ഇ-വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള നിരക്ക് വീണ്ടും ഉയ‍ർത്തി; വൈകുന്നേരം നാലുമണിക്ക് ശേഷം മറ്റൊരുനിരക്ക്

കെഎസ്ഇബിയുടെ കീഴിലുള്ള 63 ചാർജിങ് സ്റ്റേഷനുകൾക്കാണ് ഇത് ബാധകമായി വരിക

dot image

തിരുവനന്തപുരം: ഇനി മുതൽ വൈകുന്നേരം നാല് മണിക്ക് ശേഷം ഇ-വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള നിരക്ക് കുത്തനെകൂട്ടി കെഎസ്ഇബി. കെഎസ്ഇബിയുടെ കീഴിലുള്ള 63 ചാർജിങ് സ്റ്റേഷനുകൾക്കാണ് ഇത് ബാധകമായി വരിക. രാത്രിയിൽ ചാർജിങ്ങിന് വൈദ്യുതിയുപയോഗിക്കുന്നത് കുറയ്ക്കാനും പകൽ ലഭ്യമാകുന്ന സൗരോർജം പരമാവധി പ്രയോജനപ്പെടുത്താനുമാണ് ഈ നടപടി.

കേന്ദ്രസർക്കാരിന്റെ മാർഗനിർദേശപ്രകാരമുള്ള ‌സർവീസ് ചാർജുകൂടി ഈടാക്കാൻതീരുമാനിച്ചതോടെ, പല സ്വകാര്യ ചാർജിങ് സ്റ്റേഷനുകളേക്കാൾ കൂടുതൽ തുകയാണ് ഇവിടങ്ങളിൽ നൽകേണ്ടിവരുന്നത്. സ്വകാര്യ ചാർജിങ് സ്റ്റേഷനുകൾക്ക് ഇപ്പോൾ ഏകീകരിച്ചനിരക്കില്ല.

ഇതുവരെ പകലും രാത്രിയും കെഎസ്ഇബി സ്റ്റേഷനുകളിൽ നിരക്ക് തുല്യമായിരുന്നു. കേന്ദ്ര ഊർജമന്ത്രാലയം സർവീസ് ചാർജ് ഏകീകരിക്കുകയും വിവിധവിഭാഗങ്ങളിൽ പരമാവധി പരിധിനിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. യൂണിറ്റിന് മൂന്നുമുതൽ 13 വരെയാണ് പരമാവധി സർവീസ് ചാർജ്. സ്വകാര്യസ്റ്റേഷനുകൾ ഇതിൽ ഇളവുനൽകി മത്സരാധിഷ്ടിതമായി പ്രവർത്തിക്കുമ്പോൾ പരമാവധി ചാർജുതന്നെ ഈടാക്കാനാണ് കെഎസ്ഇബി തീരുമാനം. രാവിലെ ഒൻപതുമുതൽ വൈകുന്നേരം നാലുവരെയുള്ള സൗരോർജമണിക്കൂറുകളിൽ നിരക്ക് 30 ശതമാനം കുറയ്ക്കാനും വൈകുന്നേരം നാലുമുതൽ രാവിലെ ഒൻപതുവരെ 30 ശതമാനം കൂട്ടാനും വൈദ്യുതി റെഗുലേറ്ററി കമ്മ‌ിഷൻ അനുവാദംനൽകിയിരുന്നു.

പുതിയനിരക്ക്

രാവിലെ ഒൻപതുമുതൽ വൈകുന്നേരം നാലുവരെ

എസി സ്ലോ ചാർജിങ്-10.03 രൂപ

ഡിസി ഫാസ്റ്റ് ചാർജിങ്-19.47 രൂപ

വൈകുന്നേരം നാലുമുതൽ രാവിലെ ഒൻപതുവരെ

എസി സ്ലോ-16.79

ഡിസി ഫാസ്റ്റ്-27.41 രൂപ

Content Highlights:Charging rates for e-vehicles have been increased again

dot image
To advertise here,contact us
dot image