
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചുള്ള ഡോക്യുമെന്ററി 'പിണറായി ദി ലെജൻഡ്' ഇന്ന് പ്രകാശിപ്പിക്കും. ചലച്ചിത്ര താരവും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ ഉദ്ഘാടനം ചെയ്യും. ഉച്ചയ്‌ക്ക് 12ന് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി, സിപിഐഎം ജില്ലാ സെക്രട്ടറി വി ജോയ്, എ എ റഹിം എം പി എന്നിവർ പങ്കെടുക്കും.
സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനാണ് 30 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററി ഒരുക്കിയത്. ആദ്യമായാണ് ഒരു സർവ്വീസ് സംഘടന മുഖ്യമന്ത്രിയെക്കുറിച്ച് കുറിച്ച് ഡോക്യുമെന്ററി നിർമിക്കുന്നത്. അൽത്താഫ് റഹ്മാനാണ് ഡോക്യുമെന്ററിയുടെ സംവിധായകൻ. രചന: പ്രസാദ് കണ്ണൻ. രാജ്കുമാർ രാധാകൃഷ്ണനാണ് സംഗീത സംവിധാനം. ക്യാമറ: പ്രവീൺ ചക്രപാണി, പ്രൊജക്റ്റ് ഡിസൈനർ: ബാലു ശ്രീധർ, എഡിറ്റിങ്: സുനിൽ എസ് പിള്ള. 'തുടരും പിണറായി മൂന്നാമതും" എന്ന കുറിപ്പോടെ കഴിഞ്ഞ ദിവസം ഡോക്യുമെന്ററിയുടെ ടീസർ പുറത്തിറങ്ങിയിരുന്നു.
ചിലർ വരുമ്പോൾ ചരിത്രം വഴി മാറുമെന്ന് തെളിയിച്ച നേതാവാണ് പിണറായി വിജയനെന്നും മൂന്നാമതും പിണറായി വിജയൻ തുടരുമെന്നും കെഎസ്ഇഎ പുറത്തിറങ്ങിയ ടീസറിൽ പറയുന്നു. ഒൻപത് വർഷത്തെ ഇടത് സർക്കാരിന്റെ ഭരണനേട്ടവും അതിന്റെ നായകനുമാണ് ഡോക്യുമെന്ററിയുടെ പ്രമേയം. പിണറായി പാർട്ടി സെക്രട്ടറിയായത് മുതലുള്ള വിഷയങ്ങൾ ഡോക്യുമെന്ററിയിലുണ്ട്. ഇതേ സംഘടനയുടെ പിണറായി വാഴ്ത്തുപാട്ട് നേരത്തെ വിവാദമായിരുന്നു. സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്റെ സുവർണ ജൂബിലി മന്ദിര ഉദ്ഘാടനത്തിന് മുഖ്യമന്ത്രി എത്തുമ്പോൾ കേൾപ്പിക്കാൻ തയ്യാറാക്കിയ വാഴ്ത്തുപാട്ടായിരുന്നു നേരത്തേ വിവാദമായത്.
Content Highlights: Pinarayi the Legend documentary to be released today