
ആലപ്പുഴ: 'പാദപൂജ വിവാദ'ത്തില്‍ ആലപ്പുഴ ബിജെപി ജില്ലാ സെക്രട്ടറിയായ പഞ്ചായത്ത് അംഗത്തിനെതിരെ ഡിവൈഎഫ്ഐ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. നൂറനാട് വിവേകാനന്ദ സ്‌കൂളില്‍ പാദപൂജ നടത്തിയ അഡ്വ. കെ കെ അനൂപിനെതിരെയാണ് പരാതി. അനൂപിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ് പരാതി നല്‍കിയത്.
ഡിവൈഎഫ്‌ഐ ചാരുംമൂട് ബ്ലോക്ക് കമ്മിറ്റിയാണ് പരാതി നല്‍കിയത്. ഹിന്ദുത്വ അജണ്ടകള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. പഞ്ചായത്ത് അംഗത്തിന്റെ നടപടി ഭരണഘടനാ മൂല്യങ്ങളെ തകര്‍ക്കുന്നതാണെന്നും പരാതിയില്‍ പറയുന്നു. ഗുരുപൂര്‍ണിമ ചടങ്ങുകളുടെ ഭാഗമായി മാവേലിക്കര വിവേകാനന്ദ വിദ്യാപീഠം സ്‌കൂളിലായിരുന്നു സംഭവം.
ചടങ്ങില്‍ സ്‌കൂളിലെ അധ്യാപകരുടെയും വിരമിച്ച അധ്യാപകരുടെയും 'പാദപൂജ'യാണ് നടന്നത്. എന്നാല്‍ അനൂപ് സ്‌കൂളിലെ അധ്യാപകനല്ല. അനധ്യാപകനായ അനൂപ് മാനേജ്‌മെന്റ് പ്രതിനിധി എന്ന പേരിലാണ് ചടങ്ങില്‍ പങ്കെടുത്തത്. അതേസമയം കുട്ടികള്‍ ബഹുമാനം കൊണ്ട് ചെയ്യുന്നതാണെന്നും അതിനെ 'പാദ പൂജ' എന്ന് വിളിക്കരുതെന്നുമായിരുന്നു അനൂപിന്റെ പ്രതികരണം.
അധ്യാപകന്‍ അല്ലെങ്കിലും താന്‍ ഇടയ്ക്ക് ക്ലാസ്സെടുക്കാന്‍ പോകാറുണ്ടെന്നും അതുകൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ തന്നെ ബഹുമാനിച്ചത് എന്നും അനൂപ് പറഞ്ഞു. മാവേലിക്കയിലെ വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂളിലും വിദ്യാര്‍ത്ഥികളെക്കൊണ്ട് അധ്യാപകരുടെ പാദ പൂജ നടത്തിയിരുന്നു. സ്‌കൂളിലെ 101 അധ്യാപകരുടെ പാദ പൂജയാണ് നടന്നത്. സമാനമായ സംഭവം കാസര്‍കോട് ബന്തടുക്കയിലും ഉണ്ടായിരുന്നു.
Content Highlights: Alappuzha washing feet incident DYFI complaint against BJP Panchayat member