
കൊച്ചി: തിരുവാങ്കുളത്തു നിന്നും കാണാതായ മൂന്നുവയസുകാരിയുടെ മൃതദേഹം ലഭിച്ചതിനു പിന്നാലെ പ്രതികരണവുമായി കുട്ടിയുടെ അമ്മയുടെ ബന്ധു. കുട്ടിയുടെ മരണത്തില്‍ അന്വേഷണം വേണമെന്ന് ബന്ധു ആവശ്യപ്പെട്ടു. യുവതിയും ഭര്‍ത്താവും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും ഇന്നലെ പൊലീസ് ജീപ്പിലിരുന്നും കുഞ്ഞിനെ കൊലപ്പെടുത്തുന്ന അവസ്ഥയിലേക്ക് തന്നെ എത്തിച്ചുവെന്നാണ് യുവതി പറഞ്ഞതെന്നും ബന്ധു പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു ബന്ധുവിൻ്റെ പ്രതികരണം.
'ഇന്ന് പൊലീസ് ജീപ്പില്‍വെച്ചും അവര്‍ പറഞ്ഞിരുന്നു ജീവിതം അവസാനിപ്പിക്കുകയാണ് ലക്ഷ്യമെന്ന്. അവള്‍ ഭര്‍ത്താവിനോട് പറഞ്ഞത് കുട്ടിയെ കൊലപ്പെടുത്തുന്ന തരത്തിലേക്ക് നിങ്ങളുടെ പ്രവര്‍ത്തനം പോയി ഇനി എന്നെയും കൂടെ കൊലപ്പെടുത്താനാണോ നിങ്ങള്‍ ഇവിടെ വന്ന് ബഹളമുണ്ടാക്കുന്നത് എന്നാണ്. ഭര്‍ത്താവിന്റെ വീട്ടുകാര്‍ യുവതിയോട് മോശമായാണ് പെരുമാറിയിരുന്നത്. കയ്യേറ്റ ശ്രമം വരെയുണ്ടായിട്ടുണ്ട്. യുവതി കുഞ്ഞിനെയും കൊണ്ട് അടുത്തിടെ ഒരാഴ്ച്ചയോളം വീട്ടില്‍ വന്ന് താമസിച്ചിരുന്നു. അവിടെ പ്രശ്‌നങ്ങളുണ്ടെന്ന് പറയുന്നുണ്ടായിരുന്നു. പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. യുവതിയുടെ മാതാവും ഭര്‍തൃകുടുംബത്തില്‍ നിന്ന് നല്ല അനുഭവമല്ല ഉണ്ടായതെന്ന് പറഞ്ഞിരുന്നു. സംഭവത്തില്‍ അന്വേഷണം വേണം'-എന്നാണ് ബന്ധു പറഞ്ഞത്.
പുലർച്ചെ രണ്ടരയോടെയാണ് മൂന്നു വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. മൂഴിക്കുളം പാലത്തിനടുത്ത് പുഴയിൽ നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ ജീവനറ്റ ശരീരം കണ്ടെത്തിയത്. മൂന്നരമണിക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടിയെ പുഴയിൽ നിന്ന് കണ്ടെത്തിയത്.കുട്ടിയുടെ ശരീരം പുഴയ്ക്ക് അടിയിലെ തടിയിൽ കുടുങ്ങിയ നിലയിലായിരുന്നു. പാലത്തിൽ നിന്നും എറിഞ്ഞ അതേ സ്ഥലത്ത് നിന്ന് തന്നെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കല്യാണിയുടെ മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്. നാളെയാണ് പോസ്റ്റ്‌മോര്‍ട്ടം നടക്കുക. പൊലീസ് കസ്റ്റഡിയിലുള്ള അമ്മയുടെ പേരിൽ ചെങ്ങമനാട് പൊലീസ് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.
Content Highlights: Relative demand investigation in 3 year old death in thiruvankulam