
തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിനെതിരായ വികാരം നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. യുഡിഎഫ് 101% വിജയിക്കുമെന്നും ദേശീയ നേത്യത്വം ഉടൻ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നും കെ മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
ഉപതിരഞ്ഞെടുപ്പ് ഇപ്പോൾ വേണമായിരുന്നോ എന്ന തൻ്റെ വ്യക്തിപരമായ അഭിപ്രായവും മുരളീധരൻ പങ്കുവെച്ചു. തിരഞ്ഞെടുക്കപ്പെടുന്ന എംഎൽഎയ്ക്ക് വെറും എട്ട് മാസമാണ് പ്രവർത്തിക്കാൻ സാധിക്കുക. തദ്ദേശ തിരഞ്ഞെടുപ്പ്, നിയമസഭാ തിരഞ്ഞെടുപ്പ് ഒക്കെ കണക്കിലെടുക്കുമ്പോൾ ചിലപ്പോൾ എട്ട് മാസം പോലും ലഭിക്കണമെന്നില്ല. കാലവർഷം ഏറ്റവും ശക്തി പ്രാപിക്കുന്ന സമയത്ത് കൂടിയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാൽ ഈ തിരഞ്ഞെടുപ്പ് യുഡിഎഫിന് കരുത്ത് തെളിയിക്കാനുള്ള ഏറ്റവും നല്ല സന്ദർഭമാകുമെന്നും മുരളീധരൻ പറഞ്ഞു.
ഉപതിരഞ്ഞെടുപ്പിൽ പി വി അൻവറുടെ പൂർണ സഹകരണം യുഡിഎഫിനൊപ്പം ഉണ്ടാകുമെന്നും കെ മുരളീധരൻ പറഞ്ഞു. അൻവറിനെ യുഡിഎഫുമായി സഹകരിപ്പിക്കാൻ തീരുമാനിച്ചതാണ്. തൃണമൂലിന്റെ ചില ദേശീയ നിലപാടുകളാണ് അവരെ യുഡിഎഫിൽ ഉൾപ്പെടുത്തുന്നതിനുള്ള പ്രധാന തടസ്സം. ഒമ്പത് വർഷം എംഎൽഎ ആയിരുന്ന ആളാണ്. ആ കരുത്ത് അൻവറിനുണ്ട്. അത് തിരഞ്ഞെടുപ്പിൽ യുഡിഎഫിന് കരുത്തുപകരുമെന്നും മുരളീധരൻ പറഞ്ഞു.
സ്ഥാനാർത്ഥി പ്രഖ്യാപനം ഉചിതമായ സമയത്തുണ്ടാകും എന്നായിരുന്നു വടകര എംപി ഷാഫി പറമ്പിലിന്റെ പ്രതികരണം. കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്ന തിരഞ്ഞെടുപ്പാണ് വരാൻ പോകുന്നത്. യുഡിഎഫിന് ഇത് നേട്ടമാകും. ഈ തിരഞ്ഞെടുപ്പ് ആഗ്രഹിച്ചത് യുഡിഎഫ് മാത്രമാണ്. തെരഞ്ഞെടുപ്പ് ആഗ്രഹിച്ചത് യുഡിഎഫ് മാത്രം ഇടതുപക്ഷവും ബിജെപിയും ആഗ്രഹിച്ചിരുന്നില്ല. ദേശീയ പാതയടക്കം ദേശീയ പാതയടക്കം തിഅഞ്ഞെടുപ്പ് വിഷയമാകുമെന്നും അവകാശങ്ങൾ പറയുമ്പോൾ താഴ്ത്തിക്കെട്ടാൻ ശ്രമിച്ചവരെ ജനം തിരിച്ചറിയുമെന്നും എംപി പറഞ്ഞു.
ജൂൺ 19 നാണ് നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് നടക്കുക. ജൂൺ 23 നാണ് വോട്ടെണ്ണൽ. പി വി അൻവർ രാജി വെച്ചതിനെ തുടർന്ന് വന്ന ഒഴിവിലേയ്ക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. നിലമ്പൂർ ഉൾപ്പെടെ രാജ്യത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ജൂൺ 19ന് ഉപതിരഞ്ഞെടുപ്പ് നടക്കും. ഗസറ്റ് വിജ്ഞാപനം ഈ മാസം 26ന് ഉണ്ടാകും. ജൂൺ രണ്ടിനാണ് നോമിനേഷൻ സമർപ്പിക്കേണ്ട അവസാന തിയതി. നോമിനേഷൻ പിൻവലിക്കാനുള്ള അവസാന തീയതി ജൂൺ അഞ്ചാണ്.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഉടൻ നടത്തണമെന്നാവശ്യപ്പെട്ട് മുൻ എംഎൽഎ പി വി അൻവർ നേരത്തെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയിരുന്നു. ഉപതിരഞ്ഞെടുപ്പ് എത്രയും വേഗത്തിൽ നടത്തണമെന്ന് ആവശ്യമുന്നയിച്ചായിരുന്നു അൻവറിൻ്റെ കത്ത്. ഇനിയും വൈകിയാൽ നിയമ നടപടിയുമായി ഹൈക്കോടതിയെ സമീപിക്കുമെന്നും പി വി അൻവർ കത്തിൽ വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ മുന്നൊരുക്കം ഏകോപിപ്പിക്കാനുള്ള ചുമതല നേരത്തെ എ പി അനിൽകുമാറിന് നൽകിയിരുന്നു. നിലമ്പൂർ മണ്ഡലത്തിൽ സിപിഐഎമ്മിൻ്റെ പ്രവർത്തനങ്ങളുടെ ചുമതല എം സ്വരാജിനാണ് നൽകിയിട്ടുള്ളത്.
പി വി അൻവർ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഇടതുമുന്നണിയെ സംബന്ധിച്ച് നിർണ്ണായകമാണ്. കോൺഗ്രസ് മത്സരിച്ചു വരുന്ന നിലമ്പൂരിൽ ഇത്തവണ സ്ഥാനാർത്ഥി ആരായിരിക്കണം എന്നത് സംബന്ധിച്ച് കോൺഗ്രസിൽ ആശയക്കുഴപ്പമുള്ളതായി വാർത്തകളുണ്ടായിരുന്നു. ഡിസിസി പ്രസിഡൻ്റ് വി എസ് ജോയ്, ആര്യാടൻ ഷൗക്കത്ത് എന്നിവരുടെ പേരുകൾക്കാണ് മുൻതൂക്കം. കോൺഗ്രസ് നേതൃത്വത്തിലെ വലിയൊരു വിഭാഗവും പി വി അൻവറും വി എസ് ജോയ് സ്ഥാനാർത്ഥിയാകണമെന്ന നിലപാടിലാണ്. സ്ഥാനാർത്ഥിത്വം നിഷേധിച്ചാൽ ഇടതുസ്വതന്ത്രനാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും കോൺഗ്രസ് എന്ത് തീരുമാനം എടുത്താലും അത് അംഗീകരിക്കുമെന്ന് ആര്യാടൻ ഷൗക്കത്ത് വ്യക്തമാക്കിയിരുന്നു.
സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡൻറും മുൻ ഇന്ത്യൻ ഫുട്ബോൾ താരവുമായ യു ഷറഫലി, പ്രൊഫ. തോമസ് മാത്യു തുടങ്ങിയ സ്വതന്ത്രരുടെ പേരുകൾ സിപിഐഎം പരിഗണിക്കുന്നു എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. സിപിഐഎം പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ തീരുമാനിച്ചാൽ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് പി ഷബീറിനെയോ ജില്ലാ പഞ്ചായത്തംഗം ഷെറോണ റോയിയെയോ മത്സരിപ്പിച്ചേക്കുമെന്നാണ് സൂചന. മലപ്പുറം ജില്ലാ സെക്രട്ടറിയറ്റംഗം വി എം ഷൗക്കത്തിനെ തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയായി സിപിഐഎം ചുമതലപ്പെടുത്തിയിരുന്നു. ഓരോ ബൂത്തിലും ഓരോ സിപിഐഎം ഏരിയ കമ്മിറ്റി അംഗത്തിന് ചുമതല നൽകുന്ന നിലയിലുള്ള പ്രവർത്തനം സിപിഐഎം ഇതിനകം ആസൂത്രണം ചെയ്തിട്ടുണ്ട്. 10 ബൂത്തുകളടങ്ങുന്ന ക്ലസ്റ്ററുകൾ തിരിച്ച് ഈ ക്ലസ്റ്ററുകളുടെ ചുമതല ജില്ലാ കമ്മിറ്റിയംഗത്തിന് നൽകാനും സിപിഐഎം തീരുമാനിച്ചിരുന്നു. മണ്ഡലത്തിൽ പ്രവർത്തിക്കേണ്ട സ്ക്വാഡുകളെയും സിപിഐഎം തീരുമാനിച്ചിരുന്നു.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ നിർത്തുന്നതിൽ ബിജെപിയിൽ ആശയക്കുഴപ്പമുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. മത്സരിക്കേണ്ടെന്ന നിലപാട് ഒരു വിഭാഗം നേതാക്കൾ മുന്നോട്ടുവെച്ചതോടെയാണ് ആശയക്കുഴപ്പം രൂപപ്പെട്ടത്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് രാഷ്ട്രീയ പ്രസക്തിയില്ല. അതിനാൽ സമയവും അധ്വാനവും സാമ്പത്തികവും നഷ്ടമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം നേതാക്കൾ സ്ഥാനാർത്ഥിയെ നിർത്തുന്നതിനെ എതിർക്കുന്നത്. നിലമ്പൂർ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് പകരം പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇപ്പോൾ ബിജെപി നേതൃത്വത്തിന്റെ ആലോചന. പുതുതായെത്തിയ സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ ആദ്യ ദൗത്യമായി നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനെ കാണേണ്ടതില്ലെന്നാണ് ബിജെപി തീരുമാനം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 8595 വോട്ടാണ് ബിജെപിക്ക് നേടാനായത്. 2016ൽ മണ്ഡലത്തിൽ ബിഡിജെഎസ് സ്ഥാനാർത്ഥി മത്സരിച്ചപ്പോൾ 12,284 വോട്ട് നേടാൻ കഴിഞ്ഞിരുന്നു. 2021ൽ ബിജെപി മത്സരിച്ചപ്പോൾ ഇവിടെ വോട്ട് കുറയുകയാണ് ചെയ്തത്.
Content Highlights: K Muraleedharan confident of winning at Nilambur By Election with PV Anvar