
കണ്ണൂര്‍: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ പി വി അന്‍വര്‍ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ യുഡിഎഫിന് തിരിച്ചടിയാകുമെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. അന്‍വറിന്റെ പിന്തുണ നിര്‍ണായകമാണ്. അന്‍വറിന്റെ കൈവശമുള്ള വോട്ട് ലഭിച്ചില്ലെങ്കില്‍ യുഡിഎഫിന് തിരിച്ചടിയാകും. അന്‍വര്‍ യുഡിഎഫിൽ എത്തിയാൽ മുതല്‍ക്കൂട്ടാകുമെന്നും കെ സുധാകരന്‍ പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ സുധാകരൻ
പി വി അന്‍വര്‍ നിലവില്‍ മറ്റൊരു പാര്‍ട്ടിയുടെ ഭാഗമാണ്. യുഡിഎഫ് സ്ഥാനാർത്ഥിയെ എതിര്‍ക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ടെന്ന് കെ സുധാകരന്‍ പറഞ്ഞു. അന്‍വര്‍ വേണ്ട എന്ന നിലയില്‍ മുന്നണിക്കുള്ളില്‍ ആരെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അത് മരവിക്കാന്‍ തങ്ങളുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകും. അന്‍വര്‍ മുന്നണിയില്‍ വരണം എന്നാണ് തന്റെ ആഗ്രഹമെന്നും കെ സുധാകരന്‍ പറഞ്ഞു.
അന്‍വര്‍ മുന്നണിയില്‍ വരുന്നതില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് എതിര്‍പ്പുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് അദ്ദേഹത്തോട് ചോദിക്കണം എന്നായിരുന്നു സുധാകരന്‍ നല്‍കിയ മറുപടി. പാര്‍ട്ടിക്ക് പുതിയ നേതൃത്വമായി. സണ്ണി ജോസഫിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കണം. ഒരു വട്ടമെങ്കിലും പരസ്പരം സംസാരിച്ചാല്‍ പ്രശ്‌നത്തിന് പരിഹാരമാകുമെന്നാണ് കരുതുന്നത്. രണ്ട് ദിവസം കാത്തിരിക്കണം. അന്‍വര്‍ മുന്നണിയില്‍ വരണമെന്നാണ് മുസ്‌ലിം ലീഗിന്റെ ആഗ്രഹമെന്നും കെ സുധാകരന്‍ പറഞ്ഞു.
Content Highlights-I whish anvar as part of UDF says Former kpcc president K Sudhakaran