
കൊല്ലം: സിപിഐഎം പ്രവർത്തകരുടെ ഭീഷണി കാരണം ജോലി ചെയ്യാൻ കഴിയുന്നില്ലെന്ന് വില്ലേജ് ഓഫീസറുടെ പരാതി. നെടുമ്പന വില്ലേജ് ഓഫീസർ ആണ് കളക്ടർക്കും പൊലീസിനും പരാതി നൽകിയത്. സർക്കാർ ഭൂമി കയ്യേറി പരസ്യ ബോർഡ് സ്ഥാപിക്കാൻ ശ്രമിച്ചത് തടഞ്ഞതാണ് സിപിഐഎം നേതാക്കൾക്ക് തന്നോടുള്ള വിരോധത്തിന് കാരണമെന്നാണ് വില്ലേജ് ഓഫീസറുടെ പരാതി.
നെടുമ്പന പഞ്ചായത്തിലെ പുറമ്പോക്ക് ഭൂമിയിൽ ചിലർ ബോർഡ് സ്ഥാപിച്ചിരുന്നു. പഞ്ചായത്തിലെ മെമ്പർമാരോട് ചോദിച്ചിട്ടും ആരാണ് ഇത് ചെയ്തതെന്ന് വില്ലജ് ഓഫീസർക്ക് കൃത്യമായ ഉത്തരം കിട്ടിയിരുന്നില്ല. തുടർന്ന് ഈ വിഷയത്തിൽ ഇടപെട്ടപ്പോഴാണ് സിപിഐഎം പ്രവർത്തകരുടെ ഭീഷണിയുണ്ടായതെന്ന് വില്ലേജ് ഓഫീസർ റിപ്പോർട്ടറിനോട് പറഞ്ഞു. സജീവ്, അൻസർ, വേണു തുടങ്ങിയ സിപിഐഎം പ്രവർത്തകരാണ് ഇതെല്ലാം ചെയ്‌തത് എന്നും വില്ലേജ് ഓഫീസർ പറഞ്ഞു.
ജ്വല്ലറിക്കാരുടെ പരസ്യ ബോർഡായിരുന്നു ഇവർ സ്ഥാപിച്ചത് എന്നും അദ്ദേഹം പറഞ്ഞു നടപടിയെടുത്തതോടെയും പരസ്യം സ്ഥാപിക്കാനുള്ള നീക്കം ഇല്ലാതെയായതോടെയും തന്നെ എങ്ങനെയെങ്കിലും ഉപദ്രവിക്കണം എന്നായി അവരുടെ നീക്കം. തനിക്കെതിരെ ഇവർ മുഖ്യമന്ത്രിക്കും പരാതി നൽകി. പക്ഷെ അന്വേഷണത്തിൽ താൻ കുറ്റം ചെയ്തിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് തനിക്കെതിരെ വീണ്ടും പ്രവർത്തകർ രംഗത്തുവന്നുവെന്നും വില്ലജ് ഓഫീസർ പറയുന്നു.
കൈകൂലിക്കാരൻ, അഴിമതിക്കാരനും എന്നൊക്കെയുള്ള ആക്ഷേപങ്ങളും ഇപ്പോൾ ഈ വില്ലേജ് ഓഫീസർക്കെതിരെ പ്രചരിക്കപ്പെടുകയാണെന്നും ആക്ഷേപമുണ്ട്.
Content Highlights: Village officer accuses cpim leaders of over threatening him