
തിരുവനന്തപുരം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ സ്വീകരിച്ച യുഡിഎഫിനെതിരായ എല്‍ഡിഎഫ് വിമര്‍ശനത്തില്‍ പ്രതികരിച്ച് കെ സി വേണുഗോപാല്‍. തോറ്റ് നാറും എന്ന് തോന്നുമ്പോള്‍ ഉണ്ടാക്കുന്ന വഴിതിരിച്ചുവിടല്‍ ആണ് നിലവിലെ ആരോപണങ്ങള്‍ എന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രതികരിച്ചു. ദേശീയ പാത തകര്‍ന്നാല്‍ പോലും സര്‍ക്കാരിന് പരാതിയില്ല. കേന്ദ്ര മന്ത്രിക്ക് പോലും പരാതിയുണ്ട്. ആരെങ്കിലും ഇതിന് പിന്നാലെ പോയാല്‍ അതും പരമാപരാധമാണെന്നും കെ സി വേണുഗോപാല്‍ വിമര്‍ശിച്ചു.
അഹമ്മദാബാദ് വിമാനാപകടത്തിന് കാരണക്കാരായവരെ എത്രയും പെട്ടെന്ന് കണ്ടുപിടിക്കണമെന്നും കെ സി വേണുഗോപാല്‍ എംപി ആവശ്യപ്പെട്ടു. പലകോണില്‍ നിന്നും പല അഭിപ്രായങ്ങള്‍ വരുന്നുണ്ട്. അതൊന്നും പറയേണ്ട സമയമല്ല ഇതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
വോട്ടിന് വേണ്ടി യുഡിഎഫ് ആരുമായും കൂട്ടുകൂടുമെന്നാണ് വെല്‍ഫെയര്‍ പിന്തുണയെ മുഖ്യമന്ത്രി വിമര്‍ശിച്ചത്. സമൂഹം അകറ്റി നിര്‍ത്തുന്നവരെ കൂടെകൂട്ടി വോട്ട് കൂട്ടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ജമാ അത്തെ ഇസ്ലാമി എന്താണെന്ന് നേരത്തെ തന്നെ വ്യക്തമായതാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുമ്പോള്‍ ജമാഅത്തെ ഇസ്ലാമിയോടുള്ള സമീപനം എന്താണെന്ന് പ്രിയങ്കാഗാന്ധി വ്യക്തമാക്കണം എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയും ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനം പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ പ്രത്യയശാസ്ത്രത്തിലൂന്നിയാണെന്ന് കേരളത്തിലെ ജനങ്ങള്‍ക്കറിയാമെന്നും അപ്പോള്‍ എന്ത് അര്‍ത്ഥത്തിലാണ് ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദം ഉപേക്ഷിച്ചു എന്ന് പ്രതിപക്ഷനേതാവ് പറഞ്ഞതെന്ന് മുഹമ്മദ് റിയാസും അഭിപ്രായപ്പെട്ടിരുന്നു.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ കക്ഷിയായ വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിന് പിന്തുണയറിയിച്ച് രംഗത്തെത്തിയിരുന്നു. പിന്നാലെ ജമാഅത്തെ ഇസ്ലാമി വര്‍ഗീയ ശക്തിയാണെന്ന് കോണ്‍ഗ്രസ് പറഞ്ഞിട്ടില്ലെന്ന് വി ഡി സതീശന് പറഞ്ഞിരുന്നു. ജമാഅത്തെ ഇസ്ലാമി ഒരുപാട് മാറി. അവര്‍ക്ക് മതരാഷ്ട്ര വാദം ഇപ്പോള്‍ ഇല്ല. എല്‍ഡിഎഫിന് പിന്തുണ കൊടുത്തപ്പോള്‍ ആര്‍ക്കും പ്രശ്നമില്ലായിരുന്നുവെന്നുമായിരുന്നു വി ഡി സതീശന്റെ പരാമര്‍ശം.
Content Highlights: Nilambur By Poll K C Venugopal Reaction over Welfare party UDF Support