'താങ്കളില്ലായിരുന്നെങ്കിൽ പലതും അസാധ്യമായേനെ'; അന്തരിച്ച സ്റ്റണ്ട് മാൻ രാജുവിനെ അനുസ്മരിച്ച് പൃഥ്വിരാജ്

സാഹസികമായ കാര്‍ സ്റ്റണ്ട് ചിത്രീകരണത്തിനിടെയാണ് അപകടം ഉണ്ടായത്

dot image

പാ രഞ്ജിത്ത് സിനിമയുടെ സെറ്റിൽ കാർ അപകടത്തിൽപ്പെട്ട് മരിച്ച സ്റ്റണ്ട് ആർട്ടിസ്റ്റ് രാജുവിന്റെ വിയോഗത്തിൽ അനുശോചിച്ച് നടൻ പൃഥ്വിരാജ് സുകുമാരൻ. നിങ്ങളുടെ കഴിവും ധൈര്യവും ഇല്ലായിരുന്നെങ്കിൽ പല സിനിമകളിലെയും മികച്ച രംഗങ്ങള്‍ ചിത്രീകരിക്കാന്‍ പോലും സാധിക്കില്ലായിരുന്നു എന്ന് നടൻ സോഷ്യൽ മീഡിയയിലൂടെ കുറിച്ചു.

പാ രഞ്ജിത്ത്-ആര്യ ചിത്രമായ വേട്ടുവത്തിന്റെ ചിത്രീകരണത്തിനിടെയാണ് രാജുവിന്റെ ജീവനെടുത്ത അപകടമുണ്ടായത്. സാഹസികമായ കാര്‍ സ്റ്റണ്ട് ചിത്രീകരണമാണ് അപകടത്തില്‍ കലാശിച്ചത്. എസ്‌യുവി അതിവേഗത്തില്‍ ഓടിച്ചുവന്ന് റാമ്പില്‍ കയറ്റി പറപ്പിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം അപകടത്തില്‍ പെടുകയായിരുന്നു. വായുവില്‍ ഒരുതവണ മലക്കം മറിഞ്ഞ വാഹനം ഇടിച്ചുകുത്തി നിലംപതിക്കുകയായിരുന്നു.

അപകടത്തിന് പിന്നാലെ ക്രൂ അംഗങ്ങള്‍ ഓടിയെത്തി കാറില്‍ നിന്ന് രാജുവിനെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തിന്റെ നടുക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. രാജുവിന്റെ വിയോഗം ഉള്‍ക്കൊള്ളാനാകില്ലെന്ന് തമിഴ് നടന്‍ വിശാല്‍ പറഞ്ഞു. കുടുംബത്തിന് ഈ വേദന താങ്ങാനുള്ള കരുത്ത് ദൈവം നല്‍കട്ടെയെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.

Content Highlights: Prithviraj pays tribute to stuntman Raju who passed away during a stunt scene shoot

dot image
To advertise here,contact us
dot image