തോട്ടം തൊഴിലാളികളുടെ ജീവിതസമരകഥ; പ്രഭാഹരന്‍ കെ മൂന്നാറിന്റെ 'മലങ്കാട്' പുറത്തിറങ്ങി

റാറ്റ് ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകം വിപണിയില്‍ ലഭ്യമാണ്

dot image

മൂന്നാര്‍: എഴുത്തുകാരനും ഗവേഷകനുമായ പ്രഭാഹരന്‍ കെ. മൂന്നാര്‍ എഴുതിയ മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ ചരിത്രം 'മലങ്കാട്' പുറത്തിറങ്ങി. തേയിലത്തോട്ടങ്ങളില്‍ അടിമകളെ പോലെ പണിയെടുക്കാന്‍ വിധിക്കപ്പെട്ട തൊഴിലാളികളുടെ ജീവിത സമര ചരിത്രമാണ് 'മലങ്കാട്' എന്ന തോട്ടം തൊഴിലാളികളുടെ ആത്മകഥ പറയുന്നത്.

തോട്ടം തൊഴിലാളി കുടുംബത്തില്‍ ജനിച്ച് നിരവധി പ്രതികൂല സാഹചര്യങ്ങളോട് പോരാടിയ പ്രഭാഹരന്റെ വിദ്യാഭ്യാസ ജീവിതവും ഗവേഷണകാലവുമെല്ലാം ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. പിഎച്ച്ഡി പൂര്‍ത്തിയാക്കി അധ്യാപകനായി ജോലി ചെയ്യുന്ന പ്രഭാഹരന്‍ തന്റെ പൂര്‍വികരുടെ ചരിത്രമെഴുതുമ്പോള്‍, വര്‍ത്തമാന കേരളത്തില്‍ ഏറ്റവും ചൂഷണമനുഭവിക്കുന്ന ഒരു ജനതയുടെ ജീവിത ചിത്രമാണ് അടയാളപ്പെടുന്നത്. കൊളോണിയല്‍ ചരിത്ര രചനകള്‍ ഒഴിവാക്കിയ മനുഷ്യരുടെ കഥകള്‍ കൂടിയാണ് 'മലങ്കാട്'.

വ്യവസായികമായും ടൂറിസം സ്‌പോട്ട് എന്ന നിലയ്ക്കും മാത്രം കേരളീയ ഭൂപടത്തില്‍ പച്ചപിടിച്ചുകിടക്കുന്ന മൂന്നാറില്‍ നിന്ന്, അവിടുത്തെ യഥാര്‍ത്ഥ ജീവിതം കണ്ടെടുക്കുകയാണ് 'മലങ്കാട്'. കേരളത്തിന്റെ ചരിത്രത്തിലെ ഒരു അദൃശ്യ ഭൂപടം ഇതിലൂടെ വായനക്കാര്‍ക്ക് മുന്നിലെത്തുന്നു. റാറ്റ് ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകം വിപണിയില്‍ ലഭ്യമാണ്.

Content Highlights: Prabhaharan K Munnar's book 'Malangad' released

dot image
To advertise here,contact us
dot image