ദുവിനെ പുറത്തെടുക്കുമ്പോൾ തന്നെ ജീവനറ്റ നിലയിലായിരുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ബിന്ദു രണ്ട് മണിക്കൂറോളം കെട്ടിടാവശിഷ്ടത്തിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.

Content Highlights: rajeev chandrasekhar against kerala govt on bindu's death

dot image
To advertise here,contact us
dot image